കാൻസറിനെ പോരാടി തോല്‍പിച്ചു; ആഫ്കോണ്‍ കിരീടത്തിലേക്ക് ഹാലറുടെ ഹീറോയിസം

0

കാൻസറിനെ ചെറുത്തുതോല്‍പിച്ച്‌ രാജ്യത്തിനായി വിജയഗോള്‍ നേടിയ ബൊറൂസിയ ഡോട്ട്മുണ്ട് സ്ട്രൈക്കർ സെബാസ്റ്റ്യൻ ഹാലറായിരുന്നു ആ ഹീറോ. തിങ്കളാഴ്ച നൈജീരിയക്കെതിരായ കലാശപ്പോരില്‍ 81ാം മിനിറ്റില്‍ ഇടതുവിങ്ങിലൂടെ മുന്നേറിയ സൈമണ്‍ അഡിൻഗ്ര നല്‍കിയ തകർപ്പൻ ക്രോസ് ഹാലർ പോസ്റ്റിനുള്ളിലേക്ക് ഫ്ലിക്ക് ചെയ്തിടുമ്ബോള്‍ സ്റ്റേഡിയം ആവേശത്താല്‍ പൊട്ടിത്തെറിക്കുകയായിരുന്നു.ഡച്ച്‌ ക്ലബ് അയാക്സിനായി ഗോളടിച്ചുകൂട്ടിയിരുന്ന ഹാലർ, എർലിങ് ഹാലണ്ട് എന്ന ഗോള്‍ മെഷിൻ മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറിയപ്പോള്‍ പകരക്കാരനായാണ് ജർമൻ വമ്ബന്മാരായ ബൊറൂസിയ ഡോട്ട്മുണ്ടില്‍ എത്തിയത്. 2022 ജൂലൈയില്‍ ടീമിനൊപ്പം ചേർന്ന് രണ്ടാഴ്ചക്കകം കാൻസർ സ്ഥിരീകരിച്ചു. ബൊറൂസിയയില്‍ പ്രീ-സീസണ്‍ പരിശീലന ക്യാമ്ബിനിടെ അസ്വസ്ഥത തുടങ്ങിയപ്പോഴാണ് ഡോക്ടർമാരെ സമീപിച്ചത്. വൃഷ്ണത്തിലെ മുഴ കാൻസറാണെന്ന് തിരിച്ചറിഞ്ഞതോടെ ആകെ തകർന്നു. കുട്ടിക്കാലം മുതല്‍ നെഞ്ചേറ്റുന്ന ഫുട്ബാള്‍ തട്ടാൻ ഇനി തനിക്കാവുമോയെന്ന് പോലും സംശയിച്ച ദിനങ്ങളുണ്ടായിരുന്നു പിന്നീട്. എന്നാല്‍, തുടക്കമാണെന്ന് തിരിച്ചറിഞ്ഞതോടെ അതിജീവന പോരാട്ടത്തിന് തയാറെടുത്തു.തുടർന്ന് ഫുട്ബാളിനോടും കളിക്കളങ്ങളോടുമുള്ള ചങ്ങാത്തം വിട്ട് ആശുപത്രികള്‍ക്കും മരുന്നുകള്‍ക്കൊപ്പമായി. രണ്ടുതവണ ശസ്ത്രക്രിയക്കും കീമോതെറപ്പികള്‍ക്കുമെല്ലാം വിധേയനായി. തുടർന്നുള്ള രണ്ട് മാസം മിക്കപ്പോഴും ആശുപത്രിയിലായിരുന്നു.താരം തിരിച്ചുവരുമോ എന്ന് ആശങ്കപ്പെട്ട ആരാധകരെ അമ്ബരപ്പിച്ച്‌ 2023 ജനുവരിയില്‍ കളത്തില്‍ തിരിച്ചെത്തി. ഫോർച്യുന ഡസല്‍ഡോർഫുമായുള്ള സൗഹൃദ മത്സരത്തില്‍ ഇറങ്ങിയ ഹാലറെ കൈയടിയോടെയാണ് സഹതാരങ്ങളും എതിർ താരങ്ങളും കാണികളുമെല്ലാം വരവേറ്റത്. ടീമിനൊപ്പം ചേർന്ന് എട്ട് മാസത്തിന് ശേഷം 2023 ഫെബ്രുവരിയിലാണ് ആദ്യ ഗോള്‍ നേടുന്നത്.ഐവറി കോസ്റ്റ് മൂന്നാമതും ചാമ്ബ്യന്മാരായതിന്റെ സന്തോഷം കണ്ണീരണിഞ്ഞാണ് ഹാലർ പങ്കുവെച്ചത്. ഈയൊരു നിമിഷം പലതവണ സ്വപ്നം കണ്ടിരുന്നെന്ന് വെളിപ്പെടുത്തിയ 29കാരൻ, കഴിഞ്ഞ 18 മാസം എനിക്കും കുടുംബത്തിനും വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നെന്നും പറഞ്ഞു. പ്രാഥമിക റൗണ്ടില്‍ ഇക്വട്ടോറിയല്‍ ഗിനിയയോട് എതിരില്ലാത്ത നാല് ഗോളിന് തോല്‍വി വഴങ്ങിയതോടെ ഞങ്ങള്‍ക്ക് മുമ്ബില്‍ പോരാടുകയല്ലാതെ വഴികളില്ലായിരുന്നെന്നും ഹാലർ കൂട്ടിച്ചേർത്തു. നൈജീരിയക്കെതിരെ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ഫ്രാങ്ക് കെസ്സിയുടെ തകർപ്പൻ ഹെഡർ ഗോളിലൂടെയാണ് ഐവറി കോസ്റ്റ് ആഫ്കോണ്‍ ഫൈനലില്‍ തിരിച്ചുവന്നത്. മത്സരം അവസാനിക്കാൻ ഒമ്ബത് മിനിറ്റ് ശേഷിക്കെയായിരുന്നു മത്സരത്തിന്റെ ഗതി നിർണയിച്ച ഹാലറുടെ ഗോള്‍.ഫ്രഞ്ച് പിതാവിന്റെയും ഐവറി കോസ്റ്റുകാരിയായ മാതാവിന്റെയും മകനായി പാരിസിലായിരുന്നു ഹാലറുടെ ജനനം. ഫ്രാൻസിനായി അണ്ടർ 16, 21 തലങ്ങളില്‍ കളിച്ച താരം സീനിയർ തലത്തില്‍ മാതാവിന്റെ രാജ്യത്തിനായി കളിക്കാൻ തീരുമാനിക്കുകയായിരുന്നു. അതിന്റെ ഫലപ്രാപ്തിയായിരുന്നു ആഫ്കോണ്‍ കിരീട നേട്ടം.

You might also like

Leave A Reply

Your email address will not be published.