4ജി വ്യാപന പദ്ധതിയുടെ ഭാഗമായി 1000 4ജി സൈറ്റുകള്‍ എന്ന നേട്ടം പിന്നിട്ടതായി ബിഎസ്‌എൻഎല്‍ അറിയിച്ചു. ഇൻർനെറ്റ് ലഭ്യമല്ലാത്ത ഗ്രാമങ്ങളെ ഇന്റർനെറ്റിന്റെ ലോകത്തേക്ക് കൈപിടിച്ചുകൊണ്ടുവരിക എന്നത് 4ജി വ്യാപനത്തോടൊപ്പം തന്നെ ബിഎസ്‌എൻഎല്ലും കേന്ദ്ര സർക്കാരും ലക്ഷ്യമിട്ടിരുന്നു. അതിന്റെ ഭാഗമായിക്കൂടിയാണ് കേന്ദ്ര സർക്കാർ 26,316 കോടി രൂപ ചെലവില്‍ 4ജി വ്യാപന പദ്ധതി പ്രഖ്യാപിച്ചത്. യുഎസ്‌ഒഎഫ് (യൂണിവേഴ്‌സല്‍ സർവീസ് ഒബ്ലിഗേഷൻ ഫണ്ട്) വഴിയാണ് സർക്കാർ ഈ പദ്ധതിക്ക് ധനസഹായം നല്‍കുന്നത്.
സ്വകാര്യ കമ്ബനികള്‍ പ്രധാനമായും തങ്ങളുടെ വരുമാന സാധ്യത കൂടി മുന്നില്‍ കണ്ടാണ് ടെലിക്കോം നെറ്റ്വർക്ക് വ്യാപിപ്പിക്കാറുള്ളത്. വരുമാനം കുറഞ്ഞ സ്ഥലങ്ങളില്‍ സേവനങ്ങള്‍ അവതരിപ്പിക്കാൻ സ്വകാര്യ കമ്ബനികള്‍ക്ക് താല്‍പര്യമില്ല. അതിനാല്‍ത്തന്നെ പല ഗ്രാമങ്ങളിലും ഇപ്പോഴും ഇന്റർനെറ്റ് സേവനങ്ങള്‍ കാര്യക്ഷമമല്ല. എന്നാല്‍ സർക്കാർ ഉടമസ്ഥതയിലുള്ള ടെലിക്കോം സ്ഥാപനമായ ബിഎസ്‌എൻഎല്ലിന് പൗരന്മാരോട് പ്രതിബദ്ധതയുണ്ട്.വരുമാനം നേടുക എന്നതോടൊപ്പം ഗ്രാമീണ പ്രദേശങ്ങളെയും ടെലിക്കോം- ഇന്റർനെറ്റ് സേവനങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വരേണ്ടത് ബിഎസ്‌എൻഎല്ലിന്റെ ഉത്തരവാദിത്തവുമാണ്. എന്നാല്‍ പ്രധാന ടെലിക്കോം സർക്കിളുകളില്‍ പോലും 4ജി അവതരിപ്പിക്കാൻ കഴിയാത്ത ബിഎസ്‌എൻഎല്ലിന് ഗ്രാമങ്ങളില്‍ 4ജി അവതരിപ്പിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞ ലക്ഷ്യമായിരുന്നു.എന്നാല്‍ കേന്ദ്ര സർക്കാർ നല്‍കിയ പ്രത്യേക പാക്കേജിന്റെ പിൻബലത്താല്‍ ബിഎസ്‌എൻഎല്‍ രാജ്യമെമ്ബാടും 4ജി സേവനങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തിലേക്ക് പതിയെ നടന്ന് അടുത്തുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ 1 ലക്ഷം സൈറ്റുകളില്‍ 4ജി അവതരിപ്പിക്കാൻ ബിഎസ്‌എൻഎല്‍ പദ്ധതിയിട്ടിരിക്കുന്നു. ഈ പ്രോജക്‌ട് ടാറ്റ കണ്‍സള്‍ട്ടൻസി സർവീസ് ( ടിസിഎസ്) നയിക്കുന്ന കണ്‍സോർഷ്യത്തിന്റെ നേതൃത്വത്തില്‍ മുന്നേറുന്നു.