തിരുവനന്തപുരം: സംസ്ഥാനത്തെ പ്രമുഖ ഐടി ഹബ്ബായ ടെക്നോപാര്‍ക്കിന്‍റെ ഫേസ് ഫോറിലെ (ടെക്നോസിറ്റി, പള്ളിപ്പുറം) 8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിട സമുച്ചയത്തിന് സഹ നിര്‍മ്മാതാക്കളില്‍ നിന്ന് താത്പര്യപത്രം (ആര്‍എഫ് പി) ക്ഷണിച്ചു. ടെക്നോസിറ്റിയിലെ ക്വാഡ് പ്രോജക്ടിന്‍റെ (മിനി ടൗണ്‍ഷിപ്പ്) ഭാഗമായി 30 ഏക്കറില്‍ പൂര്‍ത്തിയാക്കുന്ന കെട്ടിടം 6000 ഐടി പ്രൊഫഷണലുകള്‍ക്ക് ജോലിസ്ഥലം, വിശ്രമം, താമസം എന്നിവ സാധ്യമാക്കുന്നതാണ്. താത്പര്യമുള്ള ഡവലപ്പേഴ്സ് മാര്‍ച്ച് 12 ന് വൈകുന്നേരം 4 ന് മുമ്പായി http://www.technopark.org/ Tenders എന്ന വെബ്സൈറ്റ് ലിങ്ക് വഴി ആര്‍എഫ് പി സമര്‍പ്പിക്കണം.അപേക്ഷകരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നയാള്‍ അഗ്രിമെന്‍റ് തീയതി മുതല്‍ 30 മാസത്തിനുള്ളില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കണം. മതിയായ കാരണമുണ്ടെങ്കില്‍ പരമാവധി 6 മാസത്തെ കാലയളവ് കൂടി അനുവദിക്കും. പദ്ധതി രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ നിര്‍ദ്ദിഷ്ട കെട്ടിടത്തിന്‍റെ 60% ജോലി പൂര്‍ത്തിയാക്കണം. അഗ്രിമെന്‍റ് തീയതി മുതല്‍ 24 മാസത്തിനുള്ളില്‍ ആണ് ഇത് കമ്മീഷന്‍ ചെയ്യേണ്ടത്. ഊര്‍ജ്ജ-പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ആഗോള മാനദണ്ഡങ്ങള്‍ പാലിക്കുകയും കാര്‍ബണ്‍ ന്യൂട്രാലിറ്റി ഉറപ്പാക്കുകയും ചെയ്യുന്ന രീതിയിലായിരിക്കണം നിര്‍മ്മാണം. ഐടി ഓഫീസ് മാതൃക, ബിസിനസ് സെന്‍ററുകള്‍, ഫുഡ് കോര്‍ട്ടുകള്‍, സോളാര്‍ റൂഫ്ടോപ്പുകള്‍, മഴവെള്ള സംഭരണം എന്നിവയ്ക്കുള്ള വ്യവസ്ഥകള്‍ പാലിച്ചിരിക്കണം.
Related Posts
കേരള മുനിസിപ്പല്‍ കെട്ടിട നിയമത്തിലും സ്റ്റാമ്പ് ഡ്യൂട്ടി ഇളവിലും പറഞ്ഞിരിക്കുന്ന അധിക ആനുകൂല്യങ്ങള്‍ക്കൊപ്പം ടെക്നോപാര്‍ക്ക് ഫേസ് ഫോര്‍ ക്ലിയറന്‍സ് ബോര്‍ഡില്‍ നിന്നുള്ള സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സും പദ്ധതിയെ വേഗത്തില്‍ നടപ്പാക്കാന്‍ സഹായിക്കും. കൂടാതെ ഒരേക്കറിന് 2.65 കോടി എന്ന ആകര്‍ഷകമായ വില (അടിസ്ഥാന മൂല്യം) പദ്ധതിയെ സഹ നിര്‍മ്മാതാക്കള്‍ക്ക് ആകര്‍ഷകമാക്കും. ഈ ഘടകങ്ങള്‍ പദ്ധതിയെ വിപണിയില്‍ ലാഭകരമായ നിക്ഷേപ സാധ്യതയുള്ളതാക്കും.ടെക്നോസിറ്റി കാമ്പസിലെ ക്വാഡ് പദ്ധതിയുടെ ഭാഗമായി ഏകദേശം 4.50 ഏക്കര്‍ സ്ഥലത്ത് 8,00,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി/ഐടിഇഎസ് ഓഫീസ് സമുച്ചയമാണ് നിര്‍മ്മിക്കുന്നത്. ഇത് ദീര്‍ഘകാലാവശ്യത്തിന് പാട്ടത്തിന് നല്‍കും. ഐടി പ്രൊഫഷണലുകള്‍ക്ക് ജോലി, ഷോപ്പിംഗ്- പാര്‍പ്പിട സൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ കാമ്പസില്‍ ഉണ്ടായിരിക്കും.380 കോടി രൂപ ചെലവിലുള്ള ടെക്നോപാര്‍ക്കിന്‍റെ സ്വന്തം ഐടി ഓഫീസ് കെട്ടിടം 8,50,000 ചതുരശ്ര അടിയില്‍ 5.50 ഏക്കറിലാണ് നിര്‍മ്മിക്കുക. ഇതില്‍ 6,000 പേര്‍ക്ക് ജോലി ചെയ്യാനാകും. 5.6 ഏക്കറില്‍ 9,00,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വാണിജ്യ സമുച്ചയവും 10.6 ഏക്കറില്‍ 1.4 ദശലക്ഷം ചതുരശ്ര അടിയില്‍ 1100 യൂണിറ്റുകളുള്ള പാര്‍പ്പിട സമുച്ചയവും ക്വാഡ് പ്രോജക്റ്റിന് കീഴില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. നാല് ദശലക്ഷം ചതുരശ്ര അടി കെട്ടിടസ്ഥലത്ത് 1600 കോടി രൂപയുടെ നിക്ഷേപമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.