ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ടെക്നോപാര്‍ക്ക് ഫേസ്-3 ലെ ആദ്യത്തെ ക്രെഷും കിന്‍റര്‍ഗാര്‍ട്ടനും തുറന്നു

0

തിരുവനന്തപുരം: ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ടെക്നോപാര്‍ക്ക് ഫേസ്-3 ലെ ആദ്യത്തെ ക്രെഷും കിന്‍റര്‍ഗാര്‍ട്ടനും തുറന്നു. ഇന്ത്യയിലെ പ്രമുഖ പ്രീ സ്കൂള്‍, ഡേകെയര്‍ ശൃംഖലയായ ദി ലേണിംഗ് കര്‍വുമായി സഹകരിച്ചാണ് ‘ജിപിഎസ് സ്റ്റെപ്പിങ് സ്റ്റോണ്‍സ്’ ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുക.കൈക്കുഞ്ഞുങ്ങള്‍ മുതല്‍ ആറ് വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള സ്ഥാപനം ഫേസ്-3 ലെ ടോറസ് കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുക. ജോലിസ്ഥലത്ത് ഈ സൗകര്യം ഒരുങ്ങുന്നതിലൂടെ ടെക്നോപാര്‍ക്ക് ജീവനക്കാര്‍ക്ക് കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കാനും പരിചരിക്കാനുമാകും. ശിശുസൗഹൃദ ക്രെഷില്‍ ഫീഡിംഗ് റൂം, പഠന മുറികള്‍, മറ്റ് അവശ്യ സൗകര്യങ്ങള്‍ എന്നിവയുണ്ടായിരിക്കും. എല്ലാ ദിവസവും രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് ക്രെഷ് പ്രവര്‍ത്തിക്കുക.ചെറിയ കുട്ടികളുള്ള ടെക്നോപാര്‍ക്ക് ജീവനക്കാരെ പിന്തുണയ്ക്കുന്നതിനുള്ള ഒരു പ്രധാന അടിസ്ഥാന സൗകര്യമാണ് ക്രെഷിലൂടെ സാധ്യമാകുന്നതെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) പറഞ്ഞു. ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ടെക്നോപാര്‍ക്ക് ഫേസ്-3 ലെ ടോറസ് നയാഗ്ര കെട്ടിടത്തില്‍ ക്രെഷ് തുറന്നതോടെ പാര്‍ക്കിന്‍റെ സാമൂഹിക ഘടന കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.ടോറസ് സിഒഒയുമായുള്ള സംഭാഷണത്തില്‍ നിന്നാണ് ടെക്നോപാര്‍ക്കില്‍ ഇതുപോലൊരു സൗകര്യത്തിന്‍റെ ആവശ്യകതയുണ്ടെന്ന് മനസ്സിലായതെന്ന് ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ചെയര്‍മാനും ഗ്ലോബല്‍ എജ്യുക്കേഷന്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയുമായ പി. ജേക്കബ്ബ് പറഞ്ഞു. കൈക്കുഞ്ഞുങ്ങളും ചെറിയ കുട്ടികളുമുള്ള ഇവിടെ ജോലി ചെയ്യുന്ന ഒരുപാട് ജീവനക്കാര്‍ക്ക് ഇത് വലിയ ആശ്വാസമാകും. ഇത് അവരുടെ സമ്മര്‍ദ്ദം കുറയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കോവിഡിന് ശേഷം ജീവനക്കാരെ വര്‍ക്ക് ഫ്രം ഹോം സംസ്കാരത്തില്‍ നിന്ന് ഓഫീസിലേക്ക് തിരികെ കൊണ്ടുവരുന്നത് ബുദ്ധിമുട്ടായിരുന്നുവെന്നും അതിനുള്ള കാരണങ്ങളിലൊന്ന് പല ജീവനക്കാര്‍ക്കും വീട്ടില്‍ ചെറിയ കുട്ടികള്‍ ഉണ്ടായിരുന്നതാണെന്നും ടോറസ് ഇന്‍വെസ്റ്റ്മെന്‍റ് ഹോള്‍ഡിംഗ്സ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ കൃതിക കരിയപ്പ പറഞ്ഞു. ടെക്നോപാര്‍ക്കിലെ ക്രെഷ്, കിന്‍റര്‍ഗാര്‍ട്ടന്‍ സൗകര്യം ജീവനക്കാര്‍ക്ക് വലിയ പിന്തുണയായിരിക്കും. ജോലി ചെയ്യുന്ന അതേ കെട്ടിടത്തില്‍ കുഞ്ഞിനെ ഏല്‍പ്പിക്കാനും ആവശ്യമുള്ളപ്പോഴെല്ലാം പരിചരിക്കാനും ഇതുവഴി സാധിക്കുമെന്നും അവര്‍ പറഞ്ഞു.ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ടെക്നോപാര്‍ക്ക് കാമ്പസില്‍ സ്കൂള്‍ സ്ഥാപിക്കാന്‍ സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ സിബിഎസ്ഇ പാഠ്യപദ്ധതിയില്‍ പ്രീ-കെജി മുതല്‍ ആറാം ക്ലാസ് വരെയും, ഐബി പാഠ്യപദ്ധതിയില്‍ ഒന്ന് മുതല്‍ അഞ്ച് വരെയും, കേംബ്രിഡ്ജ് പാഠ്യപദ്ധതിയില്‍ ആറ് മുതല്‍ എട്ട് വരെയും ക്ലാസുകളാണ് ആരംഭിക്കുക. തുടര്‍ന്ന് എല്ലാ പാഠ്യപദ്ധതികളിലും പന്ത്രണ്ടാം ക്ലാസ് വരെ നീട്ടാനാണ് ഉദ്ദേശിക്കുന്നത്.

You might also like

Leave A Reply

Your email address will not be published.