അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ഡോണള്‍ഡ് ട്രംപിന്റെ വിജയം അംഗീകരിച്ച് വാഷിങ്ടണില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കമല. തെരഞ്ഞെടുപ്പ് പരാജയത്തില്‍ ദു:ഖിക്കാതെ രാജ്യത്തിനായുള്ള പോരാട്ടം തുടരാന്‍ കമല അണികളോട് ആഹ്വാനം ചെയ്തു.സ്വാതന്ത്ര്യത്തിനും നീതിക്കും ജനങ്ങളുടെ അന്തസ്സിനുംവേണ്ടിയുള്ള പോരാട്ടത്തില്‍ താന്‍ ഉറച്ചുനില്‍ക്കുമെന്നായിരുന്നു കമലാ ഹാരിസിന്റെ വാക്കുകള്‍. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ കമല ഇന്ന് തന്റെ ഹൃദയവും മനസും നിറഞ്ഞിരിക്കുന്നുവെന്ന് പറഞ്ഞു. ‘നമ്മള്‍ പ്രതീക്ഷിച്ചതിന്റെയോ പോരാടിയതിന്റെയോ ഫലമല്ല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. എന്നാല്‍ തളരാത്ത കാലത്തോളം അമേരിക്കയുടെ വാഗ്ദാനത്തിന്റെ വെളിച്ചം അണഞ്ഞു പോകില്ല’. താന്‍ നടത്തിയ പോരാട്ടത്തിലും നടത്തിയ രീതിയിലും ഏറെ അഭിമാനമുണ്ടെന്നും കമല കൂട്ടിച്ചേര്‍ത്തു.‘വിവിധ സമൂഹങ്ങളെയും കൂട്ടുകെട്ടുകളെയും ഒന്നിപ്പിക്കുന്നതായിരുന്നു തന്റെ പ്രചാരണം. രാജ്യത്തോടുള്ള സ്നേഹവും അമേരിക്കയുടെ ശോഭനമായ ഭാവിയുമാണ് തന്നെയും ഒപ്പമുള്ളവരെയും ഒന്നിച്ച് ചേര്‍ത്തത്. ഇരുണ്ട കാലത്തിലേക്കാണ് പ്രവേശിക്കുന്നതെന്ന് പലരും കരുതുന്നു. അങ്ങനെയാവില്ലെന്ന് പ്രതീക്ഷിക്കാം’, കമല പറഞ്ഞു.107 ദിവസം നീണ്ടുനിന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒപ്പംനിന്ന അനുയായികള്‍ക്ക് കമലാ ഹാരിസ് നന്ദി അറിയിച്ചു. അതോടൊപ്പം തന്റെ കുടുംബത്തിനും പ്രസിഡന്റ് ജോ ബൈഡനും അദ്ദേഹത്തിന്റെ ഭാര്യയ്ക്കും കമല നന്ദി പറഞ്ഞു.