കവിയത്രി ശൈലജ മുനീറിന്റെ ജീവിതഗന്ധിയായ കവിതയെക്കുറിച്ചും തന്റെ ജീവിത അനുഭവത്തെക്കുറിച്ചും ശൈലജമുനീറിന്റെ ഓർമ്മകൾ അയവിറക്കുന്നു

0

ഞാൻ ഷൈലജമുനീർ
ആലപ്പുഴ ജില്ലയിലെ , ചെന്താമരച്ചോലയിൽ നീരാടി, അത്തിയും ചെത്തിയും ചെമ്പകവും പൂക്കൾചൂടി നിൽക്കുന്ന,മുക്കുറ്റി ചാന്തണിഞ്ഞ, “നൂറനാട്” എന്ന ശാന്തസുന്ദരമായ ഗ്രാമത്തിൽ പരേതരായ എ. മീരാൻ സാഹിബിന്റേയും റഹ്‌മാ ബീവിയുടേയും അഞ്ച് പെൺ മക്കളിൽ ഏറ്റവും ഇളയവളായി ജനനം.
എഴുത്തു വഴിയിൽ എൻ്റെ ആദ്യഗുരുനാഥൻ എന്നെ കൈ പിടിച്ചു നടത്തിയ എൻ്റെ അച്ചൻ തന്നെ. ഹരികഥ അദ്ധ്യാപകനായിരുന്ന അദ്ദേഹം ശിഷ്യഗണങ്ങൾക്ക് പകർന്നു നൽകുന്ന പുരാണ കഥകളും കവിതകളും കേട്ടു വളർന്നബാല്യമാണ് എന്നെ കഥകളുടേയും കവിതകളുടേയും പ്രണയിനിയാക്കിയത്. ബാല്യത്തിലെന്നും എൻ്റെ കൂട്ടുകാർ പുസ്തകങ്ങളായിരുന്നു.
ഭാഗ്യമെന്ന് പറയട്ടെ , അവയൊക്കെ എന്നെ ഏതോ മായാ ലോകങ്ങളിൽ എത്തിച്ചിരുന്നു.
കാണാത്ത നാടുകളും, സഹ്യസാനുക്കളും, താഴ്വാരങ്ങളും കൊട്ടാരങ്ങളും കോട്ടകൊത്തളങ്ങളും പൂന്തോപ്പുകളും അറബിക്കഥകളിലെ രാജകുമാരൻമാരേയും ഹൂറികളേയും ഒക്കെ ഞാൻ അതിലൂടെ കണ്ടിരുന്നു.

‘അഛനിൽ നിന്ന് പകർന്നു കിട്ടിയ എന്തോ ഒന്ന് എന്നെയും എഴുതാൻ പ്രേരിപ്പിച്ചു. ജീവിത വഴികളിലെ ഓരോ കാഴ്ച്ചകളും, വേദനകളും സന്തോഷങ്ങളുമൊക്കെ , അഗ്നിയായും ആനന്ദമായും മാറി മാറി പ്രതിഫലിച്ചപ്പോൾ അവയൊക്കെ ഹൃദയാറകളിലെവിടേയോ …
കഥകളും കവിതകളും യാത്രാവിവരണങ്ങളുമായ്……
മാനസസരസ്സിൽ ഓളപരപ്പുകൾ സൃഷ്ടിച്ചപ്പോൾ, അവ തൂലിക തുമ്പിൽ നിന്നും കടലാസ്സുതുണ്ടുകളിലേക്ക് ഊർന്നു വീണു.
ഒരു പിടി അക്ഷര സ്നേഹികളുടെ പ്രോൽസാഹനത്തിൽ അവയൊക്കെ പലയിടങ്ങളിലായ് പ്രത്യക്ഷപ്പെട്ടു. സഹോദരതുല്യരായവരുടെ താൽപ്പര്യങ്ങളുടേയും സഹായങ്ങളുടേയും ഫലമായ് “ഭ്രാന്തുപൂക്കുമ്പോൾ ”
എന്ന കവിതാ സമാഹാരവും “പരാജിതരായ ചിലന്തികൾ ” എന്ന കഥാസമാഹാരവും പ്രസിദ്ധീകരിക്കുകയും ‘വായനക്കാർ ഹൃദയപൂർവ്വം സ്വീകരിക്കുകയും ചെയ്തത് ഏറെ സന്തോഷം നൽകുന്നു. മൂന്നാമത് കവിതാ സമാഹാരമായ ” ഒറ്റ ശീലയിൽ വിശ്വത്തെ മൂടുന്നവൾ ” എന്ന കൃതിക്കുള്ള പ്രചോദനവും എൻ്റെ പ്രിയ വായനക്കാരും സൗഹ്യദങ്ങളും തന്നെയാണ്.

