പാമ്പ് കടിച്ചാൽ ശരീരത്തിൽ കെട്ടിട്ട് രക്തയോട്ടം കുറയ്ക്കുന്ന രീതി അശാസ്ത്രീയമാണെന്ന് ഐഎംഎ കോഓഡിനേറ്റർ ഡോ ശ്രീജിത്ത്. ലോക സർപ്പ ദിനത്തോട് അനുബന്ധിച്ച് പിടിപി നഗറിൽ വനംവകുപ്പ് സർപ്പ വൊളന്റിയർമാർക്കായി സംഘടിപ്പിച്ച പരിശീലന ക്ലാസ്സിലാണ് പരമ്പരാഗത ധാരണണ തിരുത്തിയത്.
കടിയേറ്റ മുറിവിൽ സോപ്പിട്ട് കഴുകുന്നതിലൂടെ ശരീരപേശികൾ ഇളകി വിഷത്തിന്റെ വ്യാപനം വർധിക്കുന്നതിനാൽ ഒഴിവാക്കണം.
പാമ്പ് കടിച്ചയാളുടെ ശരീരം ഇളക്കം തട്ടാതെ എത്രയും പെട്ടന്ന് വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രിയിൽ എത്തിക്കണം. ആശുപത്രിയിൽ എത്തിക്കുന്നതുവരെ വെള്ളമോ മറ്റു ആഹാര സാധനങ്ങളോ നൽകരുതെന്നും ഡോ ശ്രീജിത്ത് പറഞ്ഞു.
ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡോ സഞ്ജയൻ കുമാർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ഫോറസ്റ്റ് കൺസർവേറ്റർ സുനിൽ ബാബു, എസിഎഫ് സജു എസ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.