തലച്ചോറിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ച് ഗ്ലോബൽ സയൻസ് ഫെസ്റ്റിവലിലെ പവിലിയൻ. രണ്ടായിരത്തിഅഞ്ഞൂറ് ചതുരശ്രഅടി വിസ്തീർണം വരുന്ന പവിലിയനാണ് തലച്ചോറിന്റെ വിവിധ ഭാഗങ്ങൾ പരിചയപ്പെടുത്താനായി തയ്യാറാക്കിയിട്ടുള്ളത്.വെളിച്ചം പതിക്കുമ്പോൾ കണ്ണിന്റെ റെറ്റിന ചുരുങ്ങുന്നതും വെളിച്ചം കുറയുമ്പോൾ വികസിക്കുന്നതും മൊബൈൽ ഫോണിലെ ടോർച്ചിന്റെ സഹായത്തോടെ പരിചയപ്പെടാം. മനുഷ്യരുട തീരുമാനങ്ങളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ ഏതു ഭാഗമാണെന്ന് മനസ്സിലാക്കാൻ വലിയ സ്‌ക്രീനിൽ ഡിസൈഡിങ് എന്നെഴുതിയ ഭാഗത്ത് സ്പർശിച്ചാൽമതി.ഇരുപതോളം ലൈറ്റ് ബോക്സുകളും സ്ക്രീനുകളുമെല്ലാം ഇതിനായി സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചകൾ വിശദീകരിക്കാൻ വൊളന്റിയർമാരായി എൻ.സി.സി. കേഡറ്റുകളുണ്ട്.തോന്നയ്ക്കൽ ബയോ 360 ലൈഫ് സയൻസ് പാർക്കിൽ നടക്കുന്ന ഫെസ്റ്റിവലിൽ വിവിധ ശാസ്ത്രവിശേഷങ്ങളെ പരിചയപ്പെടുത്തുന്ന നിരവിധി പവിലിയനുകൾ കാഴ്ചക്കാരെ കാത്തിരിപ്പുണ്ട്. ഫെസ്റ്റിവൽ കാണുന്നതിനും അനുബന്ധ പരിപാടികളിൽ പങ്കെടുക്കുന്നതിനുമായി സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപ്പേർ എത്തുന്നുണ്ട്. ഫെബ്രുവരി 15 വരെയാണ് പ്രദർശനം.