പ്രൈഡ് ഓഫ് ഇന്ത്യാ അവാര്‍ഡ് ജേതാവ് ഡോ.സിമി പോളിന് ഖത്തര്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ആദരം

0

ദോഹ. ഖത്തറില്‍ ഡെസേര്‍ട്ട് ഫാമിംഗിലും ഹോം ഗാര്‍ഡനിംഗിലും നടത്തിവരുന്ന മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്
ഗ്ളോബല്‍ ഹ്യൂമണ്‍ പീസ് യൂണിവേര്‍സിറ്റിയുടെ പ്രൈഡ് ഓഫ് ഇന്ത്യാ അവാര്‍ഡ് ജേതാവ് ഡോ.സിമി പോളിന് ഖത്തര്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ആദരം. ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഖത്തറിലെ ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലാണ് ഡോ.സിമി പോളിനെ ആദരിച്ചത്. ഈ വര്‍ഷത്തെ പുകയില വിരുദ്ധ ദിന പ്രമേയം കാര്‍ഷിക രംഗവുമായും ഭക്ഷ്യവിളകളുമായും ബന്ധപ്പെട്ടതാണ്. ഈ രംഗത്തെ ഡോ. സിമി പോളിന്റെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.

ഉപഭോഗ സംസ്‌കാരത്തിന്റെ ഭാഗമായി കാര്‍ഷിക രംഗത്ത് വ്യക്തിതലത്തില്‍ ശ്രദ്ധയും പരിചരണവും കുറഞ്ഞുവരുന്ന ഒരു കാലത്ത് മരുഭമിയെ മരുപ്പച്ചയാക്കുന്ന സിമിയുടെ ശ്രമങ്ങള്‍ ശ്ളാഘനീയമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഊഷ്മളമായ ഇന്തോ ഖത്തര്‍ ബന്ധത്തിന് കരുത്ത് പകരുന്ന ശ്രമങ്ങളാണ് സിമിയുടെ ഗാര്‍ഹിക തോട്ടം. ഖത്തറിന്റെ മരുഭൂമിയില്‍ ഇന്ത്യന്‍ ചെടികളും പൂക്കളും വിളയുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധമാണ് കൂടുതല്‍ പരിമള പൂരിതമാകുന്നത്.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടോളമായി ഖത്തറില്‍ സിമി പോളിന്റെ ഗാര്‍ഹിക കൃഷി ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. കാഫ്കോ ഫ്ളവര്‍ ആന്റ് വെജിറ്റബിള്‍ ഷോകളിലടക്കം നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സിമിയുടെ ഹോം ഗാര്‍ഡന്‍ വിവിധ ദേശക്കാരും ഭാഷക്കാരുമായ നിരവധി പേരാണ് സന്ദര്‍ശിക്കാറുള്ളത്.

എറണാകുളം കടവന്തറയി പി.സി. ജോസഫ്, സെലീന്‍ ദമ്പതികളുടെ മകളായ സിമി പോള്‍ ഖത്തര്‍ എനര്‍ജി ഉദ്യോഗസ്ഥയാണ്. തൃശൂര്‍ എടത്തിരുത്തി സ്വദേശി പോള്‍ ഇട്ടൂപ് വലിയ വീട്ടിലാണ് ഭര്‍ത്താവും കെവിന്‍ പോള്‍, എഡ് വിന്‍ പോള്‍ എന്നിവര്‍ മക്കളുമാണ് . കുടുംബത്തിന്റെ പിന്തുണയോടെ സിമി നടത്തുന്ന പ്രവര്‍ത്തനം രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെടുന്നുവെന്നത് കുടുംബത്തിന് മൊത്തം അഭിമാനകരമായ നേട്ടമാണ്.

ആന്‍ി സ്‌മോക്കിംഗ് സൊസൈറ്റി ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി മെമന്റോ സമ്മാനിച്ചു. ആന്‍ി സ്‌മോക്കിംഗ് സൊസൈറ്റി പ്രസിഡണ്ട് ഡോ. അബ്ദുല്‍ റഷീദ് അധ്യക്ഷത വഹിച്ചു. എഞ്ചിനിയേര്‍സ് ഫോറം പ്രസിഡണ്ട് മിബു ജോസ്,
മുതിര്‍ന്ന കെ.എം.സി.സി നേതാവ് ഡോ. എം.പി. ഷാഫി ഹാജി, ആന്റി സ്‌മോക്കിംഗ് സൊസൈറ്റി സ്ഥാപകനും സി.ഇ.ഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങര എന്നിവര്‍ സംബന്ധിച്ചു.

ഫോട്ടോ. പ്രൈഡ് ഓഫ് ഇന്ത്യാ അവാര്‍ഡ് ജേതാവ് ഡോ.സിമി പോളിന് ഖത്തര്‍ ആന്റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ മെമന്റോ ചെയര്‍മാന്‍ ഡോ. എം.പി. ഹസന്‍ കുഞ്ഞി സമ്മാനിക്കുന്നു

You might also like

Leave A Reply

Your email address will not be published.