പ്രസ് ക്ലബ്ബിനും നാനക്കും പ്രേം നസീർ പുരസ്ക്കാരം : വിജയകുമാരി ഒ.മാധവന് ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം
കൊല്ലം: നിത്യഹരിത നായകൻ പ്രേം നസീറിന്റെ 97-ാം ജൻമദിനം നിത്യ ഹരിതം ’97എന്ന പേരിൽ കൊല്ലത്ത് സംഘടിപ്പിക്കുന്നു. പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന കമ്മിറ്റി വിവിധ ജില്ലകളിലായി ഒരുക്കുന്ന ഒരു വർഷത്തെ ആഘോഷ പരിപാടികൾക്കാണ് സമിതി കൊല്ലം ചാപ്റ്ററുമായി സഹകരിച്ച് ജൂൺ 28 ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കൊല്ലം പ്രസ് ക്ലബ്ബിൽ ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷയും പ്രസിഡണ്ട് പനച്ചമൂട് ഷാജഹാനും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊല്ലം ചാപ്റ്റർ പ്രസിഡണ്ട് അഡ്വ. അബ്ദുൾ ബാരി, സെക്രട്ടറി കൊല്ലം സിറാജ് എന്നിവരും പങ്കെടുത്തു. കൊല്ലം പ്രസ് ക്ലബ്ബ് ( മികച്ച പ്രസ് ക്ലബ്ബ്), നാന ( മികച്ച സിനിമാ പ്രസിദ്ധീകരണം), വിജയകുമാരി ഒ.മാധവൻ (ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരം), കടപ്പാക്കട സ്പോർട്സ് ക്ലബ്ബ് ( മികച്ച സാംസ്ക്കാരിക കലാകേന്ദ്രം), ഡോ. വസന്തകുമാർ സാംബശിവൻ ( കഥാപ്രസംഗ ശ്രേഷ്ഠ), പ്രൊഫ. ലതിക (സംഗീതശ്രേഷ്ഠ), സന്ധ്യാ രാജേന്ദ്രൻ (നാടകകലാ ശ്രേഷ്ഠ), ആരോമൽ , പ്രദീപ് വാസുദേവ് (നവാഗത പ്രതിഭകൾ), മുഹമ്മദ് ആഷിക്ക് (ബിസിനസ് എക്സലൻസ്), സതീഷ്കുമാർ ( ടൂറിസം പ്രമോട്ടർ), അജു കെ. മധു (സാമൂഹ്യ സേവനം), പ്രിൻസ് ആൽബർട്ട് (ഫിലിം പി.ആർ. ഒ) എന്നിവർക്ക് ചടങ്ങിൽ വെച്ച് പ്രേം നസീർ പുരസ്ക്കാരങ്ങൾ സമർപ്പിക്കും. കൂടാതെ എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികളെയും കൊല്ലം ജില്ലാ ആശുപത്രി സ്റ്റാഫ്നേഴ്സ് ഗീതയെയും അനുമോദിക്കും. മുകേഷ് എം.എൽ.എ. ഉൽഘാടനവും പുരസ്ക്കാരങ്ങളും സമർപ്പിക്കും. മേയർ പ്രസന്ന ഏണസ്റ്റ് ചലച്ചിത്ര ശ്രേഷ്ഠ പുരസ്ക്കാരവും അനുമോദന ഉപഹാരങ്ങളും ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ പ്രശസ്തി പത്രങ്ങളും സമർപ്പിക്കും. തുടർന്ന് സംഗീതവിരുന്നും ഉണ്ടാകും.
