എക്‌സ്‌പോ 2023 ദോഹക്ക് ഹരിതാഭിവാദ്യങ്ങളുമായി മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ്

0

ദോഹ:ഗ്രീന്‍ ഡെസേര്‍ട്ട്,ബെറ്റര്‍ എന്‍വയോണ്‍മെന്റ് മരുഭൂമിയെ ഹരിതാഭമാക്കാന്‍ പരിസ്ഥിതിയെ പവിത്രമാക്കാന്‍’ എന്ന പ്രമേയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടിയ
എക്‌സ്‌പോ 2023 ദോഹക്ക് ഹരിതാഭിവാദ്യങ്ങളുമായി മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് രംഗത്ത് . ഖത്തറിലെ പ്രമുഖ റേഡിയോ നെറ്റ് വര്‍ക്കായ ഒലീവ് സുനോ റേഡിയോ നെറ്റ് വര്‍ക്കുമായി സഹകരിച്ചാണ് ‘മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ്’ എന്ന എന്‍ജിഒ ഈ മാതൃകാപരമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.

ഊഷരതയുടെ മണലാരണ്യങ്ങളില്‍,ഉര്‍വ്വരതയുടെ നനവും തണുപ്പുമേകി ജീവിത മരുപ്പച്ചയുടെ മനോഹാരിത തീര്‍ക്കുന്ന എക്‌സ്‌പോ 2023 ദോഹക്ക് ഹരിതാഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്ന ‘ബിഗ് സല്യൂട്ട് ഗ്രീന്‍ മാര്‍ച്ചിന്’ ഖത്തറിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അലി അല്‍ ഹന്‍സാബ്, സൊസൈറ്റി പ്രസിഡണ്ട് സീ.ഏ.റസാഖ്, ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മഷ്ഹൂദ് വി.സീ, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.അമാനുല്ല വടക്കാങ്ങര,സമീല്‍ അബ്ദുല്‍ വാഹിദ്, ആര്‍.ജെ.അഷ്ഠമി, ആര്‍.ജെ.സന്ധീപ്. ഡോ. പ്രതിഭ രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.’മനം ശുദ്ധമാക്കാം,മണ്ണ് സുന്ദരമാക്കാം’എന്ന പ്രമേയത്തില്‍ ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് പത്തുവര്‍ഷം മുമ്പ് ഖത്തറിലാണ് രൂപംകൊണ്ടത്.മണ്ണിനും മനുഷ്യനും വേണ്ടി നിലകൊള്ളുന്ന കൂട്ടായ്മക്ക് ഏഴു രാജ്യങ്ങളിലായി ഇരുപതിനായിരത്തിലേറെ അംഗങ്ങളുണ്ട്. ഖത്തറിന്റെ വണ്‍ മില്യണ്‍ ട്രീ പ്രോജക്റ്റിന്റെ ഭാഗമായ ആദ്യ എന്‍.ജി.ഒ. യും മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് ആയിരുന്നു.
പരിസ്ഥിതി സംരക്ഷണത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് അലി അല്‍ ഹന്‍സാബിനെ മൈന്റ്ട്യൂണ്‍ ഇക്കോവേവ്‌സ് ഖത്തര്‍ കമ്മ്യൂണ്‍ ആദരിച്ചിരുന്നു.2019ല്‍ ഖത്തറില്‍ നടന്ന പരിസ്ഥിതി ഗ്ലോബല്‍ സമ്മിറ്റില്‍ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിക്കപ്പെട്ട ഇന്ത്യയുടെ പച്ചമനുഷ്യനും സംഘടനയുടെ ഗ്ലോബല്‍ മുഖ്യ ഉപദേശകനുമായിരുന്ന യശശരീരനായ പ്രൊഫ.ശോഭീന്ദ്രന്‍ മാഷിന്റെ പേരിലുള്ള പ്രഥമ ഗ്ലോബല്‍ ഗ്രീന്‍ അവാര്‍ഡിന്,ഖത്തറിന്റെ പരിസ്ഥിതി മുഖവും വിദ്യാഭ്യാസ വിപ്ലവത്തിന്റെ ഉപജ്ഞാതാവുമായ ഡോ.സെയ്ഫ് അലി അല്‍ ഹാജിരിയാണ് അര്‍ഹനായത്. 2024 ല്‍ നടക്കുന്ന ഗ്ലോബല്‍ കോണ്‍ഫറന്‍സില്‍ അവാര്‍ഡ് സമ്മാനിക്കും.എക്‌സ്‌പോ 2023 ദോഹക്ക് ഹരിതാഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌കൊണ്ട് ഡിസംബര്‍ ഏഴിന് നടക്കുന്ന യാത്രയുടെ ഭാഗമാവാന്‍ ഉദ്ദേശിക്കുന്നവര്‍ വൈകീട്ട് 3.45 ന് എക്‌സ്‌പോ ഇന്റര്‍നാഷനല്‍ സോണ്‍ കവാടത്തില്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.

You might also like

Leave A Reply

Your email address will not be published.