വാതില്‍പ്പടി മാലിന്യശേഖരണം നൂറു ശതമാനത്തിലെത്തിക്കാന്‍ ലക്ഷ്യമിട്ട് മാലിന്യമുക്തം നവകേരളം കാമ്പയിന്‍

0
തിരുവനന്തപുരം: സംസ്ഥാനത്തെ സുസ്ഥിര മാലിന്യ സംസ്കരണത്തില്‍ ശ്രദ്ധേയ മുന്നേറ്റമായ മാലിന്യമുക്തം നവകേരളം കാമ്പയിന്‍ രണ്ടാം വര്‍ഷത്തിലേക്ക്. വീടുകള്‍ തോറുമുള്ള മാലിന്യശേഖരണം നൂറു ശതമാനത്തിലെത്തിക്കുന്നത് ഉള്‍പ്പെടെയുള്ളവ മുന്നില്‍ കണ്ട് നിരവധി നൂതന പദ്ധതികളാണ് രണ്ടാം വര്‍ഷം നടപ്പിലാക്കുക.

2023 മാര്‍ച്ചില്‍ ആരംഭിച്ച മാലിന്യമുക്തം നവകേരളം കാമ്പയിനിലൂടെ മാലിന്യ ശേഖരണത്തില്‍ സമഗ്ര മാതൃക സൃഷ്ടിക്കാന്‍ സാധിച്ചു. ആദ്യ വര്‍ഷത്തില്‍ തന്നെ കാമ്പയിന് ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിക്കാനുമായി. മാലിന്യ സംസ്കരണ രീതികളോടുള്ള ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വന്നത് വലിയ നേട്ടമാണ്.

കാമ്പയിന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ദ്വിദിന പ്രവര്‍ത്തക ശില്‍പശാല സംഘടിപ്പിച്ചു. ചീഫ് സെക്രട്ടറി ഡോ. വേണു. വി ശില്‍പശാലയില്‍ പങ്കെടുത്ത പ്രതിനിധികളെ അഭിസംബോധന ചെയ്തു. പ്രചാരണം വിജയകരമാക്കുന്നതില്‍ താഴേത്തട്ടിലുള്ള പ്രവര്‍ത്തകരുടെ സംഭാവന അമൂല്യമാണെന്ന്  ഡോ. വേണു പറഞ്ഞു. നിരവധി വെല്ലുവിളികള്‍ക്കിടയിലും പ്രചാരണ പ്രവര്‍ത്തനങ്ങളിലൂടെ അവര്‍ നല്‍കിയ സംഭാവനകളെ അദ്ദേഹം അഭിനന്ദിച്ചു.

എല്‍എസ് ജിഡി അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എല്‍എസ് ജിഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ്, എല്‍എസ് ജിഡി സ്പെഷ്യല്‍ സെക്രട്ടറി വൈ. സഫീറുള്ള, ശുചിത്വ മിഷന്‍ ഇഡി യു വി. ജോസ്, കില ഡിജി ജോയ് ഇളമണ്‍, എല്‍എസ് ജിഡി സ്പെഷ്യല്‍ സെക്രട്ടറി അനുപമ .ടി വി, പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എസ് എസ് റാവു എന്നിവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു. 250  ഉദ്യോഗസ്ഥര്‍ ശില്‍പശാലയുടെ ഭാഗമായി.

സുസ്ഥിര മാലിന്യ സംസ്കരണ സംവിധാനത്തിന്‍റെ അംബാസഡര്‍മാരായി ഹരിത കര്‍മ്മ സേനയെ പൊതുജനങ്ങള്‍ അംഗീകരിച്ചു. ഹരിത കര്‍മ്മ സേനയുടെ 36000 ലധികം പ്രവര്‍ത്തകരിലെ ഭൂരിപക്ഷം വരുന്ന വനിതകള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും സാധിച്ചു. കാമ്പയിന്‍ ആരംഭിക്കുന്നതിന് മുമ്പ് പ്രതിമാസം 2000 മുതല്‍ 4000 വരെ ലഭിച്ചിരുന്ന അവരുടെ വരുമാനം ആദ്യ വര്‍ഷാവസാനമായപ്പോള്‍ 15000 രൂപയായി മെച്ചപ്പെട്ടു.

