അവസാനമായി കാണാൻ നടൻ മമ്മൂട്ടി കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോര്‍ സ്റ്റേഡിയത്തിലെത്തി.അദ്ദേഹത്തോടൊപ്പം മകൻ ദുല്‍ഖര്‍ സല്‍മാനും നടൻ രമേശ് പിഷാരടിയും എത്തിയിരുന്നു. സിദ്ദിഖിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. പുലര്‍ച്ചെ ഒരു മണിയോടെ എറണാകുളം കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ എത്തിച്ച മൃതദേഹം ഒൻപത് മണിയോടെയാണ് പൊതുദര്‍ശനത്തിനായി സ്റ്റേഡിയത്തിലേയ്ക്ക് കൊണ്ടുവന്നത്. സിനിമാ മേഖലയിലെ നിരവധി പേര്‍ അന്ത്യാജ്ഞലി അര്‍പ്പിച്ചു.സംവിധായകരായ കമല്‍, സിബി മലയില്‍ നടന്മാരായ ലാല്‍, ജയറാം, വിനീത്, നിര്‍മാതാവ് സിയാദ് കോക്കര്‍, സുഹൃത്ത് റഹ്മാൻ തുടങ്ങിയവര്‍ ഇൻഡോര്‍ സ്റ്റേഡിയത്തിലെത്തി. കഴിഞ്ഞദിവസം സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, നടൻ ലാല്‍, നിമ്മാതാവ് ആന്റോ ജോസഫ് എന്നിവര്‍ ആശുപത്രിയിലെത്തിയിരുന്നു. ബി ഉണ്ണികൃഷ്ണനാണ് സിദ്ദിഖ് അന്തരിച്ച വിവരം മാദ്ധ്യമങ്ങളെ അറിയിച്ചത്. രാത്രി 9.02ന് അമൃത ആശുപത്രിയിലായിരുന്നു അന്ത്യം. പൊതുദര്‍ശനത്തിനുശേഷം പതിനൊന്നരയോടെ മൃതദേഹം വീണ്ടും പള്ളിക്കരയിലെ വീട്ടില്‍ എത്തിക്കും. വൈകിട്ട് ആറിന് എറണാകുളം സെൻട്രല്‍ ജുമാ മസ്‌ജിദിലാണ് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം.ന്യുമോണിയയെ തുടര്‍ന്ന് ജൂലായ് പത്തിനാണ് സിദ്ദിഖിനെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നാലെ കരള്‍ രോഗവും മൂര്‍ച്ഛിച്ചു. അസുഖം കുറഞ്ഞതിനാല്‍ അഞ്ചു ദിവസം മുമ്ബ് ഐ സി യുവില്‍ നിന്ന് മാറ്റിയിരുന്നു. കരള്‍ മാറ്റിവയ്ക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. മകളുടെ കരള്‍ നല്‍കാനായിരുന്നു ആലോചന.അതിനിടെ തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായത് സ്ഥിതി വഷളാക്കി. വീണ്ടും ഐ സി യുവിലേക്ക് മാറ്റി. വൃക്കയുടെ പ്രവര്‍ത്തനവും അവതാളത്തിലായി. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനത്തെ സഹായിക്കുന്ന എക്മോ വെന്റിലേറ്ററിന്റെയും ഡയാലിസിസിന്റെയും സഹായത്തോടെയാണ് ജീവൻ നിലനിറുത്തിയിരുന്നത്.