കോട്ടയം: സംസ്ഥാന വിനോദസഞ്ചാരവകുപ്പ് സംഘടിപ്പിക്കുന്ന ലീഗ് അടിസ്ഥാനത്തിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) നാലാം ലക്കത്തിന് കോട്ടയം താഴത്തങ്ങാടിയില്‍ തുടക്കമായി. അടുത്ത വര്‍ഷത്തെ കേരള ടൂറിസത്തിന്‍റെ ലോക ടൂറിസം മാര്‍ക്കറ്റില്‍ സിബിഎല്ലിനെ പ്രധാന ഇനമാക്കി മാസങ്ങള്‍ക്ക് മുമ്പേ തന്നെ അവതരിപ്പിക്കുമെന്ന് സിബിഎല്‍ നാലാം ലക്കം ഉദ്ഘാടനം ചെയ്ത ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.
നെഹ്റു ട്രോഫി മുതല്‍ പ്രസിഡന്‍റ്സ് ട്രോഫി വരെയുള്ള സിബിഎല്‍ മത്സരങ്ങള്‍ അടുത്ത കൊല്ലം മുതല്‍ സംസ്ഥാനത്തെ എല്ലാ തീരദേശ ജില്ലകളിലും നടത്തും. വള്ളംകളി നടക്കുന്ന സ്ഥലത്തെ ടൂറിസം മേഖലയ്ക്ക് ആകെ ഉണര്‍വ് നല്‍കാന്‍ സിബിഎല്ലിന് കഴിഞ്ഞിട്ടുണ്ട്. വിദേശത്ത് നിന്നുള്ള ടൂറിസം ഓപ്പറേറ്റര്‍മാരെ സിബിഎല്ലിന്‍റെ ഭാഗമാക്കി വിദേശ ടൂറിസ്റ്റുകളെ ഇതിലേക്ക് ആകര്‍ഷിക്കാനുള്ള സാധ്യത പരിശോധിക്കും. മത്സരങ്ങള്‍ ചുരുക്കിയെങ്കിലും സമ്മാനത്തുകയില്‍ കുറവ് വരുത്തിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആറ് സിബിഎല്‍ മത്സരങ്ങളില്‍ കോട്ടയം താഴത്തങ്ങാടിയെ തെരഞ്ഞെടുത്തതില്‍ ടൂറിസം മന്ത്രിക്ക് പ്രത്യേകം നന്ദി അറിയിക്കുന്നതായി ചടങ്ങില്‍ അധ്യക്ഷനായിരുന്ന സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. സിബിഎല്‍ സ്ഥിരം വേദിയാകുന്നതോടെ താഴത്തങ്ങാടിയുടെ സൗന്ദര്യവത്കരണമടക്കമുള്ള കാര്യങ്ങളില്‍ വന്‍ പുരോഗതിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഫ്രാന്‍സിസ് ജോര്‍ജ്ജ് എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍, കേരള ടൂറിസം അഡി. ഡയറക്ടര്‍ (ജനറല്‍) പി വിഷ്ണുരാജ്, ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്, ത്രിതല പഞ്ചായത്ത്-നഗരസഭ അംഗങ്ങള്‍ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, തുടങ്ങിയവര്‍ സംബന്ധച്ചു.
കാരിച്ചാല്‍ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), വീയപുരം (വില്ലേജ് ബോട്ട് ക്ലബ് കൈനകരി), തലവടി (യുബിസി കൈനകരി), മേല്‍പ്പാടം (കുമരകം ബോട്ട് ക്ലബ്) ആയാപറമ്പ് വലിയദിവാന്‍ജി (ചങ്ങനാശേരി ബോട്ട് ക്ലബ്), നടുഭാഗം (കുമരകം ടൗണ്‍ ബോട്ട് ക്ലബ്), നിരണം (നിരണം ബോട്ട് ക്ലബ്) പായിപ്പാട് (ആലപ്പുഴ ടൗണ്‍ ബോട്ട് ക്ലബ്), ചമ്പക്കുളം (പുന്നമട ബോട്ട് ക്ലബ്) എന്നിവയാണ് സിബിഎല്‍ നാലാം ലക്കത്തിന് യോഗ്യത നേടിയത്.
ഇക്കുറി ആറ് മത്സരങ്ങളാണ് സിബിഎല്ലിനുണ്ടാകുന്നത്. കൈനകരി (നവംബര്‍ 23), പാണ്ടനാട്-ചെങ്ങന്നൂര്‍ (നവംബര്‍ 30), കരുവാറ്റ (ഡിസംബര്‍ 7), കായംകുളം (ഡിസംബര്‍ 14) ഗ്രാന്‍ഡ് ഫിനാലെ (ഡിസംബര്‍ 21) കൊല്ലം പ്രസിഡന്‍റ് ട്രോഫി എന്നിങ്ങനെയാണ് തുടര്‍ന്നുള്ള മത്സരങ്ങള്‍. ആകെ 3.20 കോടി രൂപയാണ് ആറ് മത്സരങ്ങളിലുമായി നല്‍കുന്ന സമ്മാനത്തുക.
ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5 ലക്ഷം, 3 ലക്ഷം, 1 ലക്ഷം രൂപ വീതം ലഭിക്കും. സിബിഎല്ലിന്‍റെ ആറ് ലീഗ് മത്സരങ്ങളുടെയും പോയിന്‍റുകളുടെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവര്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവും ലഭിക്കും.
ഇതിനു പുറമെ മത്സരങ്ങളില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടന്‍വള്ളം ഉടമകള്‍ക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നല്‍കും.