മൃഗങ്ങള്‍ക്കുവേണ്ടിയുള്ള അത്യാധുനിക ആശുപത്രിയുമായി രത്തൻ ടാറ്റ

0

മുംബൈ മഹാലക്ഷ്മിയില്‍ 2.2 ഏക്കറില്‍ 165 കോടി രൂപ ചെലവില്‍ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ വെറ്റിനറി ആശുപത്രിയായ ടാറ്റ ട്രസ്റ്റ് സ്മോള്‍ അനിമല്‍സ് ഹോസ്പിറ്റല്‍ നിർമിച്ചിരിക്കുന്നത്.എല്ലാ വളർത്തുമൃഗങ്ങള്‍ക്കും ഇവിടെ 24 മണിക്കൂറും അത്യാധുനിക ചികില്‍സയും പരിചരണവും ലഭ്യമാകും.കിടത്തി ചികില്‍സിക്കാനുള്ള സൗകര്യം, സോഫ്റ്റ് ടിഷ്യു, ഓർത്തോപീഡിക് സർജറികള്‍ ഉള്‍പ്പെടെ നടത്താവുന്ന നാല് ഓപ്പറേഷൻ തിയേറ്റർ, ഐസിയു, ഐ ഡിപ്പൻ്റൻസി, ജനറല്‍ വാർഡുകള്‍, എംആർഐ, സിടി, എക്സ്റേ, അള്‍ട്രാസൌണ്ട് സ്കാൻ സൌകര്യങ്ങള്‍, പതോളജി വിഭാഗം, ഡെൻ്റല്‍, ഒഫ്താല്‍മോളജി എന്നുവേണ്ട, ത്വക് രോഗ വിഭാഗമടക്കം എല്ലാ അത്യാധുനിക ചികില്‍സയും ഇവിടെ ഉണ്ട് . ലോകപ്രശസ്ത വെറ്റിനറി ഡോക്ടർ തോമസ് ഹീത്കോട്ടാണ് ആശുപത്രിക്ക് നേതൃത്വം നല്‍കുന്നത്. റോയല്‍ വെറ്റിനറി കോളജ് ഓഫ് ലണ്ടൻ ഉള്‍പ്പെടെ ബ്രിട്ടണിലെ 5 വെറ്ററിനറി സ്കൂളുകളുമായി പരിശീലന കരാറും ഇതിനോടകം ഒപ്പുവച്ചു കഴിഞ്ഞു.സന്ധിവേദന മൂലം തളർന്നു വീണ തൻ്റെ വളർത്തുനായയെ ചികില്‍സിക്കാൻ അമേരിക്കയിലെ മിനസോട്ട യൂണിവേഴ്സിറ്റി ആശുപത്രിയില്‍ വരെ ശസ്ത്രക്രിയയ്ക്കായി രത്തൻ ടാറ്റക്ക് കൊണ്ടുപോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ വൈകിപ്പോയതിനാല്‍ നായ പൂർണസുഖം പ്രാപിച്ചില്ല. ആ അനുഭവമാണ് ആശുപത്രിയുടെ നിർമാണത്തിലേക്ക് വഴിയൊരുക്കിയത്.പിന്നീട് 2012 നു ശേഷമേ ഈ പദ്ധതിക്ക് തുടക്കം കുറിക്കാൻ കഴിഞ്ഞുള്ളു. 2017ല്‍ നവിമുംബൈയിലെ കലംബൊലിയിലാണ് ആദ്യം ആശുപത്രിക്കുവേണ്ടി സ്ഥലം കണ്ടെത്തിയതെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ യാത്ര ചെയ്തെത്താനുള്ള ബുദ്ധിമുട്ട് മൂലം മുബൈയിലെ പ്രധാനയിടത്ത് തന്നെ ആശുപത്രി നിർമിക്കാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് മഹാലക്ഷ്മിയില്‍ സ്ഥലം പാട്ടത്തിനെടുത്തതും നിർമാണം തുടങ്ങിയതും .സർക്കാർ അനുമതികളും കോവിഡും എല്ലാം നിർമാണം വൈകിച്ചു. ഒരു പതിറ്റാണ്ടിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ആണ് ആശുപത്രി പ്രവർത്തനസജ്ജമായത്. അടുത്ത മാസം ഉദ്ഘാടനം നടക്കുന്നതോടെ ഇത് ഇന്ത്യയിലെ ഏറ്റവും വലിയ സിംഗിള്‍ മള്‍ട്ടി സ്പെഷല്‍റ്റി അനിമല്‍ ഹെല്‍ത്ത് കെയർ സെൻ്ററാകും.

You might also like
Leave A Reply

Your email address will not be published.