തീവണ്ടി യാത്രക്കാരുടെ ദുരിതം പരിഹരിക്കാൻ സംസ്ഥാന സർക്കാർ റെയിൽവേയിൽ സമ്മർദ്ദം ചെലുത്തണം – സി ഐ ആർ യു എ

0

കോഴിക്കോട് : തീവണ്ടി യാത്രക്കാരുടെ ദുരിതം അനുദിനം പെരുകുന്ന സാഹചര്യത്തിൽ പരിഹരിക്കാൻ സംസ്ഥാന സർക്കാർ ബന്ധപ്പെട്ടവരുടെ അടിയന്തര യോഗം വിളിച്ചു ചേർക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ വർക്കിംഗ് ചെയർമാൻ ഷവലിയാർ സിഇ ചാക്കുണ്ണി, കേരള റീജിയൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ അയ്യപ്പൻ എന്നിവർ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോടും, റെയിൽവേ ചുമതല വഹിക്കുന്ന കായിക മന്ത്രിയോടും അഭ്യർത്ഥിച്ചു.
മലബാർ, മാവേലി എക്സ്പ്രസ് ഉൾപ്പെടെ കേരളത്തിലോടുന്ന ഏറ്റവും തിരക്കുള്ള എട്ട് ട്രെയിനുകളുടെ സ്വീപ്പർ കോച്ചുകൾ രണ്ടു വീതം സെപ്റ്റംബർ 11 മുതൽ വെട്ടിക്കുറക്കുന്ന തീരുമാനം പിൻവലിക്കാൻ കേന്ദ്രസർക്കാരിലും റെയിൽവേ മന്ത്രാലയത്തിലും റെയിൽവേ ബോർഡിലും സമ്മർദ്ദം ചെലുത്തണമെന്ന് അവർ ആവശ്യപ്പെട്ടു. നിലവിൽ സ്ലീപ്പർ, ജനറൽ കമ്പാർട്ട്മെന്റുകൾ നിലനിർത്തി കൊണ്ടാണ് എസി കമ്പാർട്ട്മെന്റുകൾ വർധിപ്പിക്കേണ്ടത്. സാധാരണക്കാരായ ഹ്രസ്വ-ദൂര യാത്രക്കാരെയും, സീസൺ ടിക്കറ്റ് കാരെയും ഇത് ഒരുപോലെ യാത്ര ദുരിതത്തിൽ ആക്കും.
പാലക്കാട്, തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർമാർ, ജനപ്രതിനിധികൾ, രജിസ്റ്റേഡ് യാത്ര സംഘടന ഭാരവാഹികൾ എന്നിവരെ വിളിച്ചുചേർത്ത് ചർച്ചചെയ്ത് ഏകോപിച്ച് ആവശ്യങ്ങൾ ഉന്നയിക്കണം.
കേരളത്തോട് പൊതുവെയും മലബാറിനോട് പ്രത്യേകിച്ചും റെയിൽവേയുടെ അവഗണന അവസാനിപ്പിക്കുന്നതിനും റെയിൽവേ യാത്രക്കാരുടെ അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനും കേന്ദ്ര റെയിൽവേ മന്ത്രാലയത്തിലും, ബോർഡിലും, ഡൽഹിയിലെ കേരള സർക്കാർ പ്രതിനിധികളായ മുൻ കേന്ദ്രമന്ത്രി കെ വി തോമസ്, കേരള സർക്കാർ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി വേണു രാജാമണി എന്നിവർ കേരളത്തിലെ എംപിമാരുടെ സഹകരണത്തോടെ റെയിൽവേയിൽ സമ്മർദ്ദം ചെലുത്തി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു.
ഈ ആവശ്യം കോൺഫെഡറേഷൻ കേരള റീജിയൻ മുൻപ് പലതവണ കേരള സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടും നാളിതുവരെ ബന്ധപ്പെട്ടവരുടെ സംയുക്ത യോഗം വിളിച്ചു ചേർത്ത് ട്രെയിൻ യാത്രക്കാരുടെ ആവശ്യങ്ങൾ ചർച്ച ചെയ്തു മുൻഗണന ക്രമത്തിൽ തയ്യാറാക്കി കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്താത്തത് ഖേദകരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.
കോവിഡ് കാലത്തെ വർധിപ്പിച്ച നിരക്കുകൾ ഇപ്പോഴും റെയിൽവേ തുടരുന്നു. മുതിർന്ന പൗരന്മാർക്കുള്ള ആനുകൂല്യങ്ങളും പുനസ്ഥാപിച്ചിട്ടില്ല.
യാത്രക്കാരുടെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കാൻ റെയിൽവേയിൽ സമ്മർദ്ദം ചെലുത്താൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും അവർ അഭ്യർത്ഥിച്ചു.

ഷെവലിയാർ സിഇ ചാക്കുണ്ണി
9847412000
കോഴിക്കോട്
17-06-2023

You might also like

Leave A Reply

Your email address will not be published.