തിരുവനന്തപുരത്തെ ഡിജിറ്റല്‍ ഹബ്ബായി വികസിപ്പിക്കും: മുഖ്യമന്ത്രി

0

തിരുവനന്തപുരം: നവീകരണവും സംരംഭകത്വവും പ്രോത്സാഹിപ്പിച്ചുകൊണ്ട് തിരുവനന്തപുരത്തെ പ്രധാന ഡിജിറ്റല്‍ ഹബ്ബായും സ്റ്റാര്‍ട്ടപ്പുകളുടെ പ്രധാന ലക്ഷ്യസ്ഥാനമായും വികസിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയെന്ന പ്രത്യേകതയോടെ കേരള സ്റ്റാര്‍ട്ടപ് മിഷന്‍ (കെഎസ് യുഎം) സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡില്‍ ഗ്ലോബല്‍ ത്രിദിന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. 
ബെല്‍ജിയത്തിലെ ബ്രസല്‍സിലും ഓസ്ട്രേലിയയിലും കെഎസ് യുഎമ്മിന്‍റെ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍റര്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ചടങ്ങില്‍ കൈമാറി. സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് യൂറോപ്പിലെയും ഓസ്ട്രേലിയയിലെയും ഉന്നതനിലവാരത്തിലുള്ള സാങ്കേതിക, ഗവേഷണ-വികസന ആവാസവ്യവസ്ഥയെ പ്രയോജനപ്പെടുത്തുന്നതിനും വിപണി വിപുലീകരണത്തിനും ഈ കരാര്‍ സഹായകമാകും.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ അഞ്ചാമത് ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെഎസ് യുഎം സി.ഇ.ഒ അനൂപ് അംബിക, ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ്, റവന്യൂ-ഹൗസിംഗ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഓസ്‌ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിന്‍ ഗല്ലഗെര്‍, എസ്.ബി.ഐ ട്രാന്‍സാക്ഷന്‍ ബാങ്കിംഗ് ആന്‍ഡ് ന്യൂ ഇനീഷ്യേറ്റീവ്‌സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ റാണ അശുതോഷ് കുമാര്‍ സിംഗ് എന്നിവര്‍ വേദിയില്‍.


മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ്, ഓസ്ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിന്‍ ഗല്ലഗെര്‍ എന്നിവര്‍ കെഎസ് യുഎം സി.ഇ.ഒ അനൂപ് അംബികയുമായാണ് ധാരണാപത്രം കൈമാറിയത്.
രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ കേരളം മുന്‍നിരയിലാണുള്ളതെന്നും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിലുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി തുടര്‍ച്ചയായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യ റാങ്കിംഗില്‍ കേരളം ഒന്നാംസ്ഥാനത്താണ്. സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ശക്തമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിനുള്ള കേരളത്തിന്‍റെ പ്രതിബദ്ധതയാണ് ഈ അംഗീകാരം അടിവരയിടുന്നത്.
സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി പോലുള്ള സംരംഭങ്ങളിലൂടെ പ്രാദേശിക സംരംഭകരെയും വ്യവസായ പ്രമുഖരെയും പ്രവാസി മലയാളികളെയും ഒരുമിച്ച് കൊണ്ടുവരുന്ന സഹകരണ പദ്ധതികള്‍ കേരളം സൃഷ്ടിച്ചിട്ടുണ്ട്. എല്ലാ മേഖലയെയും ഉള്‍ക്കൊള്ളുന്ന ഈ സമീപനം നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയും സ്റ്റാര്‍ട്ടപ്പുകളെ പരിപോഷിപ്പിക്കുകയും ചെയ്യുന്നതില്‍ ആഗോള മലയാളി സമൂഹത്തിന്‍റെ പങ്കാളിത്തത്തെ സ്വാഗതം ചെയ്യുന്നു. സംരംഭകത്വം അഭിവൃദ്ധിപ്പെടുന്ന ഭാവി പ്രാപ്തമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും നവീകരണത്തിന്‍റെ അതിരുകള്‍ പരിധിയില്ലാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓസ്‌ട്രേലിയയില്‍ സ്റ്റാര്‍ട്ടപ്പ് ഇന്‍ഫിനിറ്റി സെന്‍റര്‍ സ്ഥാപിക്കുന്നതിനായുള്ള കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തില്‍ കെഎസ് യുഎം സി.ഇ.ഒ അനൂപ് അംബികയും ഓസ്‌ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിന്‍ ഗല്ലഗെറും കൈമാറുന്നു. ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ്, റവന്യൂ-ഹൗസിംഗ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, കെ.എസ്.യു.എം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടോം തോമസ് തുടങ്ങിയവര്‍ സമീപം.


