എൻഡിആർഎഫ് സംഘം യുദ്ധകാലാടിസ്ഥാനത്തില്‍ തിരച്ചിലും രക്ഷാപ്രവർത്തനവും നടത്തിവരികയാണെന്നും രക്ഷാപ്രവർത്തനം ശക്തമാക്കാൻ രണ്ടാമത്തെ സംഘം പുറപ്പെട്ടുകഴിഞ്ഞെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സിലൂടെ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തിയ അദ്ദേഹം പരിക്കേറ്റവർ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പറഞ്ഞു.വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ വിലപ്പെട്ട നിരവധി ജീവനുകളാണ് പൊലിഞ്ഞിരിക്കുന്നതെന്നും ദുഃഖിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അറിയിച്ചു. ഉരുള്‍പൊട്ടലില്‍ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടതില്‍ അതിയായ ദുഖമുണ്ടെന്ന് കേന്ദ്ര ഉന്നത വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനും പ്രതികരിച്ചു. കുടുങ്ങിക്കിടക്കുന്നവരെ എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയട്ടെയെന്നും അദ്ദേഹം പറഞ്ഞു.വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല തുടങ്ങിയ പ്രദേശങ്ങളില്‍ ചൊവ്വാഴ്ച പുലർച്ചയുണ്ടായ ഉരുള്‍പ്പൊട്ടല്‍ വൻ ദുരന്തത്തിലേക്കാണ് വഴിവച്ചിരിക്കുന്നത്. ഇതിനോടകം 50 പേരുടെ മരണം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. നിരവധി വീടുകളും കെട്ടിടങ്ങളും ഒലിച്ചുപോയി. നൂറുക്കണക്കിനാളുകളെ കാണാനില്ല. മുണ്ടക്കൈിലെ ഭൂരിഭാഗം വീടുകളും തകർന്നടിഞ്ഞ നിലയിലാണ്. രക്ഷാപ്രവർത്തനത്തിനായി കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി ശ്രമിക്കുന്നുണ്ട്. ഏഴിമലയില്‍ നിന്ന് നാവിക സംഘം ദുരന്തഭൂമിയിലേക്ക് തിരിച്ചു. സൈന്യത്തിന്റെ എൻജിനീയറിംഗ് ഗ്രൂപ്പും ദുരന്തഭൂമിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.