വിവിധ സ്ത്രീസൗഹൃദ വിനോദസഞ്ചാര പദ്ധതികളുമായി പരിസ്ഥിതിദിനമാഘോഷിച്ച് ഉത്തരവാദിത്ത ടൂറിസം

0
തിരുവനന്തപുരം: സ്ത്രീ സൗഹാര്‍ദ്ദ വിനോദസഞ്ചാര പദ്ധതികളും പരിസ്ഥിതി സംരക്ഷണ പരിപാടികളും സംഘടിപ്പിച്ച് ലോക പരിസ്ഥിതിദിനാഘോഷം ഗംഭീരമാക്കി ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ച പരിപാടികളില്‍ ‘ഇനി യാത്രയില്‍ പ്ലാസ്റ്റിക് വേണ്ട’ എന്നതായിരുന്നു പ്രചാരണത്തിന്‍റെ പ്രധാന പ്രമേയം.വിവിധ സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാര കമ്പനികള്‍ ഇനി മുതല്‍ തങ്ങളുടെ യാത്രകളില്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ – വിശേഷിച്ച് പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഉപയോഗിക്കില്ല എന്ന പ്രഖ്യാപനം നടത്തി.കോഴിക്കോട് ആര്‍ടി മിഷന്‍ സൊസൈറ്റിയുടെ സ്ത്രീസൗഹൃദ യൂണിറ്റ് ആയ ഡ്രീം ഏക്കേഴ്സ് ഫാം വിവിധ സ്ഥലങ്ങളില്‍ വൃക്ഷ തൈകള്‍ നട്ടു. ഡ്രീം ഏക്കേഴ്സ് ഹോംസ്റ്റേയിലും മണ്‍ വീട്ടിലും വരുന്ന അഥിതികള്‍ക്ക് പ്ലാസ്റ്റിക്ക് ബോട്ടിലുകളും, പ്ലാസ്റ്റിക്ക് കവര്‍ എന്നിവ നല്‍കില്ലെന്നും പരമാവധി പ്രകൃതിദത്തമായ ഉത്പന്നങ്ങള്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ എന്നും തീരുമാനമെടുത്തു.
വയനാട് ജില്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചിത്രശലഭം ടൂര്‍ കമ്പനി, കോട്ടയം ജില്ലയിലെ ഗ്രാസ് റൂട്ട് ജേര്‍ണീസ്, കോഴിക്കോട് ജില്ലയിലെ ഗ്രീന്‍ ഏക്കേഴ്സ് ഫാം സ്റ്റേ എന്നിവരും ഇതേ പ്രഖ്യാപനം നടത്തി. ‘ലെറ്റ്സ് ഗോ ഫോര്‍ എ ക്യാമ്പ്’ ഇനി മുതല്‍ തങ്ങളുടെ ടൂറില്‍ പ്ലാസ്റ്റിക് ബോട്ടിലുകള്‍ നല്‍കില്ലെന്നും റീഫില്ലിങ് ബോട്ടിലുകള്‍ മാത്രം ഉപയോഗിക്കുമെന്നും പ്രഖ്യാപിച്ചു. ഇടുക്കി കാന്തല്ലൂരിലെ എര്‍ത്തേണ്‍ പൂള്‍ വില്ല, കോഴിക്കോട് ജില്ലയിലെ ട്രിപ്പയോ ടൂര്‍ കമ്പനി തുടങ്ങിയവര്‍ പ്ലാസ്റ്റിക് വിമുക്ത പ്രഖ്യാപനം നടത്തി. ‘എസ്കേപ്പ് നൗ’ എന്ന സ്ത്രീ സൗഹാര്‍ദ്ദ വിനോദ സഞ്ചാര കമ്പനിയും ഇനി മുതല്‍ യാത്രയില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ഒഴിവാക്കുന്നതായി പ്രഖ്യാപിച്ചു.സാനിട്ടറി പാഡുകള്‍ക്ക് പകരം മെന്‍സ്ട്രല്‍ കപ്പ്  ഉപയോഗിക്കുന്ന പ്രചാരണ പരിപാടികള്‍ തൃശൂര്‍ ജില്ലയിലെ അതിരപ്പള്ളി കേന്ദ്രീകരിച്ച് നടന്നു. മലപ്പുറം ജില്ലയിലെ പൊന്നാനിയില്‍ യാത്രികര്‍ക്ക് തണലൊരുക്കുക എന്നതായിരുന്നു പ്രധാന പ്രചാരണം.
കോട്ടയം ജില്ലയില്‍ കവണാറ്റിന്‍ കരയില്‍ ഗ്രാമപഞ്ചായത്തിന്‍റെ സഹകരണത്തോടെ വിവിധ സ്ഥലങ്ങളില്‍ ഫലവൃക്ഷത്തൈകള്‍ നട്ടു. കാസര്‍കോഡ്, തിരുവനന്തപുരം, ഇടുക്കി, എന്നിവിടങ്ങളിലെല്ലാം വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.പരിസ്ഥിതി സംരക്ഷണവും ടൂറിസവും പരസ്പര പൂരകങ്ങളായുള്ള രണ്ട് മേഖലകളാണെന്ന് കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ രൂപേഷ് കുമാര്‍ കെ പറഞ്ഞു. പരിപാടി മികച്ച രീതിയില്‍ നടത്തുന്നതിന് നേതൃത്വം നല്‍കിയ ആര്‍ടി മിഷന്‍ യൂണിറ്റുകള്‍, റിസോഴ്സ് പേഴ്സണ്‍സ്, ഗ്രാമപഞ്ചായത്തുകള്‍ തുടങ്ങിയവരെ അദ്ദേഹം അഭിനന്ദിച്ചു.
You might also like
Leave A Reply

Your email address will not be published.