ഹ്രസ്വകാല ഫണ്ടിങ്ങിന് യു.എസ് ജനപ്രതിനിധിസഭയും സെനറ്റും അംഗീകാരം നല്‍കിയതോടെയാണ് ഫെഡറല്‍ ഷട്ട് ഡൗണ്‍ (സാമ്ബത്തിക അടച്ചുപൂട്ടല്‍) ഒഴിവായത്.സാമ്ബത്തിക ഞെരുക്കം നേരിടുന്ന സര്‍ക്കാറിന് നവംബര്‍ 17 വരെ ധനസഹായം ഉറപ്പാക്കുന്ന ബില്ലിനെ 209 ഡെമോക്രാറ്റുകളും 126 റിപ്പബ്ലിക്കുകളും പിന്തുണച്ചു. യുക്രെയ്നുള്ള സഹായം നിര്‍ത്തണമെന്ന നിബന്ധനയോടെയാണ് ഒരുകൂട്ടം റിപ്പബ്ലിക്കുകള്‍ ബില്ലിനെ പിന്തുണച്ചത്. 91നെതിരെ 335 വോട്ട് നേടിയാണ് ബില്‍ പാസായത്.സ്വന്തം പാര്‍ട്ടിയിലെ കടുത്ത നിലപാടുകാരെ അവഗണിച്ചാണ് റിപ്പബ്ലിക്കൻ ഹൗസ് സ്പീക്കര്‍ കെവിൻ മക്കാര്‍ത്തി ബില്ലിന് അനുമതി നല്‍കിയത്. തുടര്‍ന്ന് മക്കാര്‍ത്തിക്കെതിരെ സ്വന്തം പാളയത്തില്‍ പടയൊരുക്കം തുടങ്ങി. ബില്‍ പാസായതോടെ 45 ദിവസത്തേക്ക് സര്‍ക്കാറിന് ആശ്വാസം ലഭിക്കുമെങ്കിലും നവംബര്‍ 17നകം കരാറിലെത്താൻ കഴിയുന്നില്ലെങ്കില്‍ ലക്ഷക്കണക്കിന് ഫെഡറല്‍ തൊഴിലാളികള്‍, സൈനികര്‍, സിവിലിയൻ തൊഴിലാളികള്‍ എന്നിവര്‍ ശമ്ബള പ്രതിസന്ധി നേരിടും.പോഷകാഹാര വിതരണം, ശാസ്ത്രീയ ഗവേഷണം തുടങ്ങി പലതിനെയും ബാധിക്കും. അതേസമയം, യുക്രെയ്നുള്ള പിന്തുണ തടസ്സപ്പെടുത്തുന്നത് ഒരു കാരണവശാലും അനുവദിക്കാനാകില്ലെന്ന് ബില്ലില്‍ ഒപ്പിട്ടതിനു ശേഷം യു.എസ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവനയില്‍ പറഞ്ഞു. 2022 ഫെബ്രുവരിയില്‍ റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം ബൈഡൻ ഭരണകൂടം യുക്രെയ്‌ന് 7500 കോടി ഡോളറിലധികം സഹായം നല്‍കിയിട്ടുണ്ട്. 2400 കോടി ഡോളര്‍ കൂടി അധികമായി നല്‍കാൻ ബൈഡൻ വരും ദിവസങ്ങളില്‍ സഭയില്‍ സമ്മര്‍ദം ചെലുത്തുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഴ്ച യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിര്‍ സെലൻസ്കി യു.എസ് സന്ദര്‍ശിച്ച് ബൈഡനെയും ഉന്നത സൈനിക ഉദ്യോഗസ്ഥരെയും കാണുകയും കൂടുതല്‍ സഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു.