ബീച്ചുകളുടെ ശുചിത്വത്തിനായി ‘ബീറ്റ് പ്ലാസ്റ്റിക്’ പദ്ധതിയുമായി കേരളം ശുചീകരണ യജ്ഞം കോവളത്ത് മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു

0

തിരുവനന്തപുരം: സംസ്ഥാനത്തെ ബീച്ചുകളുടെ ശുചിത്വ പരിപാലനത്തിനായി ‘ബീറ്റ് പ്ലാസ്റ്റിക്’ പദ്ധതിയുമായി ടൂറിസം വകുപ്പ്. ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ‘ബീറ്റ് പ്ലാസ്റ്റിക്ക് പൊല്യൂഷന്‍’ എന്ന കാഴ്ചപ്പാടില്‍ കോവളം ബീച്ചില്‍ സംഘടിപ്പിച്ച പരിപാടി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
‘പ്ലാസ്റ്റിക്ക് വര്‍ജ്ജിക്കാം സുന്ദര കേരളത്തിന്‍റെ കാവലാളാകാം’ എന്ന ആശയം മുന്നോട്ടുവയ്ക്കുന്ന പരിപാടി ഉത്തരവാദിത്ത ടൂറിസം മിഷന്‍, തിരുവനന്തപുരം ഡി.ടി.പി.സി, ടൂറിസം ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്.

സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പ്ലാസ്റ്റിക്കിന്‍റെ ഉപയോഗത്തിനെതിരെ വലിയ പ്രചാരണ പരിപാടികളാണ് സര്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2023 ലെ ലോക ടൂറിസം ദിനത്തിന്‍റെ മുദ്രാവാക്യം ‘ടൂറിസവും ഹരിത നിക്ഷേപവും’ എന്നതാണ്. ഒരു പ്രധാന ആഗോള വിനോദസഞ്ചാര കേന്ദ്രമെന്ന നിലയില്‍ കോവളത്തെ ശുചീകരണ യജ്ഞത്തിന് ഏറെ പ്രാധാന്യമുണ്ട്. പ്ലാസ്റ്റിക്കിന് ബദലായി പേപ്പര്‍ ബാഗുകളും തുണിസഞ്ചികളും നിര്‍മ്മിക്കുന്നതിന് ആര്‍ടി മിഷനും മറ്റ് ഏജന്‍സികളും പ്രാദേശിക സമൂഹത്തിന് പരിശീലനം നല്‍കും. ഇത് പ്രദേശവാസികള്‍ക്ക് വരുമാനം നല്‍കും. ടൂറിസം പങ്കാളികളും സംരംഭകരും പ്ലാസ്റ്റിക്ക് പൂര്‍ണമായും ഒഴിവാക്കി, ബദലായി തദ്ദേശീയമായി നിര്‍മ്മിച്ച ഉത്പന്നങ്ങളെ ആശ്രയിച്ച് ലോകത്തിന് മാതൃകയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ടി മിഷന്‍റെ ‘ക്ലീന്‍ കേരള ഇനിഷ്യേറ്റീവ്’ വഴി ‘സ്മാര്‍ട്ടര്‍ ചോയ്സ് ഓഫ് ഗ്രീനര്‍ ടുമാറോ’ കാമ്പയിനു കീഴില്‍ നിര്‍മ്മിച്ച 1000 തുണിസഞ്ചികളുടെ വിതരണോദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു.ആര്‍ടി മിഷന്‍ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ.രൂപേഷ്കുമാര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു.കോവളം ഹവ്വാ ബീച്ചില്‍ നടന്ന ശുചീകരണ പ്രവര്‍ത്തനത്തില്‍ ടൂറിസം പങ്കാളികളും സംരംഭകരും പൊതുജനങ്ങളും പങ്കാളികളായി.

ടൂറിസം ജോയിന്‍റ് ഡയറക്ടര്‍ അഭിലാഷ് ടി.ജി, വാര്‍ഡ് കൗണ്‍സിലര്‍ നിസാം, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി (കെടിഎം) പ്രസിഡന്‍റ് ബേബി മാത്യു, കെ.എച്ച്.ആര്‍.എ സംസ്ഥാന സെക്രട്ടറി വീരഭദ്രന്‍, എസ്.കെ.എച്ച്.എഫ് സെക്രട്ടറി മനോജ് ബാബു, ഡിടിപിസി എക്സിക്യൂട്ടീവ് അംഗം വെങ്ങാനൂര്‍ ബ്രൈറ്റ്, കോവളം ടൂറിസം പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ ടി.എന്‍ സുരേഷ്, വിശ്വനാഥന്‍, വൈ.കെ ഷാജി എന്നിവര്‍ സന്നിഹിതരായിരുന്നു.

You might also like

Leave A Reply

Your email address will not be published.