സംസ്ഥാനത്തെ മാലിന്യ സംസ്കരണ സംവിധാനത്തിന്‍റെ നട്ടെല്ലായി മാറാന്‍ ലക്ഷ്യമിട്ട് ഹരിതമിത്രം ആപ്ലിക്കേഷന്‍ എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റിയതാണ് മറ്റൊരു പ്രധാന നേട്ടം. കെ-സ്മാര്‍ട്ട്  പ്ലാറ്റ് ഫോമിലേക്ക് ഇത് സംയോജിപ്പിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ ഇതിനകം ആരംഭിച്ചിട്ടുണ്ട്.

1000 ത്തിലധികം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഇപ്പോള്‍ മാലിന്യ സംസ്കരണത്തിനായി ഹരിതമിത്രമോ തത്തുല്യമായ ആപ്ലിക്കേഷനുകളോ ഉപയോഗിക്കുന്നു. പ്രചാരണത്തിന്‍റെ തുടക്കത്തില്‍ ഏകദേശം 11 ലക്ഷത്തോളം ആളുകള്‍ക്ക് ആപ്ലിക്കേഷന്‍ വഴി സേവനം ലഭിച്ചിരുന്നു. 40 ലക്ഷത്തിലധികം ആളുകള്‍ക്ക് ഇപ്പോള്‍ ഇത് ലഭ്യമാക്കാനായതും ശ്രദ്ധേയമാണ്.

പ്രചാരണത്തിന്‍റെ തുടക്കത്തില്‍ അജൈവമാലിന്യങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിക്കുന്നതിന് 35 ശതമാനം പേരായിരുന്നു യൂസര്‍ ഫീ നല്കിയിരുന്നതെങ്കില്‍ നിലവില്‍ 68 ശതമാനം കുടുംബങ്ങളും ഇതിന്‍റെ ഗുണഭോക്താക്കളാണ്. വീടുകള്‍ തോറുമുള്ള മാലിന്യ ശേഖരണം ഇക്കാലയളവില്‍ 47% ല്‍ നിന്ന് 87% ആയി മെച്ചപ്പെട്ടു.

സംസ്ഥാനത്തെ മാലിന്യ സംസ്കരണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും പ്രചാരണത്തിലൂടെ സാധിച്ചു. 17393 മിനി എംസിഎഫുകള്‍, 1247 എംസിഎഫ്, 164 ആര്‍ആര്‍എഫ് എന്നിവ അതിന്‍റെ ഭാഗമായാണ് വികസിപ്പിച്ചത്.

ക്ലീന്‍ കേരള കമ്പനി കഴിഞ്ഞ വര്‍ഷം ശേഖരിച്ച 30217 ടണ്‍ മാലിന്യത്തില്‍ നിന്ന് ഇത്തവണയത് 47548 ടണ്‍ മാലിന്യമായി ഉയര്‍ന്നു. 36450 എന്‍ഫോഴ്സ്മെന്‍റ് പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ വര്‍ഷം നടത്തിയത്. മാലിന്യ സംസ്കരണത്തിലെ നിശ്ചിത മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് നാല് കോടി രൂപ പിഴയും ചുമത്തി.

2024-25 വര്‍ഷത്തില്‍ ശാസ്ത്രീയമായ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ഗുണകരമായ സമീപനം കൊണ്ടുവരാന്‍ കാമ്പയിന്‍ ലക്ഷ്യമിടുന്നു. ആദ്യ വര്‍ഷം അജൈവമാലിന്യ സംസ്കരണത്തിലായിരുന്നു ശ്രദ്ധ. ഇക്കൊല്ലം അജൈവമാലിന്യങ്ങള്‍ക്കൊപ്പം ജൈവമാലിന്യ സംസ്കരണത്തിലും ശ്രദ്ധ ചെലുത്തും. മാലിന്യ സംസ്കരണത്തിനായി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുക്കുകയും അത് കെ സ്മാര്‍ട്ടുമായി സംയോജിപ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

വീടുവീടാന്തരമുള്ള മാലിന്യ ശേഖരണം 100 ശതമാനം കൈവരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്കുക, മാലിന്യ സംസ്കരണത്തിന് ആവശ്യമായ ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുക, സാനിറ്ററി മാലിന്യങ്ങള്‍ പോലുള്ളവയുടെ സംസ്കരണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക, പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുക, മാലിന്യ സംസ്കരണ മേഖലയില്‍ ആകര്‍ഷകമായ തൊഴില്‍ അവസരങ്ങള്‍ കൊണ്ടുവരിക, വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും സഹായത്തോടെ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയവയും രണ്ടാം വര്‍ഷത്തെ പ്രചാരണ പരിപാടികളില്‍ ഉള്‍പ്പെടുത്തും.
You might also like

Leave A Reply

Your email address will not be published.