വിദഗ്ധ പ്രൊഫഷണലുകള്‍ക്ക് ജര്‍മനിയില്‍ ധാരാളം തൊഴിലവസരങ്ങള്‍: ജര്‍മന്‍ മന്ത്രിമാര്‍

0
തിരുവനന്തപുരം: വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് ജര്‍മനിയില്‍ ധാരാളം തൊഴിലവസരങ്ങളുണ്ടെന്ന് ജര്‍മന്‍ ഫെഡറല്‍ തൊഴില്‍ സാമൂഹികകാര്യ മന്ത്രി ഹ്യൂബര്‍ട്ടസ് ഹെയ്ല്‍, വിദേശകാര്യ മന്ത്രി അന്നലീന ബേര്‍ബോക്ക് എന്നിവര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യരംഗം ഉള്‍പ്പടെ വിവിധ മേഖലകളില്‍ വൈദഗ്ധ്യമുള്ള തൊഴിലാളികളെ ജര്‍മനി അന്വേഷിക്കുകയാണെന്നും രാജ്യത്തെ ഗൊയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രതിനിധികളും പങ്കെടുത്ത നടന്ന ആശയവിനിമയ പരിപാടിയില്‍ മന്ത്രിമാര്‍ പറഞ്ഞു.


ന്യൂഡല്‍ഹിയിലെ മാക്സ് മുള്ളര്‍ ഭവനില്‍ നടന്ന പരിപാടിയില്‍ തിരുവനന്തപുരം ഗൊയ്ഥെ സെന്‍ട്രമില്‍ നിന്നുള്ള മുത്തുലക്ഷ്മി പി ഉത്തമന്‍, അര്‍ച്ചന അജി എന്നിവര്‍ മന്ത്രിമാരോട് സംവദിച്ചു. ജര്‍മനിയിലെ തൊഴിലവസരങ്ങള്‍, കുടിയേറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയായി.

ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണ് ജര്‍മന്‍ മന്ത്രിമാരുടെ ഇന്ത്യന്‍ സന്ദര്‍ശനം. ഗോയ്ഥെ ഇന്‍സ്റ്റിറ്റ്യൂട്ട് സൗത്ത് ഏഷ്യ റീജിയണല്‍ ഡയറക്ടര്‍ ഡോ. മാര്‍ല സ്റ്റകന്‍ബര്‍ഗ് പരിപാടിയില്‍ സംബന്ധിച്ചു.

ഗൊയ്ഥെ-സെന്‍ട്രം, ജിഐഎസ് (ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോ-ഓപ്പറേഷന്‍) നോര്‍ക്ക റൂട്ട്സ് എന്നിവ സംയുക്തമായി നടത്തുന്ന ട്രിപ്പിള്‍ വിന്‍-പ്രോജക്റ്റിന്‍റെ ഭാഗമായുള്ള ജര്‍മന്‍ ഭാഷാ കോഴ്സ് വിദ്യാര്‍ഥികളാണ് ചാലക്കുടി സ്വദേശിനിയായ മുത്തുലക്ഷ്മിയും കോട്ടയം സ്വദേശിനിയായ അര്‍ച്ചന അജിയും. ഇരുവരും നഴ്സിംഗ് പഠനം പൂര്‍ത്തിയാക്കിയവരാണ്.

എല്ലാ മേഖലകളിലും യോഗ്യതയുള്ള ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്കായി ജര്‍മനി ആകാംക്ഷയോടെ തിരയുകയാണെന്ന് മന്ത്രിമാരുമായുള്ള ആശയവിനിമയത്തെ പരാമര്‍ശിച്ച് നഴ്സായ മുത്തുലക്ഷ്മി പറഞ്ഞു. ജോലിക്കും കുടിയേറ്റത്തിനുമായുള്ള സൗകര്യങ്ങളും എളുപ്പത്തിലുള്ള ഡോക്യുമെന്‍റേഷന്‍ പ്രക്രിയയും മന്ത്രിമാര്‍ വാഗ്ദാനം ചെയ്തു. നഴ്സ് എന്ന നിലയിലുള്ള പ്രവര്‍ത്തനത്തെയും ആശങ്കകളെയും കുറിച്ച് മന്ത്രിമാര്‍ ചോദിക്കുകയും തൃപ്തികരമായി പ്രതികരിക്കുകയും ചെയ്തുവെന്നും മുത്തുലക്ഷ്മി പറഞ്ഞു.

ചാലക്കുടിയിലെ ഉള്‍ഗ്രാമത്തില്‍ നിന്നുള്ള മുത്തുലക്ഷ്മിക്ക് ആദ്യമായി വിമാനത്തില്‍ യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചതും ആശയവിനിമയ പരിപാടിയും വലിയ അനുഭവമായിരുന്നു. രാജ്യത്തുടനീളമുള്ള ഗൊയ്ഥെ-ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്നുള്ള വിദ്യാര്‍ഥികളും പ്രതിനിധികളും പങ്കെടുത്ത പരിപാടിക്കിടെ ജര്‍മന്‍ മന്ത്രിമാരുമായി വേദി പങ്കിടാനായി എന്നതാണ് ഏറ്റവും സവിശേഷമായി മുത്തുലക്ഷ്മി കാണുന്നത്.

പാര്‍ട്ട് ടൈം ജോലികള്‍, വിദ്യാഭ്യാസം, ആരോഗ്യ മേഖല എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്ത പരിപാടി വലിയ രീതിയില്‍ പ്രയോജനം ചെയ്തതായി അര്‍ച്ചന പറഞ്ഞു. അഭിപ്രായങ്ങളും ആശങ്കകളും തുറന്നുപറയാന്‍ പരിപാടിയില്‍ അവസരമുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പരിചയസമ്പന്നരും വൈദഗ്ധ്യവുമുള്ള തൊഴിലാളികള്‍ ജര്‍മനിക്ക് ആവശ്യമാണ്. വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്നതിനും ന്യായമായ കുടിയേറ്റം ഉറപ്പാക്കുന്നതിനുമായി വിസ നടപടിക്രമങ്ങള്‍ ഡിജിറ്റലൈസ് ചെയ്യുമെന്ന് ഉറപ്പുനല്‍കിയതായും അര്‍ച്ചന പറഞ്ഞു.

അടുത്ത മാസം നഴ്സായി ജര്‍മ്മനിയിലേക്ക് പോകുന്ന അര്‍ച്ചനയ്ക്ക് ഈ ആശയവിനിമയം മികച്ച അനുഭവമായ മാറി. തിരുവനന്തപുരം ഗൊയ്ഥെ-സെന്‍ട്രമിനെ പ്രതിനിധീകരിച്ചതില്‍ അഭിമാനം പ്രകടിപ്പിച്ച മുത്തുലക്ഷ്മിയും അര്‍ച്ചനയും അവിസ്മരണീയമായ യാത്രാനുഭവം സമ്മാനിച്ചതിന് സ്ഥാപനത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

You might also like
Leave A Reply

Your email address will not be published.