ടെക്നോപാര്‍ക്കില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള തൊഴിലിടം പ്രോത്സാഹിപ്പിക്കണം

0
തിരുവനന്തപുരം: തൊഴിലിടങ്ങള്‍ ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമാക്കുന്നതിനൊപ്പം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐടി കമ്പനികളില്‍ അവര്‍ക്ക് തൊഴില്‍ നല്‍കുന്നത് പരിഗണിക്കേണ്ടതുണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു.കിന്‍ഫ്ര പാര്‍ക്ക് ആസ്ഥാനമായുള്ള മാജിക് പ്ലാനറ്റിന്‍റെ ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിന്‍റെ (ഡിഎസി) സാംസ്കാരിക പരിപാടിയായ ‘യൂണിഫൈഡ് വോയ്സ്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സന്നിഹിതനായിരുന്നു.
ഇതിന്‍റെ ഭാഗമായി സംഘടിപ്പിച്ച പെയിന്‍റിംഗ് എക്സിബിഷന്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരവും സര്‍ഗ്ഗാത്മകവുമായ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദിയായി. പാട്ട് ,മാജിക് ഷോ, മിമിക്രി തുടങ്ങിയ പരിപാടികളും കുട്ടികള്‍ അവതരിപ്പിച്ചു. വ്യത്യസ്ത കഴിവുകളുള്ള കുട്ടികളുടെ കലാപ്രകടനങ്ങള്‍ കാണികളെ വിസ്മയിപ്പിക്കുന്നതായിരുന്നു.

ഭിന്നശേഷിക്കാരെ ഉള്‍ക്കൊള്ളുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിലൂടെ കമ്പനികള്‍ക്ക് മികച്ച സല്‍പ്പേരും ബിസിനസ് വളര്‍ച്ചയും കൈവരുമെന്ന് കേണല്‍  (റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. ടെക്നോപാര്‍ക്കിലെ കമ്പനികള്‍ ധാരാളം സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിനെക്കുറിച്ച് കമ്പനികള്‍ ഗൗരവമായി ചിന്തിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

നമുക്ക് ഇത്തരത്തിലുള്ള ഒരാളെയെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയുമെങ്കില്‍ അതിന് അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. ഒരു നല്ല മനുഷ്യനെ രൂപപ്പെടുത്തുന്നത് വ്യത്യസ്തമായ ചിന്തകളാണെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരെ കമ്പനികളില്‍ ഉള്‍ക്കൊള്ളിക്കുന്നതിലൂടെ വേഗതയേറിയ പ്രൊഫഷണല്‍ ജീവിതത്തെ സന്തുലിതമാക്കാന്‍ കഴിയും. അവരുടെ തൊഴില്‍ രീതികളിലും ജോലി സമയത്തിലും മാറ്റം വരുത്തി സ്ഥാപനങ്ങളില്‍ ഉള്‍ക്കൊള്ളുന്നതിലൂടെ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തൊഴില്‍ സംസ്കാരം ശാക്തീകരിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭിന്നശേഷിക്കാരായ കുട്ടികളുടേത് മാസ്മരിക കലാപ്രകടനങ്ങളാണ്. ഡിഎസി യുടെ പരിശ്രമങ്ങളേയും അദ്ദേഹം അഭിനന്ദിച്ചു.

ഡിഎസി കുട്ടികള്‍ക്ക് ഇതൊരു മികച്ച അവസരമാണെന്നും അവരെ ചേര്‍ത്തു പിടിക്കുന്നതില്‍ ഇത്തരം പരിപാടികള്‍ക്ക് വലിയ പങ്കുണ്ടെന്നും ഗോപിനാഥ് മുതുകാടും പറഞ്ഞു. ടെക്നോപാര്‍ക്കിനോടും സിഇഒയോടും ഡിഎസി കടപ്പെട്ടിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിഫറന്‍റ് ആര്‍ട്ട് സെന്‍ററിലെ കുട്ടികളുടെ രക്ഷകര്‍ത്താക്കളുടെ കലാസൃഷ്ടികളും കരകൗശല വസ്തുക്കളും മറ്റ് ഉല്‍പ്പന്നങ്ങളും ഉള്‍പ്പെടുത്തി ‘പ്രൊഡക്ട്സ് ബൈ കരിസ്മ’ എന്ന പ്രത്യേക പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ മാജിക് തീം പാര്‍ക്കായ മാജിക് പ്ലാനറ്റിന്‍റെ അനുബന്ധ സ്ഥാപനമാണ് കഴക്കൂട്ടത്തെ കിന്‍ഫ്ര പാര്‍ക്കിലുള്ള ഡിഫറന്‍റ് ആര്‍ട്ട് സെന്‍റര്‍ (ഡിഎസി).

You might also like

Leave A Reply

Your email address will not be published.