വെള്ളായണി കാക്കാമൂല – പൂങ്കുളം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന വെള്ളായണി പാലം യാഥാർത്ഥ്യമാകുന്നു. പാലത്തിൻ്റെ നിർമ്മാണ പ്രവർത്തനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. വികസന കാര്യത്തിൽ സർക്കാർ രാഷ്ട്രീയം നോക്കില്ലെന്നും ക്രിയാത്മകമായ നിർദ്ദേശങ്ങൾ ആരു മുന്നോട്ടു വെച്ചാലും സർക്കാർ പിന്തുണയ്ക്കുമെന്നും മന്ത്രി പറഞ്ഞു.
രണ്ടുവർഷമാണ് വെള്ളായണി പാലത്തിൻ്റെ നിർമ്മാണ കാലാവധി. സമയബന്ധിതമായി ഇത് പൂർത്തിയാക്കും. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ അഞ്ചുവർഷംകൊണ്ട് 100 പാലങ്ങൾ നിർമ്മിക്കാൻ ആയിരുന്നു തീരുമാനം. രണ്ടേമുക്കാൽ വർഷം കൊണ്ട് തന്നെ ഇത് സാധിച്ചു. 50 ശതമാനം പൊതുമരാമത്ത് റോഡുകൾ ബിഎംബിസി നിലവാരത്തിൽ ആക്കാൻ ആയിരുന്നു തീരുമാനം. മൂന്നും വർഷം കൊണ്ടുതന്നെ ഈ ലക്ഷ്യവും പൂർത്തീകരിച്ചു.
പശ്ചാത്തല വികസനത്തിൽ കോവളം മണ്ഡലത്തിന് വലിയ പ്രാധാന്യമാണ് സർക്കാർ നൽകുന്നത്. മണ്ഡലത്തിലെ 159 കിലോമീറ്റർ പൊതുമരാമത്ത് റോഡുകളിൽ 99 കിലോമീറ്ററും ബിഎംബിസി നിലവാരത്തിൽ ആക്കി. വെള്ളായണിയിലെ റോഡിൻറെ അറ്റകുറ്റപ്പണികൾക്കായി 25 ലക്ഷം രൂപ അനുവദിച്ചു എന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടിൽ നിന്ന് 30.25 കോടി രൂപ ചെലവഴിച്ചാണ് പാലത്തിൻ്റെ നിർമാണം. നടപ്പാതയോട് കൂടിയ പാലത്തിന് 173 മീറ്റർ ആണ് ദൈർഘ്യം. കാക്കാമൂലയിൽ നടന്ന ചടങ്ങിൽ എം. വിൻസെൻ്റ് എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ്കുമാർ, വിവിധ തദ്ദേശ ഭരണ പ്രതിനിധികൾ എന്നിവരും പങ്കെടുത്തു.