ജെന്‍ എഐ കോണ്‍ക്ലേവ്: സ്റ്റാര്‍ട്ടപ്പ് ഹാക്കത്തോണിന് തുടക്കമായി ജൂലൈ 11, 12 തീയതികളില്‍ നടക്കുന്ന സമ്മേളനത്തിനു മുന്നോടിയായി പങ്കാളികളുമായി മന്ത്രി പി രാജീവ് സംവദിച്ചു

0
തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷനും (കെഎസ്ഐഡിസി) ഐബിഎമ്മും സംയുക്തമായി അടുത്ത മാസം കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ഇന്‍റര്‍നാഷണല്‍ ജനറേറ്റീവ് എഐ കോണ്‍ക്ലേവിനു മുന്നോടിയായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായുള്ള ഹാക്കത്തോണ്‍ ആരംഭിച്ചു. ‘ഐബിഎം വാട്സണ്‍എക്സ് ചലഞ്ച്’ എന്ന വെര്‍ച്വല്‍ ഹാക്കത്തോണില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും (കെഎസ് യുഎം) പങ്കാളികളാണ്.മത്സരത്തില്‍ പങ്കെടുക്കുന്ന എഐ അധിഷ്ഠിത സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ നൂതന ആശയങ്ങള്‍ വാട്സണ്‍എക്സ് പ്ലാറ്റ് ഫോമില്‍ അവതരിപ്പിക്കും. ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയിലാണ് ദ്വിദിന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവ് നടക്കുന്നത്.

ഹാക്കത്തോണിലെ വിജയികള്‍ക്ക് വ്യവസ്ഥകള്‍ക്കനുസൃതമായി കെഎസ്ഐഡിസിയില്‍ നിന്ന് ഒരു കോടി രൂപ വരെ സ്കെയില്‍ അപ് ഫണ്ട് ലഭിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് അറിയിച്ചു. വ്യവസായ വകുപ്പ് കണ്ടെത്തിയ 22 മുന്‍ഗണനാ മേഖലകളില്‍ ഒന്നാണ് എഐ എന്നും കേരളത്തെ  എഐയുടെ പ്രധാന കേന്ദ്രമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്ന സംരംഭമാണ് ജെന്‍ എഐ കോണ്‍ക്ലേവെന്നും മന്ത്രി പറഞ്ഞു. പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനം ഹൈടെക് നിര്‍മ്മാതാക്കളുടെ ഹബ്ബായി മാറുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കൊച്ചി ബോള്‍ഗാട്ടിയിലെ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ജൂലൈ 11, 12 തീയതികളിലാണ് അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവ് നടക്കുന്നത്. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഐബിഎം അംഗങ്ങള്‍, വ്യവസായ-ടെക്നോളജി പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവര്‍ എഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കിടും.
ജെന്‍ എഐ കോണ്‍ക്ലേവ് ആഗോളതലത്തില്‍ സംസ്ഥാനത്തിന്‍റെ എഐ സാധ്യതകള്‍ തുറന്നുകാട്ടുന്നതിനും ഈ മേഖലയിലെ പങ്കാളികളുമായുള്ള സഹകരണത്തിനും വലിയ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നുവെന്ന് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു.ഇലക്ട്രോണിക്സ് ഐടി സെക്രട്ടറി ഡോ. രത്തന്‍ യു ഖേല്‍ക്കര്‍, ഐ ആന്‍ഡ് പിആര്‍ഡി സെക്രട്ടറിയും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍, കെഎസ് യുഎം സിഇഒ അനൂപ് അംബിക, ഐബിഎം പ്രതിനിധി ചാര്‍ളി എന്നിവരും പങ്കെടുത്തു.
ഐബിഎം വാട്സണ്‍എക്സ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ച് ക്രിയേറ്റീവ് സൊല്യൂഷന്‍ സമര്‍പ്പിക്കുന്ന മികച്ച ടീമിന് പുരസ്കാരത്തിനു പുറമേ ജെന്‍ എഐ കോണ്‍ക്ലേവില്‍ പങ്കെടുക്കാനും ആശയം അവതരിപ്പിക്കാനുള്ള അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും: https://www.ibm.com/in-en/events/gen-ai-conclave
You might also like

Leave A Reply

Your email address will not be published.