കോഴിക്കോട്: കരിപ്പൂർ വിമാനത്താവള വികസനത്തിന് ആവശ്യമായ മണ്ണ് നൽകാമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ്. ഡ്രെഡ്ജിങ് നടത്തുന്ന വെള്ളയിൽ, പുതിയാപ്പ എന്നിവിടങ്ങളിൽ നിന്ന് ആവശ്യമായ മണ്ണ് നൽകാൻ കഴിയുമെന്ന് ഹാർബർ എൻജിനീയറിങ് വകുപ്പ് സുപ്രണ്ടിംഗ് എൻജിനീയർ മുഹമ്മദ് അൻസാരി അറിയിച്ചു. കരിപ്പൂർ വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട മണ്ണിൻ്റെ ലഭ്യത കുറവ് പരിഹരിക്കാൻ ഈ നടപടിയിലൂടെ സാധിക്കുമെന്ന് പ്രതീക്ഷ. ഇന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് ഹാർബർ എൻജിനീയറിങ് വകുപ്പ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞദിവസം കോഴിക്കോട് വിമാനത്താവള ഡയറക്ടറുടെ ചേമ്പറിൽ വെച്ച് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അധികാരികളുമായും മലപ്പുറം കലക്ടറേറ്റിൽ ലാൻഡ് അക്വിസിഷൻ – റവന്യൂ വകുപ്പ് അധികൃതരുമായും മലബാർ ഡവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ ചർച്ച നടത്തിയിരുന്നു. റൺവേ വികസനത്തിന് തടസമാകുന്ന പ്രധാന ഘടകങ്ങളിലൊന്ന് മണ്ണിന്റെ ലഭ്യതകുറവാണെന്ന് ചർച്ചയിൽ പരാമർശിക്കപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ കായിക മന്ത്രിയുടെ ഓഫീസുമായി മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഭാരവാഹികൾ ബന്ധപ്പെട്ടു. അവിടെ നിന്നുള്ള നിർദേശത്തെ തുടർന്നാണ് ഹാർബർ എൻജിനീയറിങ് വകുപ്പുമായി ചർച്ച നടത്തിയത്.
ഈ അനുകൂല സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാനസർക്കാരുകൾ യോജിച്ച പദ്ധതികൾ അംഗീകരിച്ച് യുദ്ധകാല അടിസ്ഥാനത്തിൽ റൺവേ വികസനം പൂർത്തീകരിച്ച് മലബാറിലെ വ്യോമയാന യാത്രക്കാരുടെയും കാർഗോ കയറ്റുമതി – ഇറക്കുമതിക്കാരുടെയും ഹജ്ജ് തീർത്ഥാടകരുടെയും ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നും ഇതിനായി
യാത്ര സൗകര്യത്തിന് വലിയ വിമാനം സർവീസ് പുനരാരംഭിക്കുകയും കൂടുതൽ ദേശീയ – അന്തർദേശീയ സർവീസുകൾ ആരംഭിക്കണമെന്നും മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരി ഡോക്ടർ എ. വി. അനൂപ്, പ്രസിഡന്റ് ഷെവ. സി. ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, സെക്രട്ടറി പിഐ അജയൻ എന്നിവർ ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ചു.
പതിനാലര ഏക്കർ ഭൂമിയും, ആവശ്യമായ മണ്ണും ലഭിക്കുന്നതോടെ കരിപ്പൂർ വിമാനത്താവള റൺവേ വികസനം സമയബന്ധിതമായി പൂർത്തീകരിക്കാൻ സാധിക്കും.
ഇപ്പോൾ ഡൽഹിയിലുള്ള മലബാർ ഡെവലപ്മെന്റ് കൗൺസിൽ രക്ഷാധികാരി ഡോ. എ.വി. അനൂപിന്റെ നേതൃത്വത്തിൽ വ്യോയാന മന്ത്രാലയമായും ഡി.ജി.സി.എ. യുമായും ബന്ധപ്പെട്ട് കരിപ്പൂർ വിമാനത്താവളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ നടത്താമെന്ന് കൗൺസിലിനെ അറിയിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ വ്യക്തമാക്കി.
ഷെവലിയാർ സി ഇ ചാക്കുണ്ണി,
9847412000
അഡ്വക്കേറ്റ് എം കെ അയ്യപ്പൻ,
04-07-2023
കോഴിക്കോട്.