വിമാനത്താവളങ്ങള്‍, കഫേകള്‍, ഹോട്ടലുകള്‍, ബസ് സ്റ്റാൻഡുകള്‍ എന്നിവിടങ്ങളിലെ ചാർജിംഗ് പോർട്ടുകള്‍ ഉപയോഗിക്കരുതെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കിയിരിക്കുന്നത്.
യുഎസ്ബി ചാർജർ തട്ടിപ്പുകള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ബോധവത്കരണത്തിന്റെ ഭാഗമായി കേന്ദ്ര സൈബർ സുരക്ഷാ ഏജൻസിയായ സോള്‍ട്ട്‌ഇനാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ചാർജിംഗ് പോയിന്റുകള്‍ മുഖേന ഉണ്ടാകുന്ന സൈബർ ആക്രമണങ്ങളെ ജ്യൂസ് ജാക്കിംഗ് എന്നാണ് അറിയപ്പെടുന്നത്. പൊതു ഇടങ്ങളില്‍ ലഭ്യമായിട്ടുള്ള സൗജന്യ ചാർജിംഗ് പോയിന്റുകള്‍ മുഖേന ഉപകരണങ്ങളില്‍ നിന്ന് ഹാക്കർമാർ ഡാറ്റ ചോർത്തിയെടുക്കുന്ന രീതിയാണ് ജ്യൂസ് ഹാക്കിംഗ്. വിമാനത്താവളങ്ങള്‍, ബസ് സ്റ്റാൻഡുകള്‍, റെയില്‍വേ സ്‌റ്റേഷനുകള്‍, പാർക്കുകള്‍, മാളുകള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സൗജന്യ ചാർജിംഗ് പോയിന്റുകളാണ് ഹാക്കർമാർ നിയന്ത്രണത്തിലാക്കിയിരിക്കുന്നത്. ചാർജിംഗിനായുള്ള യുഎസ്ബി പോർട്ടുകളും പ്രീപ്രോഗ്രാം ചെയ്ത ഡാറ്റാ കേബിളുകളുമാണ് വിവരങ്ങള്‍ കൈക്കലാക്കുന്നതിനായി ഇക്കൂട്ടർ ഉപയോഗിക്കുന്നത്.ചാർജിംഗിന് വേണ്ടി നല്‍കുന്ന പ്ലഗ്ഗുകളില്‍ കൃത്രിമത്വം വരുത്തിയാകും നിയന്ത്രണം കൈക്കലാക്കുക. പ്രീപ്രോഗ്രാം ചെയ്ത ഡാറ്റാ കേബിള്‍ മ്റ്റാരോ മറന്നു വച്ചുവെന്ന് തോന്നിക്കുന്ന രീതിയില്‍ ചാർജിംഗ് പോയിന്റുകളില്‍ കണക്‌ട് ചെയ്തിട്ട ശേഷം ഇവർ മാറിയിരിക്കുന്നുണ്ടാകാം. ഈ ചാർജർ കേബിളുകളില്‍ നമ്മുടെ ഇലക്‌ട്രോണിക് ഉപകരണം ബന്ധിപ്പിക്കുന്നതോടെ ഹാക്ക് ചെയ്യപ്പെടുന്നു. ചാർജിംഗിനും ഡാറ്റാ കൈമാറ്റത്തിനുമായി അധികം ആളുകളും ഉപയോഗിക്കാറുള്ളത് ഒരേ കേബിള്‍ തന്നെയാണ്. ഈ സാഹചര്യമാണ് ഇക്കൂട്ടർ മുതലെടുക്കുന്നത്.