റാന്നി വെച്ചൂച്ചിറയിൽ റബർ തോട്ടത്തിൽനിന്ന് ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തി. വനമേഖലയോട് ചേർന്ന പ്രദേശത്താണ് ജനിച്ച് മണിക്കൂറുകൾ മാത്രമായ ആനക്കുട്ടിയെ അവശനിലയിൽ കണ്ടെത്തിയത്. കുന്നിൻ ചരിവിൽ ആന പ്രസവിച്ചപ്പോൾ കുട്ടി ഉരുണ്ട് റബർ തോട്ടത്തിൽ എത്തിയതാകാമെന്നാണ് കരുതുന്നത്. കുട്ടിയുടെ അടുത്ത് എത്താൻ കഴിയാതെ ആനക്കൂട്ടം ഉപേക്ഷിച്ച് പോയിരിക്കാമെന്നാണ് നിഗമനം. സമീപത്ത് തന്നെ ആനക്കൂട്ടത്തിൻ്റെ സാന്നിധ്യമുണ്ട്. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും വെറ്റനറീ ഡോക്ടറും അടക്കമുള്ളവർ സ്ഥലത്തെത്തി കുട്ടിയാനക്ക് പ്രാഥമിക ചികിത്സ നൽകി. കൂടുതൽ വിദഗ്ധ ചികിത്സയും പരിപാലനവും നൽകുന്നതിനായി കുട്ടിയാനയെ കോന്നി ആനക്കൂട്ടിലേക്ക് മാറ്റും.