മനുഷ്യ വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനായി രൂപീകരിച്ച അന്താരാഷ്ട്ര, ദേശീയ വിദഗ്ധരടങ്ങുന്ന സമിതിയുടെ പ്രഥമ ഓൺലൈൻ യോഗം 06.05.2024 രാവിലെ പത്ത് മണി മുതൽ ഉച്ചകഴിഞ്ഞ് 2 മണി വരെ നടന്നു
വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍, കേരളത്തിലെ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങൾ ലഘൂകരിക്കുന്നതിനും, ഫലപ്രദമായ ദീർഘകാല- ഹ്രസ്വകാല പ്രതിരോധ, പരിഹാര പ്രവർത്തനങ്ങൾ നിർദേശിച്ച് നടപ്പാക്കുന്നതിനുമായി സർക്കാർ രൂപീകരിച്ച അന്താരാഷ്ട്ര, ദേശീയ തലങ്ങളിലെ വിധഗ്ധരടങ്ങുന്ന സമിതിയുടെ പ്രഥമ ഓൺലൈൻ യോഗം ചേര്‍ന്നു. വനം അഡീഷണൽ ചീഫ് സെക്രട്ടറി കെ എസ് ജ്യോതിലാൽ സ്വാഗതം ആശംസിച്ചു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി ഡോ വി വേണു മുഖ്യപ്രഭാഷണം നടത്തി. യോഗത്തില്‍ വനംവകുപ്പ് മേധാവി ഗംഗാസിങ് വിഷയം അവതരിപ്പിച്ചു.എ പി സി സി എഫ് ഡോ പി പുകഴേന്തി സംസ്ഥാനം നേരിടുന്ന മനുഷ്യ- വന്യജീവി സംഘർഷങ്ങളുടെ നിലവിലെ സ്ഥിതി സംബന്ധിച്ചും, സർക്കാർ, വകുപ്പ് തലങ്ങളിൽ സ്വീകരിച്ച നടപടികൾ സംബന്ധിച്ചും ആമുഖ വിവരണം നടത്തി. കെഎസ്ഡിഎംഎ മെമ്പര്‍ സെക്രട്ടറി ഡോ ശേഖര്‍ കുര്യാക്കോസ്, വന്യജീവി സംഘർഷം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതിനോട് അനുബന്ധിച്ച നടപടികൾ അവതരിപ്പിച്ചു.
തുടർന്ന്വിധഗ്ധ സമിതി അംഗങ്ങളായ ബെന്നോ ബോയര്‍ (യുനെസ്‌കോയിലെ നാച്ചുറല്‍ സയന്‍സ് സ്‌പെഷ്യലിസ്റ്റ്), ഡോ ഷിജു സെബാസ്റ്റ്യന്‍ (അസോസിയേറ്റ് പ്രൊഫസര്‍ ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റി), ഡി.ഭൂമിനാഥന്‍ (WWF കോയമ്പത്തൂര്‍). ഡോ ടാര്‍ഷ് തെക്കേക്കര (അസോസിയേറ്റ് പ്രൊഫസര്‍, സെന്റര്‍ ഫോര്‍ ഹ്യൂമന്‍-വൈല്‍ഡ് ലൈഫ് കോഎക്‌സിസ്റ്റന്‍സ്, യൂണിവേഴ്‌സിറ്റി ഓഫ് ട്രാന്‍സ്-ഡിസിപ്ലിനറി ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് ടെക്‌നോളജി, ബാംഗ്ലൂര്‍), ഡോ ബാലകൃഷ്ണന്‍ (കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പീച്ചി), ഡോ രമേഷ് കൃഷ്ണമൂര്‍ത്തി (വൈല്‍ഡ് ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഡെറാഡൂണ്‍) ഡോ. അഷ്റഫ് (വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ന്യൂഡല്‍ഹി), ഒ പി കലേര്‍ (റിട്ട. ഐ എഫ് സ്), എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകള്‍ നടത്തി.