ടെക്നോപാര്‍ക്കിന്‍റെ ഏറ്റവുമധികം സ്ഥലലഭ്യതയുള്ള ടെക്നോസിറ്റി ഐടി/ഐടിഇഎസ് കമ്പനികളുടെ അടുത്ത ഡെസ്റ്റിനേഷന്‍ ആയിട്ടാണ് കണക്കാക്കപ്പെടുന്നത്. പ്രത്യേക സാമ്പത്തിക മേഖലയില്‍ 43 ഏക്കറും അതല്ലാത്ത 346.74 ഏക്കറുമാണ് ഇവിടെയുള്ളത്. വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലും എയ്റോസ്പേസിലും ശ്രദ്ധ കേന്ദ്രീകരിച്ച് നൂതന ഡിജിറ്റല്‍ ഹബ്ബായി വികസിച്ചുകൊണ്ടിരിക്കുന്ന ഈ കാമ്പസില്‍ നിലവില്‍ 10.33 ഏക്കര്‍ സ്ഥലത്ത് കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നൊവേഷന്‍ ആന്‍ഡ് ടെക്നോളജി (ഡിജിറ്റല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള) പ്രവര്‍ത്തിക്കുന്നു.2023 ഏപ്രിലില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്‍റെ പ്രാരംഭഘട്ടം ടെക്നോസിറ്റിയില്‍ ഇതിനകം പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. ടെക്നോപാര്‍ക്കിന്‍റെ കബനി ഓഫീസ് സമുച്ചയം 2 ലക്ഷം ചതുരശ്ര അടിയില്‍ ടെക്നോസിറ്റിയില്‍ പ്രവര്‍ത്തിക്കുന്നു. സണ്‍ടെക് ബിസിനസ് സൊല്യൂഷന്‍സ് 10 ഏക്കര്‍ സ്ഥലത്ത് 3.1 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആദ്യത്തെ ഐടി കെട്ടിടം കാമ്പസില്‍ പൂര്‍ത്തിയായി. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് ലിമിറ്റഡിന്‍റെ (ടിസിഎസ്) 5 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ആദ്യ ഐടി കെട്ടിടത്തിന്‍റെ നിര്‍മാണം പുരോഗമിക്കുന്നു. ഇത് 2024 ഡിസംബറില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു. 94 ഏക്കര്‍ ഭൂമി ഉള്‍ക്കൊള്ളുന്ന ടിസിഎസിന്‍റെ ഈ പ്രധാന പദ്ധതി ഐഒടി, ബ്ലോക്ക് ചെയിന്‍, റോബോട്ടിക്സ്, എഐ, എംഎല്‍ തുടങ്ങിയ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇത് ഫേസ് ഫോറില്‍ 20 ലക്ഷം ചതുരശ്ര അടിയില്‍ അടുത്ത 5 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.ടെക്നോസിറ്റിയിലെ 18.56 ഏക്കര്‍ സ്ഥലത്ത് വികസിപ്പിച്ചെടുത്ത സ്പേസ് പാര്‍ക്ക് കെസ്പേസ് സ്ഥാപിക്കും. ബഹിരാകാശ സാങ്കേതികവിദ്യ, പ്രതിരോധ മേഖലകളിലെ വ്യവസായങ്ങള്‍ കൊണ്ടുവരാനാണ് ഇത് പദ്ധതിയിടുന്നത്. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ സെന്‍റര്‍ ഓഫ് എക്സലന്‍സ് ടെക്നോസിറ്റിയില്‍ 3 ഏക്കറില്‍ രൂപീകരിക്കും. ഒരു ഫെസിലിറ്റി സെന്‍ററും ഗവേഷണ-വികസന കേന്ദ്രവും പാര്‍ക്കില്‍ ഉണ്ടായിരിക്കും. ഐടിഐ/പോളിടെക്നിക്/എന്‍ജിനീയറി ങ് യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഹ്രസ്വകാല പരിശീലനം നല്‍കുന്നതിനായി 9.79 ഏക്കര്‍ സ്ഥലത്ത് എംഎസ്എഇ ടെക്നോളജി സെന്‍റര്‍ വരുന്നു. ഇതിനുള്ള ഭൂമി പാട്ടക്കരാര്‍ കൈമാറി. പ്രവൃത്തി ഉടന്‍ ആരംഭിക്കും.മികച്ച നൈപുണ്യ ശേഷി, കരുത്തുറ്റ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം, എംഎസ്എംഇകള്‍ക്കുള്ള പിന്തുണ, വളര്‍ന്നുവരുന്ന സ്പേസ്-എയ്റോസ്പേസ് ഇക്കോസിസ്റ്റം, ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളുടെ മികവിന്‍റെ കേന്ദ്രങ്ങള്‍ എന്നിവ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങളുള്ള ടെക്നോളജി-ബിസിനസ് ഹബ്ബായി വികസിക്കാനുള്ള എല്ലാ സാധ്യതകളും ടെക്നോസിറ്റിയിലുണ്ട്. ക്വാഡ് പ്രോജക്ട് ടെക്നോസിറ്റിയിലെ ഐടി, സാമൂഹിക-അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ വികസനം ഒരുപോലെ വര്‍ധിപ്പിക്കും.