ലീപ് അംഗത്വ കാര്‍ഡ് പ്രകാശനവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ആസ്ഥാന മന്ദിര ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നല്കുന്ന ലീപ് അംഗത്വ കാര്‍ഡിന്‍റെ പ്രകാശനവും കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നവീകരിച്ച ആസ്ഥാന മന്ദിര ഉദ്ഘാടനവും ടെക്നോപാര്‍ക്കിലെ തേജസ്വിനിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി ടെക്നോപാര്‍ക്കിലെ ലീപ് കേന്ദ്രം സന്ദര്‍ശിച്ചു.
ചടങ്ങില്‍ ഐ ടി, ഇലക്ട്രോണിക്സ് സെക്രട്ടറി ഡോ. രത്തന്‍ കേല്‍ക്കര്‍ ഐഎഎസ്, കെഎസ് യുഎം സിഇഒ അനൂപ് അംബിക, ടെക്നോപാര്‍ക്ക് സിഇഒ സജീവ് നായര്‍, ദിനേശ് തമ്പി (ടിസിഎസ്, കേരള ഹെഡ് വൈസ് പ്രസിഡന്‍റ്), എസ്ടിപിഐ ഡയറക്ടര്‍ ജനറല്‍ അരവിന്ദ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്റ്റാര്‍ട്ടപ്പ് ഇന്‍കുബേഷന്‍ കേന്ദ്രങ്ങളെ ലീപ് (ലോഞ്ച്, എംപവര്‍, ആക്സിലറേറ്റ്, പ്രോസ്പര്‍) കോ-വര്‍ക്കിംഗ് സ്പേയ്സുകളെന്ന് പുനര്‍നാമകരണം ചെയ്ത് സംസ്ഥാനത്തുടനീളം കേന്ദ്രങ്ങള്‍ തുടങ്ങുന്നതിനാണ് സ്റ്റാര്‍ട്ടപ്പ് മിഷന്‍ പദ്ധതിയിട്ടിരിക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്കാണ് അംഗത്വ കാര്‍ഡ് ലഭ്യമാക്കുക.
ലീപ് അംഗത്വ കാര്‍ഡിലൂടെ എല്ലാ ലീപ് കേന്ദ്രങ്ങളിലേയും സൗകര്യങ്ങള്‍ സബ്സിഡിയോടെ ഉപയോഗിക്കാന്‍ കഴിയും. അംഗത്വ കാര്‍ഡിന് ഒരു വര്‍ഷത്തെ കാലാവധിയാണുള്ളത്. സ്റ്റാര്‍ട്ടപ്പുകള്‍, പ്രൊഫഷണലുകള്‍, ഏയ്ഞ്ചല്‍ നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍ തുടങ്ങിയവര്‍ക്ക് ലീപ് അംഗത്വ കാര്‍ഡ് ലഭിക്കും.
അനുയോജ്യമായ വര്‍ക്ക് സ്റ്റേഷനുകള്‍ മുന്‍കൂട്ടി കണ്ടെത്താനും ഉറപ്പാക്കാനുമുള്ള സൗകര്യം, കെഎസ് യുഎമ്മിന്‍റെ എല്ലാ ഇന്‍കുബേഷന്‍ കേന്ദ്രങ്ങളിലേക്കുമുള്ള പ്രവേശനം, ഹഡില്‍ ഗ്ലോബല്‍ ഉള്‍പ്പെടെയുള്ള കെഎസ് യുഎമ്മിന്‍റെ എല്ലാ പരിപാടികളിലുമുള്ള പങ്കാളിത്തം, പരിപാടികളില്‍ പങ്കെടുക്കുന്നതിന് 25 ശതമാനം സബ്സിഡി, രാജ്യത്തുടനീളമുള്ള ലീപ് കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, ഇന്‍റേണ്‍ഷിപ്പുകള്‍ക്കൊപ്പം ലഭിക്കുന്ന സാങ്കേതിക പരിശീലനം, സ്റ്റാര്‍ട്ടപ്പ് മാച്ച് മേക്കിംഗ് അവസരം, നിക്ഷേപകരുമായി ആശയവിനിമയത്തിനുള്ള അവസരം തുടങ്ങിയവ ലീപ് അംഗത്വ കാര്‍ഡിലൂടെ ലഭിക്കും.
സ്റ്റാര്‍ട്ടപ്പ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും ലീപ് സെന്‍ററുകളില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച രീതിയില്‍ രൂപകല്‍പന ചെയ്ത തൊഴിലിടങ്ങള്‍, അതിവേഗ ഇന്‍റര്‍നെറ്റ്, മീറ്റിംഗ് റൂമുകള്‍ തുടങ്ങി ആധുനിക സൗകര്യങ്ങള്‍ ലീപ്പിലുണ്ടാകും. പ്രൊഫഷണലുകള്‍ക്ക് ദിവസ-മാസ വ്യവസ്ഥയില്‍ ലീപ് കേന്ദ്രങ്ങളിലെ സൗകര്യങ്ങള്‍ ആവശ്യാനുസരണം ഉപയോഗിക്കാം. വര്‍ക്ക് ഫ്രം ഹോം ചെയ്യുന്നവര്‍ക്കും യാത്ര ചെയ്യേണ്ടി വരുന്ന പ്രൊഫഷണലുകള്‍ക്കും ഈ സൗകര്യം ഗുണകരമാകും.
സ്റ്റാര്‍ട്ടപ്പ് സംരംഭകരുടെ വിജയത്തിന് മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം നിക്ഷേപകാന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ലീപ് കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്കും സംരംഭകര്‍ക്കും പിന്തുണ നല്‍കാനുള്ള ശ്രമങ്ങളെ ഇത്തരം കേന്ദ്രങ്ങളിലൂടെ ശക്തിപ്പെടുത്താനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശം നല്‍കല്‍, ബിസിനസ് ഡവലപ്മെന്‍റ് സഹായം, ഫണ്ടിംഗ് അവസരങ്ങളിലേക്കുള്ള പ്രവേശനം തുടങ്ങിയവ ലീപ് കേന്ദ്രങ്ങളിലൂടെ ലഭിക്കും. സംരംഭകര്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കുമുള്ള ഗ്രാന്‍റുകള്‍, വായ്പകള്‍, മാര്‍ക്കറ്റ് ആക്സസ്, മെന്‍റേഴ്സ് കണക്ട്, ഇന്‍വെസ്റ്റര്‍ കണക്ട് തുടങ്ങിയ കെഎസ് യുഎം പദ്ധതികളിലേക്ക് പ്രവേശനം നേടാനുള്ള അവസരവും ഇതിലൂടെ ലഭിക്കും.
രജിസ്ട്രേഷന്: https://leap.startupmission.in/.