യാത്ര തടസ്സപ്പെടുമ്പോള്‍ യാത്രികരില്‍ നിന്ന് അധിക്ഷേപം നേരിടുന്നതായി 72% വിമാന ജീവനക്കാര്‍

0

തിരുവനന്തപുരം: വിമാനയാത്ര തടസ്സപ്പെടുമ്പോള്‍ യാത്രികരില്‍ നിന്ന് മാനസിക പീഡനവും ശാരീരിക ഉപദ്രവവും ഉണ്ടാകാറുണ്ടെന്ന് ശരിവച്ച് എയര്‍ലൈന്‍, എയര്‍പോര്‍ട്ട് ജീവനക്കാര്‍. സാങ്കേതിക, പ്രതികൂല കാലാവസ്ഥ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വിമാനം വൈകുകയോ സര്‍വീസ് തടസ്സപ്പെടുകയോ ചെയ്യുന്ന അവസരങ്ങളില്‍ യാത്രക്കാരില്‍ നിന്ന് ഭീഷണിയോ ആക്രോശമോ ശാരീരിക ആക്രമണമോ സംഭവിക്കാറുണ്ടെന്നാണ് 72% ജീവനക്കാരും പറയുന്നത്. യാത്രക്കാരെ രോഷത്തിലോ നിരാശയിലോ കാണുന്നുവെന്ന് 73% പേര്‍ അഭിപ്രായപ്പെടുന്നു. യാത്ര തടസ്സപ്പെടുമ്പോള്‍ ജീവനക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് ഈ കണക്കുകള്‍ കാണിക്കുന്നത്.

ട്രാവല്‍ ടെക്നോളജി മേഖലയിലെ പ്രമുഖരായ ഐബിഎസ് സോഫ്റ്റ് വെയറും ഏവിയേഷന്‍ ബിസിനസ് ന്യൂസും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെട്ടത്. ഇത്തരം സംഭവങ്ങള്‍ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി വ്യോമയാന മേഖലയിലെ 55% ജീവനക്കാര്‍ അഭിപ്രായപ്പെട്ടു. ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ പകല്‍ സമയത്ത് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ അലട്ടുന്നതിനാല്‍ തൊഴില്‍-ജീവിത സന്തുലിതാവസ്ഥയെ ബാധിക്കുന്നുവെന്ന് 47% പേര്‍ പ്രതികരിച്ചു.

എന്നാല്‍ വിമാനങ്ങള്‍ വൈകുന്നതും സര്‍വീസ് തടസ്സപ്പെടുന്നതുമുള്‍പ്പെടെയുളള പ്രശ്നങ്ങള്‍ മിക്ക എയര്‍ലൈനുകള്‍ക്കും മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതായി 65% ജീവനക്കാര്‍ അഭിപ്രായപ്പെട്ടു. എളുപ്പത്തില്‍ തടസ്സങ്ങള്‍ കൈകാര്യം ചെയ്യുന്നതു കണക്കാക്കിയാണ് ഉപഭോക്താക്കള്‍ എയര്‍ലൈന്‍ കമ്പനികളെ തെരഞ്ഞെടുക്കുന്നതെന്നാണ് 62% ജീവനക്കാരുടെ അഭിപ്രായം. കൃത്യമായ വിവര ശേഖരണം, പ്രവര്‍ത്തനങ്ങളില്‍ തടസ്സം സൃഷ്ടിക്കുന്ന ആഘാതം, ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ ലഭ്യമാക്കല്‍ എന്നിവയാണ് തടസ്സം സംഭവിക്കുമ്പോള്‍ എയര്‍ലൈനുകള്‍ നേരിടുന്ന പ്രധാന മൂന്ന് വെല്ലുവിളികളായി ജീവനക്കാര്‍ തിരിച്ചറിയുന്നത്.

തടസ്സങ്ങള്‍ ഫലപ്രദമായി നേരിടാന്‍ വളരെ കുറച്ച് മാര്‍ഗങ്ങളാണ് വിമാനക്കമ്പനികളുടെ കൈവശമുള്ളതെന്നും ഇത് വലിയ വെല്ലുവിളിയാണെന്നും 82% ജീവനക്കാര്‍ പറയുന്നു. നൂതന സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിലൂടെ സ്ഥിതി മെച്ചപ്പെടുത്താനാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്മെന്‍റ് (32%), ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (25%), മൊബൈല്‍ ആപ്പുകള്‍ (14%), സെല്‍ഫ് സര്‍വീസ് ടൂളുകള്‍ (12%) എന്നിവ പ്രയോജനപ്പെടുത്തണമെന്നും ജീവനക്കാര്‍ പ്രതികരിച്ചു.

യാത്രാതടസ്സം നേരിടുമ്പോള്‍ യാത്രക്കാരില്‍ നിന്ന് ഭീഷണിയും ശാരീരിക ഉപദ്രവവും വര്‍ധിക്കുന്നതായി മിക്ക ജീവനക്കാരും റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ സീനിയര്‍ വൈസ് പ്രസിഡന്‍റും ഏവിയേഷന്‍ ഓപ്പറേഷന്‍സ് സൊല്യൂഷന്‍സ് മേധാവിയുമായ ജൂലിയന്‍ ഫിഷ് പറഞ്ഞു. തടസ്സങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും യാത്രക്കാരുടെ ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും ജീവനക്കാരുടെ മേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കുന്നതിനും എയര്‍ലൈനുകള്‍ക്ക് നൂതന സാങ്കേതിക വിദ്യകള്‍ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ആവശ്യമാണ്. തടസ്സങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന എയര്‍ലൈനുകള്‍ക്ക് യാത്രക്കാര്‍ കൂടുതല്‍ പരിഗണന നല്‍കും. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും ഒരുപോലെ സുരക്ഷിതവും കൂടുതല്‍ പ്രതിരോധ ശേഷിയുള്ളതുമായ അന്തരീക്ഷം വളര്‍ത്തിയെടുക്കാന്‍ സാധിക്കുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

ഏവിയേഷന്‍ ബിസിനസ് ന്യൂസും സ്വതന്ത്ര ഗവേഷണ സ്ഥാപനമായ എഡ്ജ് ഇന്‍സൈറ്റും ചേര്‍ന്ന് 2024 ജൂണ്‍ 18 മുതല്‍ ജൂലൈ 8 വരെയുള്ള മൂന്നാഴ്ചയ്ക്കിടെയാണ് സര്‍വേ നടത്തിയത്. പ്രതികരിച്ചവരില്‍ 95 ശതമാനവും വ്യോമയാന മേഖലയില്‍ ജോലി ചെയ്യുന്നവരാണ്. ഇതില്‍ 44% പേരും ഉപഭോക്താവിനെ നേരില്‍ അഭിമുഖീകരിക്കുന്ന സേവനങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. യൂറോപ്പില്‍ (38%) നിന്നുള്ള ജീവനക്കാരാണ് പ്രതികരിച്ചവരില്‍ മുന്നില്‍. വടക്കേ അമേരിക്ക (24%), ഏഷ്യാ-പസഫിക് (16%), മിഡില്‍ ഈസ്റ്റ് (9%) എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ തൊട്ടുപിറകെ.

You might also like

Leave A Reply

Your email address will not be published.