അക്കാദമിക- വ്യാവസായിക സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് വിദഗ്ധര്‍

0

തിരുവനന്തപുരം: സംരംഭകത്വം വളര്‍ത്തുന്നതിനും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി സംസ്ഥാനത്തെ അക്കാദമിക- വ്യാവസായിക സ്ഥാപനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്ന് വിദഗ്ധര്‍. കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടിയില്‍ ‘അക്കാദമിക സമൂഹവും  വ്യവസായ മേഖലയും തമ്മിലുള്ള അന്തരം കുറയ്ക്കുന്നതില്‍ സ്റ്റാര്‍ട്ടപ്പുകളുടെ പങ്ക്’ എന്ന വിഷയത്തില്‍ നടന്ന പാനല്‍ ചര്‍ച്ചയിലാണ് ഇക്കാര്യം ഉയര്‍ന്നുവന്നത്. അക്കാദമിക സമൂഹം, വ്യവസായം, ഗവേഷണ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ മുതലായവയെ സംയോജിപ്പിച്ചുള്ള സുസ്ഥിര സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ് ആവശ്യമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സ്റ്റാര്‍ട്ടപ്പുകളില്‍ നിന്നുള്ള നൂതന ഉത്പന്നങ്ങള്‍ സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരമെന്ന രീതിയിലേക്കു കൂടി മാറ്റിയെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിത റോയ് പറഞ്ഞു. രാജ്യത്തെ ഉയര്‍ന്നുവരുന്ന മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയായി കേരളം മാറിയിട്ടുണ്ടെന്നും സര്‍ക്കാര്‍ തലത്തില്‍ ഇതിന് മികച്ച പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. 
പരമ്പരാഗത സോഫ്റ്റ് വെയര്‍ ഐ.ടി രംഗങ്ങളില്‍നിന്ന് മാറി ഇതര മേഖലകളിലേക്ക് കൂടി സ്റ്റാര്‍ട്ടപ്പുകള്‍ കടന്നുവരണമെന്ന് കെ-ഡിസ്ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇന്‍കുബേറ്ററുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ സംയോജിപ്പിച്ചുള്ള ആവാസവ്യവസ്ഥയാണ് കേരളത്തിലേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് ഉരുത്തിരിഞ്ഞു വരണമെന്നും ഗവേഷണാനന്തര ഉല്പന്നങ്ങളെ വാണിജ്യവത്കരിക്കാനുള്ള ചുമതല വ്യവസായ മേഖല ഏറ്റെടുക്കേണ്ടതുണ്ടെന്നും കേരള ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
ആഗോളതലത്തില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന ഉല്പന്നങ്ങള്‍ സര്‍വകലാശാലകളുടേയും കോളേജുകളുടേയും നേതൃത്വത്തില്‍ നിര്‍മ്മിക്കാനുള്ള പദ്ധതി സ്റ്റാര്‍ട്ടപ്പ് മിഷന്‍ മുന്നോട്ടു വയ്ക്കുന്നുണ്ടെന്നും ഇത്തരം ഉല്പന്നങ്ങള്‍ക്ക് ഇന്ത്യക്കു പുറത്തും വിപണി കണ്ടെത്തുന്നതിന് വഴിയൊരുക്കുന്നതില്‍ കെഎസ് യുഎമ്മിന് നിര്‍ണായക പങ്കുണ്ടെന്നും ചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. 
എ.പി ഇന്നൊവേഷന്‍ സൊസൈറ്റി സി.ഇ.ഒ ഡോ. അനില്‍ ടെന്‍റു മോഡറേറ്റര്‍ ആയിരുന്നു.

You might also like

Leave A Reply

Your email address will not be published.