‘കലപില’ വേനലവധിക്കാല ക്യാമ്പിന് തുടക്കം

0
തിരുവനന്തപുരം: കളിയും ചിരിയും കലയും കായിക പ്രവര്‍ത്തനങ്ങളും കോര്‍ത്തിണക്കിയ  ‘കലപില’  വേനലവധിക്കാല ക്യാമ്പിന് തുടക്കമായി. സ്ക്രീനുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന അവധിക്കാലത്തോട് വിട പറഞ്ഞാണ് വെള്ളാറിലെ കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന അവധിക്കാല ക്യാമ്പില്‍ കുരുന്നുകളെത്തിയത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജും കേരള അക്കാദമി ഫോര്‍ സ്കില്‍സ് എക്സലന്‍സും ചേര്‍ന്നാണ് വിദ്യാര്‍ഥികള്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കുന്നത്.
പരാഗ് പന്തീരങ്കാവിന്‍റെ നേതൃത്വത്തില്‍ ഉപയോഗശൂന്യമായ വസ്തുക്കള്‍ ഉപയോഗിച്ച്  ‘കലപില’ പ്രമേയത്തില്‍ നിര്‍മ്മിച്ച പത്ത് കലാസൃഷ്ടികള്‍ ക്രാഫ്റ്റ് വില്ലേജ് ക്യാമ്പസിന്‍റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചുകൊണ്ടായിരുന്നു തുടക്കം. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ വിപിന്‍ദാസ് പരപ്പനങ്ങാടി നേതൃത്വം നല്‍കിയ നാടക ശില്‍പശാല, ദീപക് വിയുടെ ഓപ്പണ്‍ മൈക്ക് എന്നിവയും ക്യാമ്പിനെ മികവുറ്റതാക്കി. പുന്നാട് പൊലികയുടെ നാടന്‍പാട്ടോടു കൂടി കലപില ക്യാമ്പിന്‍റെ ആദ്യ ദിനം അവസാനിച്ചു.റെസിഡന്‍ഷ്യല്‍ ആയി സംഘടിപ്പിക്കുന്ന ക്യാമ്പില്‍ രാവിലെ 8 മുതല്‍ വൈകിട്ട് 10 വരെ വിവിധ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിരിക്കും. റെസിഡന്‍ഷ്യല്‍ ക്യാമ്പ് സാധിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് തിരുവനന്തപുരം പരിധിയില്‍ യാത്രാ സൗകര്യം സജ്ജീകരിച്ചിട്ടുണ്ട്.കുട്ടികള്‍ തന്നെ  ചായക്കൂട്ടുകള്‍ നിര്‍മിച്ച് ചെയ്യുന്ന ചിത്രകലാ പരിശീലനം, ഫേസ് പെയിന്‍റിംഗ് (മുഖത്തെഴുത്ത്), കളരി, സ്കേറ്റിംഗ്, മ്യൂസിക്ക്, ഫോട്ടോഗ്രഫി, നാടകക്കളരി, കളിമണ്ണില്‍ പാത്ര- ശില്‍പ നിര്‍മാണം, കുരുത്തോല ക്രാഫ്റ്റ്, പട്ടം ഉണ്ടാക്കി പറത്തല്‍, അനിമല്‍ ഫ്ളോ, വാന നിരീക്ഷണം, നൈറ്റ് വാക്ക്, പ്രകൃതി നിരീക്ഷണം, ഗണിതത്തിന്‍റെ ലോകം, എഴുത്തുകാരെ പരിചയപ്പെടല്‍, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.
60 കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പ് മേയ് 21 സമാപിക്കും.

You might also like
Leave A Reply

Your email address will not be published.