ശ്രീകാര്യം കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനം 61-ാമത് സ്ഥാപക ദിനം 2024 ജൂലൈ 09 ന് ഇൻസ്റ്റിറ്റ്യൂട്ടിൽ ആഘോഷിച്ചു. കേരള ഗവർണർ ശ്രീ. ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ, ബഹുമാനപ്പെട്ട കേരള ഗവർണർ പുതിയ സാങ്കേതികവിദ്യകളും പ്രസിദ്ധീകരണങ്ങളും പ്രകാശനം ചെയ്തു. കൂടാതെ മികച്ച കിഴങ്ങുവിള കർഷകരെയും ജീവനക്കാരെയും വിദ്യാർത്ഥികളെയും ആദരിച്ചു. ഭക്ഷ്യ സുരക്ഷയും പോഷക സുരക്ഷയും ലക്ഷ്യമാക്കി സി റ്റി സി ആർ ഐ നടത്തിവരുന്ന ‘നിശബ്ദ വിപ്ലവത്തെ’ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ അഭിനന്ദിച്ചു. സി റ്റി സി ആർ ഐ യുടെ ജൈവ സമ്പുഷ്‌ടീകരണം അതിഷ്ടിതമായുള്ള ഇപ്പോഴത്തെ ഗവേഷണത്തിലൂടെ, പാവപ്പെട്ടവരുടേതെന്നു വിശേഷണമുള്ള ഈ വിളകൾ എല്ലാവരുടെയും ആരോഗ്യകരമായ ഭക്ഷണത്തിൻ്റെ ഭാഗമാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കർഷക സമൂഹത്തെ ശാക്തീകരിക്കുകയും ദേശീയ ഭക്ഷ്യ സുരക്ഷയിൽ വലിയ സംഭാവനകൾ നൽകുകയും ചെയ്ത സി റ്റി സി ആർ ഐ ഒരു ദേശീയ സ്വത്താണെന്ന് ഗവർണർ പറഞ്ഞു.
സി റ്റി സി ആർ ഐ ഡയറക്ടർ ഡോ. ജി. ബൈജു തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രാധാന്യത്തെക്കുറിച്ചും അതിൻ്റെ ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു. രാജ്യത്തെ കിഴങ്ങുവിളകളുടെ നിയുക്ത ദേശീയ ശേഖരണ കേന്ദ്രമായ CTCRI, ഉൽപ്പന്ന വൈവിധ്യവൽക്കരണം, കിഴങ്ങുവിളയെ ആശ്രയിക്കുന്ന കർഷകരുടെ ഉപജീവന സുരക്ഷ, സ്ത്രീ സൗഹൃദ സാങ്കേതിക വിദ്യകൾ, ജൈവ സംരക്ഷണം എന്നിവയിൽ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെൻ്റർ ഫോർ ബയോടെക്‌നോളജി ഡയറക്ടർ പ്രൊഫ.ചന്ദ്രഭാസ് നാരായണ ആശംസകൾ അർപ്പിക്കുകയും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ മികച്ച ഗവേഷണ നേട്ടങ്ങൾ എടുത്തുപറയുകയും ചെയ്തു. കിഴങ്ങുവർഗ്ഗ വിളകളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങൾ കുട്ടികളുടെ ഭക്ഷണക്രമമാക്കുന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള സ്ഥാപനത്തിന്റെ ഗവേഷണ പ്രവർത്തനത്തിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു.
സി റ്റി സി ആർ ഐ ക്രോപ്പ് പ്രൊഡക്ഷൻ വിഭാഗം മേധാവി ഡോ.ജി.സുജ സ്വാഗതം പറഞ്ഞു. തദവസരത്തിൽ സി റ്റി സി ആർ ഐ യുടെ വിവിധ പ്രവർത്തനങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു പ്രദർശന സ്റ്റാളും ക്രമീകരിച്ചിരുന്നു.