തുടര്‍ന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഡി ജയപ്രസാദ്, എ പി സി സി എഫ് പ്രമോദ് ജി കൃഷ്ണന്‍ എന്നിവര്‍ വിദഗ്ധരുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ക്രോഡീകരിച്ച് ഭാവി നടപടികൾ സംബന്ധിച്ച് വിശദീകരിച്ചു.സംസ്ഥാന സർക്കാർ വന്യജീവി സംഘർഷ വിഷയങ്ങളിൽ വളരെ ക്രിയാത്മകമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും, സുരക്ഷിതമായ സഹവാസവും പരസ്പര സഹകരണവും വളരെ പ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണിതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് വനം മന്ത്രി പറഞ്ഞു. വന, വന്യജീവി സംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം ജനങ്ങളുടെ സുരക്ഷയും അതിപ്രധാനമാണ്. വന്യജീവി സംഘർഷ സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി വിദേശ രാജ്യങ്ങളിലും, ഇതര സംസ്ഥാനങ്ങളിലും നടപ്പിലാക്കിയ നൂതന രീതികൾ വിദഗ്ധർ അവതരിപ്പിച്ചു. ചെലവ് ചുരുങ്ങിയതും ഫലപ്രദവുമായ പ്രതിരോധ മാർഗങ്ങൾ ഇതര രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും പകർത്താൻ തീരുമാനിച്ചു. സംസ്ഥാനത്ത് തുടർച്ചയായി വന്യമൃഗ സംഘർഷം രൂക്ഷമായി അനുഭവപ്പെടുന്നതായി കണ്ടെത്തിയ പത്ത് പ്രദേശങ്ങളിൽ, ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രതിരോധ, നിവാരണ പ്രവർത്തനങ്ങൾ നടപ്പിലാക്കും നടപ്പിലാക്കുന്നതിനും, അതിനായി ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു. ദുരന്തനിവാരണ അതോറിറ്റിയുമായി ചേര്‍ന്ന് നടത്തുന്ന പ്രവർത്തനങ്ങൾക്കൊപ്പം, വന്യജീവികളുടെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളും വനപ്രദേശങ്ങളിൽ നടപ്പിലാക്കും. കാടിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഉൾവനത്തിൽ ജലലഭ്യത ഉറപ്പാക്കാനും നടപടി സ്വീകരിക്കുന്നതിനും ഏർലി വാണിങ് സിസ്റ്റം ഉൾപ്പെടെ ആധുനിക സാങ്കേതിക വിദ്യയും ഉപകരണങ്ങളും സംവിധാനിക്കുന്നതിനും തീരുമാനിച്ചു. അധിനിവേശ സസ്യങ്ങളുടെ ഉൻമൂലനം ത്വരിതപ്പെടുത്തും. മറ്റ് രാജ്യങ്ങളിൽ അനുവർത്തിക്കുന്ന സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജറുകൾ ഉചിതമായി പകർത്തി നടപ്പാക്കും. വന്യമൃഗ സംഘർഷ ലഘൂകരണത്തിനായി ഓരോ ജീവിക്കും വെവ്വേറെ എസ് ഒ പികൾ തയ്യാറാക്കും. ഓരോ പ്രദേശത്തിനും അനുയോജ്യമായ പ്രശ്നപരിഹാരം നിർദേശിക്കുന്നതിന് വിദഗ്ധ സമിതി അംഗങ്ങളെ ഉൾപ്പെടുത്തി തുടർയോഗങ്ങളും ശിൽപശാലകളും നടത്തുന്നതിനും, ദീർഘകാല, ഹ്രസ്വകാല നടപടികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്നതിനും യോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ ചുമതലകൾ സംബന്ധിച്ച് മാർഗരേഖകൾ തയ്യാറാക്കും. വിവിധ വകുപ്പുകളെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥർ യോഗത്തിൽ സന്നിഹിതരായിരുന്നു.