തിരുവനന്തപുരം: ലോക് സഭാ തെരഞ്ഞെടുപ്പില്‍ മാലിന്യ സംസ്കരണത്തിലും ഹരിത ചട്ടപാലനത്തിലും രാജ്യത്തിന് മാതൃകയാക്കാവുന്ന പ്രവര്‍ത്തനങ്ങളുമായി കേരളം. മാലിന്യത്തിന്‍റെ അളവ് കുറയ്ക്കുന്നതിനായി ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കുന്ന വസ്തുക്കളുടെയും പ്ലാസ്റ്റിക്കിന്‍റെയും ഉപയോഗം പരിമിതപ്പെടുത്തിയാണ് സംസ്ഥാനം മാതൃകയാകുന്നത്. പ്രചാരണ വേളയിലും ബൂത്തുകളിലും പുനരുപയോഗിക്കാവുന്ന വസ്തുക്കളാണ് കൂടുതലായി ഉള്‍പ്പെടുത്തിയത്.
ബൂത്തുകളില്‍ നിന്നുള്‍പ്പെടെ തരംതിരിച്ച് ശേഖരിക്കുന്ന മാലിന്യം ഹരിതകര്‍മ്മ സേനയുടെയും ശുചീകരണ തൊഴിലാളികളുടെയും സഹകരണത്തോടെ ശാസ്ത്രീയ സംസ്കരണ കേന്ദ്രങ്ങള്‍ക്ക് കൈമാറിയാണ് മാലിന്യമുക്ത തെരഞ്ഞെടുപ്പെന്ന ലക്ഷ്യത്തിലേക്ക് എത്തുന്നത്. എല്ലാ ജില്ലകളിലും ഈ നടപടിക്രമങ്ങള്‍ കൃത്യമായി പാലിക്കാനായി.കാസര്‍കോട്ടെ പോളിംഗ് കേന്ദ്രങ്ങളില്‍ രണ്ടു വിധത്തിലുളള ബിന്നുകള്‍ സ്ഥാപിക്കുകയും മേല്‍നോട്ടത്തിനായി ഹരിത കര്‍മ്മസേനാംഗങ്ങളെ നിയോഗിക്കുകയും ചെയ്തു. മലപ്പുറത്ത് ‘വോട്ട് ചെയ്യാം പ്രകൃതിയെ തോല്‍പ്പിക്കാതെ’ എന്ന കാമ്പയിന്‍ സംഘടിപ്പിച്ചു. 25 മാതൃകാ ഹരിത ബൂത്തുകളും ജില്ലയിലുണ്ട്. പാലക്കാട് ഹരിതകര്‍മ്മ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ വിലയിരുത്തുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയതിനൊപ്പം ഉദ്യോഗസ്ഥര്‍ക്ക് ഗ്രീന്‍ പ്രോട്ടോകോള്‍ സംബന്ധിച്ച ക്ലാസ്സുകളും സംഘടിപ്പിച്ചു.
Related Posts
കോഴിക്കോട് വിതരണ കേന്ദ്രങ്ങളിലും ബൂത്തുകളിലും എന്‍എസ്എസ്സുമായി ചേര്‍ന്ന് 4000 ഹരിത സന്നദ്ധപ്രവര്‍ത്തകരെ നിയോഗിച്ചായിരുന്നു മാലിന്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. ജില്ലയില്‍ 20 ബൂത്തുകള്‍ പൂര്‍ണമായും ഹരിതചട്ടം പാലിച്ചാണ് പ്രവര്‍ത്തിക്കുന്നത്. വയനാട് എല്ലാ ബൂത്തിലും ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്ക് മാലിന്യപരിപാലന ചുമതല നല്‍കി. തൃശ്ശൂരില്‍ നിയോജക മണ്ഡല അടിസ്ഥാനത്തില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച് പരിശീലനം നല്‍കിയതിനൊപ്പം രാഷ്ട്രീയകക്ഷികള്‍ക്കുള്ള ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.ഹരിത ബൂത്ത്, ചുവര്‍ചിത്രം, ഡോക്യുമെന്‍ററി പ്രദര്‍ശനങ്ങള്‍, ഫ്ളാഷ് മോബ്, ഹരിത ബൂത്തുകള്‍, ഡിജിറ്റല്‍ പോസ്റ്ററുകള്‍, സൈക്കിള്‍ റാലി എന്നിവയിലൂടെയായിരുന്നു എറണാകുളത്തെ ഹരിത തെരഞ്ഞെടുപ്പ് പ്രചരണം. ആലപ്പുഴയില്‍ സ്ഥാനാര്‍ഥികള്‍ക്കായി പുനരുപയോഗിക്കാവുന്ന സ്റ്റീല്‍ കുപ്പി, തുണിസഞ്ചി, തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഹരിതചട്ട കൈപ്പുസ്തകം എന്നിവ ഉള്‍പ്പെടുത്തിയ കിറ്റ് കളക്ടര്‍ കൈമാറി. ജില്ലയിലെ നഗരസഭകളില്‍ രണ്ട് ഹരിത ബൂത്തുകളും സജ്ജമാക്കി.
കോട്ടയത്ത്, അനുവദനീയമല്ലാത്ത പ്രചരണവസ്തുക്കള്‍ പിടിച്ചെടുക്കുന്നതിനായി എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് തെരഞ്ഞെടുപ്പ് ആന്‍റി ഡിഫേയ്സ്മെന്‍റ് സ്ക്വാഡുമായി ചേര്‍ന്ന് ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കിയില്‍ ‘ശുചിത്വായനം-ശുചിത്വത്തിലേക്കൊ രു ചുവട്’ എന്ന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയാണ് സംഘടിപ്പിച്ചത്. പത്തനംതിട്ടയില്‍ എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നേതൃത്വത്തില്‍ പ്രിന്‍റിംഗ് സ്ഥാപനങ്ങളില്‍ നിരോധിത ഫ്ളക്സുമായി ബന്ധപ്പെട്ട പരിശോധന നടത്തി. കൊല്ലത്ത് ഹരിത തെരഞ്ഞെടുപ്പ് സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനായി ജില്ലാ സൈക്ലിംഗ് അസോസിയേഷനും അത്ലറ്റിക് അസോസിയേഷനുകളുമായി സൈക്കിള്‍ റാലി സംഘടിപ്പിച്ചു.തിരുവനന്തപുരത്ത് ബൂത്തുകള്‍ കൂടുതലുള്ള പോളിങ് സ്റ്റേഷനുകളില്‍ ബയോ ടോയ് ലറ്റുകള്‍ സ്ഥാപിച്ചു. ഇവിഎം മെഷീനുകള്‍ സൂക്ഷിക്കുന്ന മാര്‍ ഇവാനിയോസ് കാമ്പസിലെ സ്റ്റോര്‍ റൂമുകളില്‍ മാലിന്യം കൈകാര്യം ചെയ്യുന്നതിനായി കോര്‍പ്പറേഷനുമായി ചേര്‍ന്ന് ജൈവ-അജൈവ ബിന്നുകള്‍, ബോട്ടില്‍ ബൂത്തുകള്‍ എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഹരിതചട്ട പാലനത്തിന്‍റെ ഭാഗമായി ശുചിത്വ മിഷന്‍ കൈപ്പുസ്തകവും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് മാര്‍ഗരേഖയും പ്രസിദ്ധീകരിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച പരിശീലനം ശുചിത്വ മിഷനും ജില്ലാ ഭരണകൂടവും സംയുക്തമായി നല്‍കി.