കഴിഞ്ഞ പതിറ്റാണ്ടില്‍ അര്‍ബുദ ചികിത്സ രംഗങ്ങളില്‍ രാജ്യം നടത്തിയ മുന്നേറ്റത്തിന്റെയും അന്താരാഷ്ട്ര നിലവാരത്തിലെ ചികിത്സ സംവിധാനങ്ങളുടെയും തുടര്‍ച്ചയായാണ് അതിനൂതന കാൻസര്‍ കെയര്‍ സെന്റര്‍ സ്ഥാപിക്കാൻ ഒരുങ്ങുന്നത്. പുതിയ അള്‍ട്രാ-സ്‌പെഷലൈസ്ഡ് അര്‍ബുദ പരിചരണ കേന്ദ്രം പൗരന്മാര്‍, പ്രവാസികള്‍, വിദേശ രാജ്യങ്ങളില്‍നിന്ന് മെച്ചപ്പെട്ട അര്‍ബുദ ചികിത്സക്കായി ഖത്തറില്‍ എത്തുന്നവര്‍ എന്നിവര്‍ക്ക് പരിചരണം നല്‍കുന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്.ഹമദ് മെഡിക്കല്‍ കോര്‍പറേഷന് കീഴിലുള്ള നിലവിലെ ദേശീയ അര്‍ബുദ പരിചരണ-ഗവേഷണ കേന്ദ്രത്തില്‍ മികച്ച പരിചരണമാണ് അര്‍ബുദ രോഗികള്‍ക്ക് നല്‍കുന്നത്. 2023-26 വര്‍ഷത്തേക്കുള്ള നയങ്ങളിലാണ് പുതിയ അര്‍ബുദ ചികിത്സ കേന്ദ്രം നിര്‍മിക്കുന്നതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. അര്‍ബുദ രോഗികള്‍ക്കുള്ള പരിചരണത്തില്‍ മികവ് നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് പുതിയ കേന്ദ്രം.പ്രോട്ടണ്‍ ബീം തെറപ്പി ഉള്‍പ്പെടെ നൂതന അര്‍ബുദ ചികിത്സ സാങ്കേതിക വിദ്യകളാണ് പുതിയ കേന്ദ്രത്തിലുണ്ടാകുക. രോഗികള്‍, പരിചരിക്കുന്നവര്‍, കുടുംബങ്ങള്‍ എന്നിവര്‍ക്കായി വ്യത്യസ്ത സൗകര്യങ്ങളുമുണ്ടാകും. ലോകോത്തര നിലവാരത്തിലുള്ള ക്ലിനിക്കല്‍ പരിചരണത്തിന് പുറമെ ഗവേഷണ പ്രവര്‍ത്തനങ്ങളും കേന്ദ്രത്തിലുണ്ടാകും. രാജ്യത്തെ അര്‍ബുദ ചികിത്സ സംവിധാനങ്ങളുടെ നിലവാരം ഉയര്‍ത്തുന്നതിനും രോഗികളുടെയും ആരോഗ്യ വിദഗ്ധരുടെയും ആത്മവിശ്വാസം വര്‍ധിപ്പിക്കാനും സമഗ്ര കാൻസര്‍ പരിചരണ കേന്ദ്രത്തിന് കഴിയുമെന്ന് ഹമദ് മെഡിക്കല്‍ കോര്‍പറേഷൻ നാഷനല്‍ സെന്റര്‍ ഫോര്‍ കാൻസര്‍ ആൻഡ് റിസര്‍ച് ചെയര്‍മാൻ ഡോ. മുഹമ്മദ് സലിം അല്‍ ഹസൻ പറഞ്ഞു. ഒരു മാസം മുമ്ബായിരുന്നു ആരോഗ്യ മന്ത്രാലയം 2023-26 ഖത്തര്‍ കാൻസര്‍ പ്ലാൻ അവതരിപ്പിച്ചത്.