മെഡിക്കല്‍ മേഖലയിലേക്ക് ഐഇഡിസി കള്‍ വ്യാപിപ്പിക്കുന്നതിനുള്ള ശില്പശാലകള്‍ക്ക് തുടക്കം

0
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ സ്ഥാപനങ്ങളില്‍ ഇന്നൊവേഷന്‍ ആന്‍റ് എന്‍റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെല്ലുകള്‍ (ഐഇഡിസി) സ്ഥാപിക്കുന്നതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കെഎസ് യുഎമ്മിന്‍റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിക്കുന്ന ശില്പശാലകള്‍ക്ക് തിരുവനന്തപുരത്ത് തുടക്കമായി.കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം (കെഎംടിസി), ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ), ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷന്‍, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് എന്നിവയുമായി സഹകരിച്ചാണ് ശില്പശാലകള്‍ സംഘടിപ്പിക്കുക.സംസ്ഥാന ആരോഗ്യ- കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി  എ പി എം മുഹമ്മദ് ഹനീഷ് കേരളത്തിലെ മെഡിക്കല്‍ കോളേജുകളിലെയും ഡെന്‍റല്‍ കോളേജുകളിലെയും പ്രതിനിധികളുമായി സംവദിച്ചു. വര്‍ഷങ്ങളായി ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ അനുഭവ സമ്പത്ത് ഈ മേഖലയിലെ വെല്ലുവിളികള്‍ക്ക് പരിഹാരം തേടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയണം. രോഗി പരിചരണം, ചികിത്സാ രീതികള്‍, ആരോഗ്യമേഖലയിലെ പുത്തന്‍ പ്രവണതകള്‍ എന്നിവയെക്കുറിച്ചുള്ള വിദഗ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്നും എ പി എം മുഹമ്മദ് ഹനീഷ് പറഞ്ഞു.

സംസ്ഥാന ഇലക്ട്രോണിക്സ്, ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍,  കെഎസ് യുഎം സിഇഒ  അനൂപ് അംബിക, കേരള മെഡിക്കല്‍ ടെക്നോളജി കണ്‍സോര്‍ഷ്യം (കെഎംടിസി) സ്പെഷ്യല്‍ ഓഫീസര്‍ സി. പത്മകുമാര്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളേജുകള്‍ക്കുള്ളിലെ ഐഇഡിസി കള്‍ വഴി അക്കാദമിക്ക് സമൂഹവും വ്യവസായവും തമ്മിലുള്ള വിടവ് നികത്തുന്നതിലൂടെ ആരോഗ്യ മേഖലയിലെ നൂതനാശയ, സംരംഭങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാകുമെന്ന് സംസ്ഥാന ഇലക്ട്രോണിക്സ്, ഐടി സെക്രട്ടറി ഡോ. രത്തന്‍ യു കേല്‍ക്കര്‍ അഭിപ്രായപ്പെട്ടു.ആരോഗ്യ സംരക്ഷണ മേഖലയെ പിന്തുണയ്ക്കുന്നതില്‍ ഐഇഡിസി കള്‍ക്കുള്ള പങ്ക് നിര്‍ണായകമാണെന്ന് കെഎസ് യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു.മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്കുള്ളില്‍ ഐഇഡിസികള്‍ നടപ്പിലാക്കുന്നതിനുള്ള സമഗ്രമായ ചട്ടക്കൂട് വികസിപ്പിക്കുന്നതില്‍ വിവിധ മേഖലകളില്‍ ഉള്ളവരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്‍റെ ആവശ്യകത, മെഡ്ടെക് വ്യവസായത്തിന്‍റെ പ്രാധാന്യം , ഉയര്‍ന്നുവരുന്ന പുത്തന്‍ പ്രവണതകള്‍,  മെഡ്ടെക് മേഖലയുമായി ബന്ധപ്പെട്ട വെല്ലുവിളികളും അവസരങ്ങളും, പുതിയ ആശയങ്ങളുമായി എത്തുന്നവരും ഡോക്ടര്‍മാരും വ്യവസായികളും തമ്മിലുള്ള സഹകരണത്തിന്‍റെ പ്രാധാന്യം തുടങ്ങിയവ ശില്പശാലയില്‍ ചര്‍ച്ച ചെയ്തു.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) കേരള ചാപ്റ്റര്‍ പ്രസിഡന്‍റ് ഡോ. ജോസഫ് ബെനവന്‍, എസ് സി ടി ഐ എം എസ് ടി ടൈമെഡ് സിഇഒ ബല്‍റാം. എസ്, എസ് സി ടി ഐ എം എസ് ടി ഡയറക്ടര്‍ ഡോ. സഞ്ജയ് ബിഹാരി എന്നിവര്‍ വിവിധ സെഷനുകളില്‍ സംസാരിച്ചു.മാര്‍ച്ച് 15 ന് കോഴിക്കോടും മാര്‍ച്ച് 22 ന്  കൊച്ചിയിലും ശില്പശാലകള്‍ സംഘടിപ്പിക്കും.അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായാണ് സംസ്ഥാനത്തെ കോളേജുകളില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഐഇഡിസി കള്‍ സ്ഥാപിച്ചത്.
അധ്യാപകരിലും വിദ്യാര്‍ത്ഥികളിലും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായാണ് സംസ്ഥാനത്തെ കോളേജുകളില്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഐഇഡിസി കള്‍ സ്ഥാപിച്ചത്. ആരോഗ്യ പരിപാലന മേഖലയിലേയും ഉത്പന്ന വിതരണത്തിലേയും വിടവുകള്‍ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും ആരോഗ്യമേഖലയിലെ ഐഇഡിസികളുടെ സാധ്യത ഉപയോഗിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.മെഡിക്കല്‍/എഞ്ചിനീയറിംഗ്/ആര്‍ട്സ് ആന്‍റ് സയന്‍സ് സ്ഥാപനങ്ങള്‍ക്കിടയില്‍ ക്ലസ്റ്ററുകള്‍ സൃഷ്ടിക്കുകയും ഉത്പന്ന വികസനം സാധ്യമാക്കുകയും ചെയ്യുക എന്നതാണ് ശില്‍പശാലയുടെ ലക്ഷ്യങ്ങളിലൊന്ന്. ടെക്നോളജി വര്‍ക്ക് ഷോപ്പുകള്‍, ബൂട്ട്ക്യാമ്പുകള്‍, ഹാക്കത്തോണുകള്‍ എന്നിവ നടത്തുന്നതിന് പുറമെ സാങ്കേതിക കൈമാറ്റത്തിനും പേറ്റന്‍റ് ലഭ്യമാക്കുന്നതിനും ഐഇഡിസി കളെ പദ്ധതി വഴി പിന്തുണയ്ക്കും.

You might also like
Leave A Reply

Your email address will not be published.