കടല്‍പ്പായലില്‍ നിന്ന് ഭക്ഷണപാത്രവും ലെതര്‍ ബദലുകളും; സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സാങ്കേതികവിദ്യ അക്വാഗ്രിക്ക് കൈമാറി
തിരുവനന്തപുരം: കടല്‍പ്പായല്‍, പുറന്തോടുള്ള കടല്‍ജീവികള്‍ എന്നിവയില്‍ നിന്ന് വിവിധോപയോഗ ഭക്ഷണപാത്രങ്ങളും (ബയോഡീഗ്രേഡബിള്‍ ടേബിള്‍വെയര്‍) പ്രകൃതിസൗഹൃദ ലെതര്‍ ബദലുകളും നിര്‍മ്മിക്കുന്നതിനായി സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ സാങ്കേതികവിദ്യ തമിഴ് നാട് ആസ്ഥാനമായ അക്വാഗ്രി പ്രോസസിംഗ് പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി. ഇതു സംബന്ധിച്ച ധാരണാപത്രം ഇരു സ്ഥാപനങ്ങളും തമ്മില്‍ ഒപ്പുവച്ചു. ഇന്ത്യന്‍ ഫാര്‍മേഴ്സ് ഫെര്‍ട്ടിലൈസര്‍ കോഓപ്പറേറ്റീവിന്‍റെ (ഐഎഫ്എഫ്സിഒ) ദേശീയ സംരംഭമാണ് അക്വാഗ്രി.സിഎസ്ഐആര്‍-എന്‍ഐഐഎസ്ടിയുടെ തിരുവനന്തപുരം പാപ്പനംകോട് കാമ്പസില്‍ നടന്ന ചടങ്ങില്‍ സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ സി.അനന്തരാമകൃഷ്ണന്‍ അക്വാഗ്രി ഡയറക്ടര്‍ തന്‍മയേ സേത്തിന് ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി. ഈ സഹകരണം കടല്‍പ്പായല്‍ കൃഷിയിലും സംസ്കരണത്തിലുമുള്ള അക്വാഗ്രിയുടെ അനുഭവപരിചയവും അത്യാധുനിക സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതില്‍ എന്‍ഐഐഎസ്ടിയുടെ വൈദഗ്ധ്യവും ഐഎഫ്എഫ്സിഒയുടെ വിപുലമായ കാര്‍ഷിക വിതരണ ബന്ധവും കോര്‍ത്തിണക്കാന്‍ സഹായിക്കും. ഇത് തുകല്‍ വ്യവസായത്തിന് സുസ്ഥിര പരിഹാരവും ഉപഭോക്താക്കള്‍ക്ക് പ്ലാസ്റ്റിക് രഹിത-പരിസ്ഥിതി സൗഹൃദ ബദലും സാധ്യമാക്കും. ഈ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള പൈലറ്റ് ഉല്‍പ്പാദന കേന്ദ്രം തമിഴ് നാട്ടിലെ മാനാമധുരയില്‍ സ്ഥാപിക്കും.ഇന്ത്യക്ക് 8100 കിലോമീറ്റര്‍ തീരപ്രദേശവും 2.17 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ (മൊത്തം ഭൂപ്രദേശത്തിന്‍റെ 66% ന് തുല്യം) പ്രത്യേക സാമ്പത്തിക മേഖലയുമുണ്ടെന്നും അവിടത്തെ മനുഷ്യരില്‍ ഏതാണ്ട് 30% സമുദ്ര വിഭവങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരാണെന്നും സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഡയറക്ടര്‍ സി.അനന്തരാമകൃഷ്ണന്‍ പറഞ്ഞു. വൈവിധ്യമാര്‍ന്ന കടല്‍പ്പായലുകളുടെ വളര്‍ച്ചയെ സഹായിക്കുന്നതാണ് ഇന്ത്യയിലെ തീരദേശ ആവാസവ്യവസ്ഥ. ഈ പരിസ്ഥിതി സൗഹൃദ ബദലുകളുടെ ഉത്പാദനത്തില്‍ ഭാഗമാകുന്നതിലൂടെ തീരവാസികളുടെയും കര്‍ഷകരുടെയും വരുമാനം വര്‍ധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി സയന്‍റിസ്റ്റ് ഡോ. ആഞ്ജനേയലു കൊത്തകൊട്ടയുടെ നേതൃത്വത്തിലാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്കരണം എന്നിവയില്‍ പ്രയോജനപ്പെടുത്തുന്ന കടല്‍പ്പായല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിലാണ് അക്വാഗ്രി ഏര്‍പ്പെട്ടിരിക്കുന്നത്. ഐഎഫ്എഫ്സിഒയുടെ ഉപസ്ഥാപനമായ ഐഎഫ്എഫ്സിഒ ബസാര്‍ ലിമിറ്റഡിന് 2017 മുതല്‍ അക്വാഗ്രിയില്‍ 50% ഓഹരിയുണ്ട്.