സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിന്‍റെ വെബ്സൈറ്റ് മന്ത്രി പി.രാജീവ് പുറത്തിറക്കി
ഈ സമ്മേളനം ജനറേറ്റീവ് എഐയുടെ ഭാവി രൂപപ്പെടുത്തുന്നതോടൊപ്പം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നൂതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനുമുള്ള കേരളത്തിന്‍റെ പ്രതിബദ്ധത പ്രകടമാക്കുമെന്ന് മന്ത്രി പറഞ്ഞു. ആയിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കുന്ന കോണ്‍ക്ലേവിലൂടെ കേരളത്തെ എ.ഐ ഡെസ്റ്റിനേഷനായി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇന്‍ഡസ്ട്രി 4.0 നുള്ള സംസ്ഥാനത്തിന്‍റെ കാഴ്ചപ്പാട് മുന്നോട്ട് വയ്ക്കാനും സാമ്പത്തിക വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും സമ്മേളനം ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഏറ്റവും പ്രധാനപ്പെട്ട ഇടപെടലുകളില്‍ ഒന്നായി ഈ വര്‍ഷത്തെ ബജറ്റില്‍ എ.ഐ കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
കൊച്ചിയിലെ ലുലു ഗ്രാന്‍ഡ് ഹയാത്ത് ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ വ്യവസായ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ഇന്നൊവേറ്റര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സി(എ.ഐ)ന്‍റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ്വ്യവസ്ഥയിലും അതിന്‍റെ സ്വാധീനവും സമ്മേളനം ചര്‍ച്ച ചെയ്യും. കേരളത്തിലും രാജ്യത്തും നിര്‍മ്മിത ബുദ്ധിയുടെ മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലായിരിക്കും ഈ സമ്മേളനം.
ഐബിഎമ്മുമായുള്ള സഹകരണം നിര്‍മ്മിത ബുദ്ധിയിലധിഷ്ഠിതമായ മികവുകളെ പരിപോഷിപ്പിക്കുന്നതിനുള്ള കേരളത്തിന്‍റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നുവെന്ന് ചടങ്ങില്‍ ഓണ്‍ലൈനായി പങ്കെടുത്ത ഐബിഎം സോഫ്റ്റ് വെയര്‍ പ്രൊഡക്ട്സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ദിനേശ് നിര്‍മ്മല്‍ പറഞ്ഞു. ജനറേറ്റീവ് എ.ഐയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ദ്രുതഗതിയിലുള്ള പുരോഗതിക്ക് പൊതു-സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണം അനിവാര്യമാണ്. എ.ഐ മേഖലയിലെ ആഗോള പങ്കാളികളും വിദഗ്ധരും പങ്കെടുക്കുന്ന കോണ്‍ക്ലേവ് കേരളത്തിന് വലിയ നേട്ടവും അവസരവുമാകും. ഉന്നത നിലവാരമുള്ള വിജ്ഞാനത്തിലേക്കും ടൂളുകളിലേക്കും പ്രവേശനം സാധ്യമാക്കുന്നതിനൊപ്പം സാമൂഹിക വികസനവും നൈപുണ്യ വികസനവും പ്രോത്സാഹിപ്പിക്കാനുമാകും. ഗവേഷണ-വികസന മേഖലകളില്‍ പ്രതിഭകളെ കണ്ടെത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സുപ്രധാന ചുവടുവയ്പായി കോണ്‍ക്ലേവ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഐ ആന്‍ഡ് പിആര്‍ഡി സെക്രട്ടറിയും കെഎസ്ഐഡിസി മാനേജിംഗ് ഡയറക്ടറും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോര്‍, ഐടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി, കെഎസ്ഐഡിസി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹരികൃഷ്ണന്‍ ആര്‍, ഐബിഎം പ്രതിനിധികളായ ചാര്‍ളി, വിശാല്‍ എന്നിവരും പങ്കെടുത്തു.
സമ്മേളനത്തിന്‍റെ അജണ്ട, പ്രഭാഷകര്‍, സെഷനുകള്‍, രജിസ്ട്രേഷന്‍ തുടങ്ങിയ വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, സംവേദനാത്മക സെഷനുകള്‍ എന്നിവയാണ് സമ്മേളനത്തിലെ പ്രധാന അജണ്ട. പങ്കെടുക്കുന്നവര്‍ക്ക് എ.ഐ സാങ്കേതികവിദ്യയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ നേരിട്ട് മനസ്സിലാക്കാന്‍ സാധിക്കുന്ന സംവിധാനങ്ങളും ഒരുക്കും. മുഖ്യമന്ത്രി, മന്ത്രിമാര്‍, ഐബിഎം അംഗങ്ങള്‍, വ്യവസായ-ടെക്നോളജി പ്രമുഖര്‍ തുടങ്ങിയവര്‍ എ.ഐയുടെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പങ്കിടും. ഡെവലപ്പര്‍മാര്‍, വ്യവസായ പ്രമുഖര്‍, സര്‍വകലാശാലകള്‍, വിദ്യാര്‍ത്ഥികള്‍, മാധ്യമങ്ങള്‍, അനലിസ്റ്റുകള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ഐബിഎമ്മിന്‍റെ പങ്കാളികള്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവിന്‍റെ ഭാഗമാകും. ഡെമോകള്‍, ആക്ടിവേഷനുകള്‍, വ്യവസായ വിദഗ്ധരുമായുള്ള കൂടിക്കാഴ്ച എന്നിവയും കോണ്‍ക്ലേവില്‍ ഉണ്ടായിരിക്കും. എ.ഐ നവീകരണത്തിനുള്ള മികച്ച സംഭാവനകളെ അംഗീകരിക്കുന്ന പുരസ്കാരങ്ങളും സമ്മേളനത്തില്‍ നല്‍കും.
കോണ്‍ക്ലേവിനു മുന്നോടിയായി കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രാദേശിക സ്റ്റാര്‍ട്ടപ്പുകള്‍ക്കുമായി വാട്സണ്‍-എക്സ് പ്ലാറ്റ് ഫോമുകളില്‍ ഹാക്കത്തണുകള്‍ നടക്കും. ഐബിഎമ്മുമായി സഹകരിച്ച് ടെക് ടോക്കും സംഘടിപ്പിക്കും. ഐബിഎം ഇന്ത്യ സോഫ്റ്റ് വെയര്‍ ലാബിലെ ശ്രിനിവാസന്‍ മുത്തുസ്വാമിയാണ് ടെക് ടോക്ക് നയിക്കുക. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ജൂണ്‍ 18 ന് വൈകിട്ട് 4 നും കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ ജൂണ്‍ 20 ന് വൈകിട്ട് 3 നും കോഴിക്കോട് സൈബര്‍ പാര്‍ക്കില്‍ ജൂണ്‍ 21 ന് രാവിലെ 11 നുമാണ് ടെക് ടോക്ക് നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്കും കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും: https://www.ibm.com/in-en/