കോളേജുകള്‍ക്കായുള്ള ഇന്നൊവേഷന്‍ ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍ററുകള്‍, യങ് ഇന്നൊവേറ്റേഴ്സ് പ്രോഗ്രാം, ഇന്‍കുബേഷന്‍, ആക്സിലറേഷന്‍ പ്രോഗ്രാമുകള്‍, കോര്‍പ്പറേറ്റ് ഇന്നൊവേഷന്‍ ശ്രമങ്ങള്‍ തുടങ്ങിയ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നുണ്ട്. 2021-2022-ല്‍ യു.ബി.ഐ ഗ്ലോബല്‍ വേള്‍ഡ് ബെഞ്ച്മാര്‍ക്ക് പഠനത്തില്‍ മികച്ച പബ്ലിക്ക് ബിസിനസ് ഇന്‍കുബേറ്ററായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ തെരഞ്ഞെടുക്കപ്പെട്ടത് ശ്രദ്ധേയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തിന്‍റെ വളര്‍ച്ചയും പുതിയ പ്രവണതകളും ഭാവിയും വിവിധ സെഷനുകളില്‍ വിദഗ്ധര്‍ ചര്‍ച്ചചെയ്യുന്ന ഹഡില്‍ ഉച്ചകോടിയില്‍ 15,000 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. വിഴിഞ്ഞം അടിമലത്തുറ ബീച്ചില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ നവംബര്‍ 18 വരെയാണ് സമ്മേളനം.
ഉദ്ഘാടനച്ചടങ്ങില്‍ ഡോ.ശശി തരൂര്‍ എം.പി സന്നിഹിതനായിരുന്നു. സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ എസ്.ബി.ഐയുമായി സഹകരിക്കുന്നതിനുള്ള ധാരണാപത്രം കെഎസ് യുഎം സി.ഇ.ഒ അനൂപ് അംബികയും എസ്.ബി.ഐ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ഭുവനേശ്വരിയും കൈമാറി. 
സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷത്തെയും ഭാവിയെയും കുറിച്ച് റവന്യൂ-ഹൗസിംഗ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരളത്തിലെ സ്റ്റാര്‍ട്ടപ്പ് അന്തരീക്ഷം വിപുലപ്പെടുത്തുന്നതില്‍ കേരള സ്റ്റാര്‍ട്ട് മിഷന്‍ കഴിഞ്ഞ 17 വര്‍ഷമായി ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ വിലപ്പെട്ടതാണെന്നും ടിങ്കു ബിസ്വാള്‍ പറഞ്ഞു.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ അഞ്ചാമത് ഹഡില്‍ ഗ്ലോബല്‍ ഉച്ചകോടി ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ത്യയിലെ ബെല്‍ജിയം അംബാസഡര്‍ ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ്, ഓസ്‌ട്രേഡ് സൗത്ത് ഏഷ്യ മേധാവിയും വ്യവസായ മന്ത്രിയുമായ കാതറിന്‍ ഗല്ലഗെര്‍ എന്നിവര്‍ക്കൊപ്പം.


