ലോകോത്തര നിലവാരമുള്ള 150 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ ;ശ്രദ്ധേയമായി ഹഡില്‍ ഗ്ലോബല്‍ എക്സ്പോ

0

തിരുവനന്തപുരം: നൂതനാശയങ്ങളെ അത്യാധുനിക സാങ്കേതിക വിദ്യകളുപയോഗിച്ച് മികച്ച ഉത്പന്നങ്ങളാക്കി വിപണിയിലെത്തിക്കുന്ന 150 ഓളം സ്റ്റാര്‍ട്ടപ്പുകളെ അവതരിപ്പിക്കുന്ന എക്സ്പോ ശ്രദ്ധേയമാകുന്നു. അടിമലത്തുറ ബീച്ചില്‍ വ്യാഴാഴ്ച ആരംഭിച്ച ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായാണ് ലോകോത്തര നിലവാരമുള്ള  സ്റ്റാര്‍ട്ടപ്പുകളുടെ പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്.

എഡ്യൂടെക്, ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി, ഫിന്‍ടെക്, ലൈഫ് സയന്‍സ്, സ്പേസ്ടെക്, ഹെല്‍ത്ത്ടെക്, ബ്ലോക്ക് ചെയ്ന്‍, ഐഒടി, ഇ – ഗവേണന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് / മെഷീന്‍ ലേണിംഗ്, റോബോട്ടിക്സ് എന്നിവയുള്‍പ്പെടെയുള്ള അത്യാധുനിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയുടെ ഭാഗമായുണ്ട്. ഹ്യൂമനോയിഡ് റോബോട്ടുകള്‍, ഓട്ടോണമസ് ഡ്രോണുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഊര്‍ജ്ജം ലാഭിക്കാന്‍ സഹായകമാകുന്ന സാങ്കേതിക ഉത്പന്നങ്ങള്‍ തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്.

ഓഗ്മെന്‍റഡ് റിയാലിറ്റി/ വെര്‍ച്വല്‍ റിയാലിറ്റി എന്നീ മേഖലകളില്‍ നിന്നുള്ള എക്സ് ആര്‍ ഹൊറൈസണ്‍, അഗ്രിടെക് സ്റ്റാര്‍ട്ടപ്പായ ഫ്യൂസലേജ്, മെറ്റാര്‍ക്ക് തുടങ്ങിയ സ്റ്റാര്‍ട്ടപ്പുകള്‍ എക്സ്പോയുടെ ആകര്‍ഷണങ്ങളാണ്.

ബയോമെഡിക്കല്‍ മാലിന്യസംസ്കരണത്തിന് പുതിയ രീതികള്‍ പരീക്ഷിക്കുന്ന ആക്രി ആപ്പും എക്സ്പോയിലെ താരമാണ്. ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ ബയോമെഡിക്കല്‍ മാലിന്യങ്ങള്‍ക്ക് പുറമെ ഇ-വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച് പ്ലാന്‍റുകളില്‍ എത്തിച്ച് സംസ്കരിക്കും. ഭക്ഷണം പാഴാക്കുന്നത് തടയുന്നതിനൊപ്പം നഗരങ്ങളെ വൃത്തിയായി സൂക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ആക്രി ആപ്പിന്‍റെ പ്രത്യേകതകളാണ്.

ജെന്‍ റോബോട്ടിക്സിന്‍റെ പുതിയ ഉത്പന്നമായ ‘ബാന്‍ഡികൂട്ട് മിനി’ യും എക്സ്പോയില്‍ പ്രദര്‍ശനത്തിനുണ്ട്. റോബോട്ടിക്സ് മേഖലയില്‍ നിന്നുള്ള ടോബോയ്ഡ്, ഓട്ടോമേറ്റ, ഫ്രീമാന്‍ റോബോട്ടിക്സ്, ഇങ്കര്‍ റോബോട്ടിക്സ് എന്നിവയും എക്സ്പോയെ മികവുറ്റതാക്കുന്നു.

പൊതു-സ്വകാര്യ ഇടങ്ങളില്‍ തീപിടുത്തമുണ്ടാകുമ്പോള്‍ തനിയെ പൊട്ടി തീ അണയ്ക്കുന്ന നൂതന ഉല്‍പ്പന്നമായ ഫയര്‍ബോള്‍ അവതരിപ്പിച്ച എന്‍ആര്‍ഐ ക്ലബ് സര്‍വീസസ്, വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ്, കണക്ക് വിഷയങ്ങളില്‍ പരിശീലങ്ങള്‍ ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്ന എക്സ്ട്രാ ജി ക്ലബ് പ്രൈവറ്റ് ലിമിറ്റഡ് സ്റ്റാര്‍ട്ടപ്പ് എന്നിവയും എക്സ്പോയിലുണ്ട്.

എആര്‍, വിആര്‍ എക്സ്പീരിയന്‍സ് സെന്‍ററുകള്‍ക്ക് പുറമെ സര്‍ക്കാര്‍, ഗവേഷണ വികസന സ്ഥാപനങ്ങള്‍ വഴി വികസിപ്പിച്ച നൂതന സാങ്കേതിക വിദ്യകളെയും എക്സ്പോ പരിചയപ്പെടുത്തുന്നു.

കടല്‍വിഭവങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കുഫോസ് ബിസിനസ് ഇന്‍കുബേഷന്‍ സെന്‍റര്‍, അഗ്രോ-പ്രോസസിംഗ് സാങ്കേതിക വിദ്യകള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള നിസ്റ്റ്, കാര്‍ഷിക വിഭവങ്ങളുമായി ബന്ധപ്പെട്ട സിപിസിആര്‍ഐയുടെ സ്റ്റാള്‍, വൈവിധ്യമാര്‍ന്ന ചോക്ലേറ്റുകള്‍ ഉത്പാദിപ്പിക്കുന്ന ജാക്കോബി ചോക്കളേറ്റ് തുടങ്ങിയവയും എക്സ്പോയെ ആകര്‍ഷകമാക്കുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 150ഓളം സ്റ്റാര്‍ട്ടപ്പുകളുടെ ഉത്പന്നങ്ങളാണ് എക്സ്പോയിലുള്ളത്. ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിലൂടെ സാങ്കേതിക, വ്യാവസായിക മേഖലകളിലെ പ്രമുഖരുമായി നേരിട്ട് സംവദിക്കാനും നിക്ഷേപകര്‍ക്ക് മികച്ച സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി നിക്ഷേപം നടത്താനും എക്സ്പോയിലൂടെ അവസരമൊരുക്കുന്നുണ്ട്.

ഹഡില്‍ ഗ്ലോബലിന്‍റെ അഞ്ചാം പതിപ്പ് ശനിയാഴ്ച അവസാനിക്കും.                                                                              

You might also like

Leave A Reply

Your email address will not be published.