വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ മദര്‍ഷിപ്പ് ഇന്ന് എത്തിച്ചേർന്നു

0

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമായതോടെ കേരളത്തിന്റെ വികസന ചരിത്രത്തിലെ സവിശേഷമായ ഒരു അധ്യായം തുറക്കപ്പെടുകയാണ്. നമ്മുടെ നാടിനെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം അഭിമാനകരമായ മുഹൂര്‍ത്തമാണിത്. വന്‍കിട ചരക്കു കപ്പലുകള്‍ക്ക് ബർത്ത് ചെയ്യാൻ സാധിക്കുന്ന ലോകത്തിലെ വന്‍കിട തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞം ഉയരുകയാണ്.രണ്ടും മൂന്നും നാലും ഘട്ടങ്ങള്‍ പൂര്‍ത്തിയായി എല്ലാ വിധത്തിലും സുസജ്ജവും സമ്പൂര്‍ണ്ണവുമായ വിശാല തുറമുഖമായി ഇത് 2045-ൽ മാറണമെന്ന നിലയ്ക്കാണു പദ്ധതി വിഭാവനം ചെയ്തിരുന്നത്. എന്നാൽ, അതിന് ഏതാണ്ട് 17 വര്‍ഷം മുമ്പേതന്നെ, 2028-ഓടുകൂടി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സമ്പൂര്‍ണ്ണ തുറമുഖമായി മാറും എന്നത് അഭിമാനകരമായ നേട്ടമാണ്. 10,000 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ഇതു സാധ്യമാക്കാൻ കഴിയുന്ന കരാർ ഒപ്പിടാന്‍ പോവുകയാണ്. അക്ഷരാര്‍ത്ഥത്തിൽ ഇതൊരു സ്വപ്ന സാക്ഷാത്ക്കാര നിമിഷമാണ്. രാജ്യത്തിനാകെ അഭിമാനിക്കാവുന്ന നേട്ടമാണിത്.സാധാരണ സാമ്പത്തിക അവസ്ഥകളിൽപ്പോലും സാധ്യമാവാത്തത്ര ബൃഹത്തായ പദ്ധതിയാണ് സാമ്പത്തികവൈഷമ്യത്തിന്റെ കാലയളവിൽ കേരളം വിജയകരമായി നടപ്പാക്കിയത്. ഏതു പ്രതിസന്ധിയിലും നാടിന്റെ പുരോഗതിയ്ക്കും ക്ഷേമത്തിനുമായി അടിയുറച്ചു നിൽക്കുക എന്ന സർക്കാരിന്റെ ഇച്ഛാശക്തിയുടേയും പ്രതിബദ്ധതയുടേയും ഫലമാണിത്. സമഗ്ര മേഖലകളുടേയും വികസനത്തിനു മുതൽക്കൂട്ടാകുന്ന വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സാമ്പത്തിക പുരോഗതിയ്ക്ക് പുതിയ ഊർജ്ജം പകരും. മറ്റു ഘട്ടങ്ങൾ കൂടി സമയബന്ധിതമായി പൂർത്തിയാക്കാനായി ഉറച്ച കാൽവയ്പുകളുമായി സർക്കാർ മുന്നോട്ടു പോകും.

You might also like

Leave A Reply

Your email address will not be published.