ഗാസയില്‍ 24 മണിക്കൂറിനുള്ളില്‍ തെക്ക് ഭാഗത്തേക്ക് മാറാന്‍ ഇസ്രായേലി സൈന്യം ഗാസയിലെ ആള്‍ക്കാര്‍ക്ക് നല്‍കിയ മുന്നറിയിപ്പിനെതിരേ യുഎന്‍
വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇസ്രായേലിന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയ. പത്തുലക്ഷത്തോളം വരുന്ന ഗാസാ നിവാസികളോടാണ് തെക്കുഭാഗത്തേക്ക് 24 മണിക്കൂറിനുള്ളില്‍ മാറാന്‍ ഇസ്രായേല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.എന്നാല്‍ ഇത് അസാധ്യമായ കാര്യമാണെന്നാണ് യുഎന്നിന്റെ പ്രതികരണം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഗാസയിലെ 1.1 ദശലക്ഷം ഫലസ്തീനികള്‍ എന്‍ക്ലേവിന്റെ തെക്ക് ഭാഗത്തേക്ക് മാറണമെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഇത് ഇസ്രായേല്‍ ഉടന്‍ തന്നെ ഗാസയില്‍ മാരകമായ കര ആക്രമണം ആരംഭിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ക്ക് ആക്കം കൂട്ടിയിരിക്കുകയാണ്.കടുത്ത മാനുഷിക പ്രത്യാഘാതങ്ങളില്ലാതെ ഇത്തരമൊരു പ്രസ്ഥാനം നടക്കുന്നത് അസാധ്യമാണെന്ന് യുഎന്‍ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു. ഗാസയില്‍ 50,000 ഗര്‍ഭിണികള്‍ കുടിവെള്ളം പോലുമില്ലാതെ കഴിയുകയാണെന്ന് യുഎന്‍ പറഞ്ഞു. ഇവര്‍ക്ക് മതിയായ ഭക്ഷണമോ ചികിത്സയോ കിട്ടുന്നില്ല എന്നത് സ്ഥിതിഗതികള്‍ കൂട്ടക്കുരുതിയാക്കി മാറ്റുമെന്നും യുഎന്‍ മുന്നറിയിപ്പില്‍ പറയുന്നു.ഇസ്രായേലില്‍ നിന്നും പിടിച്ചുകൊണ്ടുപോയ 150 പേരെ ഇപ്പോഴും ഹമാസ് ബന്ദികളാക്കിയിരിക്കുകയാണ്. ഇതോടെ ഗാസയെ ഇസ്രായേല്‍ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. ഇവിടേയ്ക്കുള്ള കുടിവെള്ളം, ഇന്ധനം, വൈദ്യൂതി എന്നിവയുടെ വിതരണം തടഞ്ഞിരിക്കുകയാണ്. ഇന്ധനം തീര്‍ന്നതിന് പിന്നാലെ പാലസ്തീന്‍ മേഖലയിലെ ഏക വൈദ്യൂതി പ്ലാന്റ് ബുധനാഴ്ച അടച്ചിരിക്കുകയാണ്. ഹമാസ് ബന്ദികളെ മോചിപ്പിക്കുന്നത് വരെ ഗാസയിലേക്കുള്ള എല്ലാ മാനുഷിക സഹായങ്ങളും തടയുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേല്‍.അതിനിടയില്‍ ഇസ്രായേലിന് പിന്തുണയുമായി അമേരിക്ക രംഗത്തു വന്നിട്ടുണ്ട്. അമേരിക്കന്‍ നയതന്ത്ര പ്രതിനിധി ആന്റണി ബ്‌ളിങ്കന്‍ കഴിഞ്ഞദിവസം ടെല്‍ അവീവ് സന്ദര്‍ശിച്ചാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനെ വിവരം അറിയിച്ചത്. ഇതിനകം ഇസ്രായേലില്‍ 22 അമേരിക്കക്കാര്‍ക്ക് ജീവന്‍ നഷ്ടമായെന്നും അമേരിക്ക സ്ഥിരീകരിച്ചു.വെടിയേറ്റ കുട്ടികളുടെയും തലവെട്ടിമാറ്റപ്പെട്ട സൈനികരുടേയും ഫോട്ടോകള്‍ തങ്ങള്‍ കണ്ടതായും ബ്‌ളിങ്കന്‍ പറഞ്ഞു. യുദ്ധം തുടങ്ങിയ ശനിയാഴ്ചയ്ക്ക് ശേഷം ഇസ്രായേലില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 1200 ആയി ഉയര്‍ന്നപ്പോള്‍ ഗാസയില്‍ 1400 പേര്‍ക്കാണ് ജീവന്‍ പോയത്. ഇസ്രായേല്‍ മേഖലയില്‍ 1,500 ഹമാസ് പ്രവര്‍ത്തകരുടെ മൃതദേഹം കണ്ടെത്തിയതായി ഇസ്രായേല്‍ സൈന്യം അവകാശപ്പെടുന്നു.