. മരണക്കിടക്കിയിലും നെഞ്ചോട് ചേർത്ത് പ്രാർത്ഥിച്ച പിതാവിൻ്റെ അനുഗ്രഹവും നിറവാത്സല്യമായിരുന്ന മാതാവിൻ്റെ ആത്മീയാംശവുമായിരിക്കാം എന്നെ ഇന്ന് ഇതുവരെ എത്തിച്ചത് എന്ന് വിശ്വസിക്കുന്നു.

എരുമക്കുഴി LPS , . CB M HS നൂറനാട്’ M.S. M കോളേജ് കായംകുളം, N. S.S കോളേജ് പന്തളം എന്നിവിടങ്ങളിൽ പഠനം ‘

ഭർത്താവും മക്കളും സഹോദരങ്ങളും നവമാധ്യമങ്ങളും തരുന്ന പ്രചോദനം മുന്നോട്ടു പോകാനുള്ള ധൈര്യമേകുന്നു
അദ്ധ്യാപനത്തോടൊപ്പം കലാ സാഹിത്യ രംഗങ്ങളിലും സാമൂഹിക സാംസ്കാരിക സംഘടനകളിലും പറ്റും പോലെ പ്രവർത്തിക്കുന്നു.

എഴുത്ത് ഒരു ലഹരിയാണ്. കഥയും കവിതയുംഎന്റെ ഇടവേളകളെ ഭാവസാന്ദ്രമാക്കി മാറ്റുന്ന സൗഹൃദങ്ങൾ. സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് കിട്ടുന്ന പിന്തുണ എഴുത്തിലും സാംസ്കാരിക പ്രവർത്തനത്തിലും ഊർജ്ജം പകരുന്നു. കരയിപ്പിക്കാൻ ഏറെപ്പേരുളള ലോകത്ത്, ചിരിക്കാനും, ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കഴിയണമെന്നുമാത്രമാഗ്രഹിക്കുന്ന വ്യക്തി.
ആരേയും സഹായിക്കാൻ കഴിഞ്ഞില്ലെങ്കിലും ദ്രോഹിക്കരുത് എന്നത് എന്റെ ജീവിത നിശ്ചയം.
അക്ഷരങ്ങളുടെ വെള്ളിവെളിച്ചം പകർന്നു തന്ന എൻ്റെ ഗുരുക്കൻമാരേയും എൻ്റെ മാതാപിതാക്കളേയും സഹോദരണളേയും
എഴുത്ത് വഴിയിൽ കൈ പിടിച്ച് മുന്നോട്ട് നയിക്കുന്ന , സുഹൃത്തുക്കളേയും
ഈ വേളയിൽ ആദരവോടെ സ്മരിച്ചു കൊണ്ട്, ഈ കവിതാ സമാഹാരം പ്രിയപ്പെട്ടവർക്കായ് സമർപ്പിക്കുന്നു.

സ്നേഹാദരവുകളോടെ
ഷൈലജ മുനീർ( അധ്യാപിക)

ഭർത്താവ് – അബ്ദുൽ മുനീർ
മകൻ : മാഹീൻ ഷാ
മകൾ: ഷൈമ മുനീർ
ചെറുകൻ- അമർ

ഫോൺ – 8547475659

You might also like

Leave A Reply

Your email address will not be published.