ഹഡില്‍ ഗ്ലോബലിന്‍റെ ഈ പതിപ്പിനായി നഗരത്തില്‍ നിന്ന് മാറിയുള്ള പ്രദേശം തിരഞ്ഞെടുക്കുന്നത് കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നുവെന്നും എല്ലാ മേഖലയെയും ഉള്‍ക്കൊള്ളുകയെന്ന സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെ ആശയം കേന്ദ്രീകരിച്ചാണിതെന്നും കെഎസ് യുഎം സി.ഇ.ഒ അനൂപ് അംബിക പറഞ്ഞു. 
ഡിജിറ്റല്‍ ടെക്നോളജി, ലൈഫ് സയന്‍സസ് തുടങ്ങിയ മേഖലകളില്‍ യൂറോപ്പുമായി സഹകരിക്കാനും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉത്പന്ന ശ്രേണിയും വിപണിയും വിപുലീകരിക്കാനും കരാര്‍ സഹായിക്കുമെന്ന് ദിദിയര്‍ വാന്‍ഡര്‍ഹസെല്‍റ്റ് പറഞ്ഞു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ബന്ധം തന്ത്രപരമായ പങ്കാളിത്തത്താല്‍ അടയാളപ്പെടുത്തുന്ന വേളയിലാണ്  കെഎസ് യുഎമ്മുമായി ധാരണാപത്രം ഒപ്പിടുന്നതെന്ന് കാതറിന്‍ ഗല്ലഗെര്‍ പറഞ്ഞു. 
എസ്.ബി.ഐ ട്രാന്‍സാക്ഷന്‍ ബാങ്കിംഗ് ആന്‍ഡ് ന്യൂ ഇനീഷ്യേറ്റീവ്സ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ റാണ അശുതോഷ് കുമാര്‍ സിംഗ്, കെഎസ് യുഎം ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ ടോം തോമസ് എന്നിവരും പങ്കെടുത്തു.
റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഓഗ്മെന്‍റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ലൈഫ് സയന്‍സസ്, സ്പേസ് ടെക്, ബ്ലോക്ക് ചെയിന്‍, ഐഒടി, ഇ- ഗവേണന്‍സ്, ഫിന്‍ടെക്, ഹെല്‍ത്ത്ടെക്, അഗ്രിടെക്, എഡ്യൂടെക്, സോഫ്റ്റ് വെയര്‍ ആസ് സര്‍വീസ് തുടങ്ങി വളര്‍ന്നുവരുന്ന മേഖലകളില്‍ നിന്നുള്ള അത്യാധുനിക ഉത്പന്നങ്ങള്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കും.
ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായി നടക്കുന്ന എക്സ്പോയില്‍ 100 ലധികം പുതിയ കമ്പനികള്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലീഡര്‍ഷിപ്പ് ടോക്സ്, ടെക് ടോക്സ്, അന്താരാഷ്ട്ര എംബസികള്‍, വ്യവസായ വിദഗ്ധര്‍, നിക്ഷേപകര്‍, വെഞ്ച്വര്‍ ക്യാപിറ്റലിസ്റ്റുകള്‍, കോര്‍പ്പറേറ്റുകള്‍ എന്നിവരുമായുള്ള പാനല്‍ ചര്‍ച്ചകള്‍ എന്നിവ സമ്മേളനത്തിലെ പ്രധാന സെഷനുകളാണ്. 
സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഹെഡ്സ്റ്റാര്‍ട്ട്, ടൈ കേരള, ജിടെക്, സ്റ്റാര്‍ട്ടപ്പ് മിഡില്‍ ഈസ്റ്റ്, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി,ടെക്നോപാര്‍ക്ക് ടുഡേ എന്നിവയുടെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ 5000-ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 400 എച്ച്എന്‍ഐകള്‍, 300 മെന്‍റര്‍മാര്‍, 200 കോര്‍പ്പറേറ്റുകള്‍, 150 നിക്ഷേപകര്‍, പ്രഭാഷകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.

You might also like

Leave A Reply

Your email address will not be published.