നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്‌ളവം സൃഷ്ടിക്കും : താഹ മുഹമ്മദ്

0

ദോഹ : കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രചോദനം പ്രധാനമാണെന്നും നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്ളവം സൃഷ്ടിക്കുമെന്നും ഖത്തറിലെ ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍ കൗണ്‍സില്‍ പ്രസിഡണ്ട് താഹ മുഹമ്മദ് അഭിപ്രായപ്പെട്ടു. ദോഹ സ്‌കില്‍സ് ഡവലപ്‌മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവാസി ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പരയുടെ ഏഴാം ഭാഗത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളും സ്വാഭാവികമാണെന്നും അത്തരം ഘട്ടങ്ങളില്‍ മോട്ടിവേഷണല്‍ സന്ദേശങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും ജീവിതം മാറ്റി മറിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. തിരക്ക് പിടിച്ച ജീവിതയാത്രയില്‍ പലപ്പോഴും വായന പരിമിതപ്പെടുകയാണെന്നും ഏത് പ്രായത്തില്‍പെടുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ചരിത്ര കഥകളും പ്രചോദിപ്പിക്കുന്ന ഉദ്ധരണികളും ഉള്‍കൊള്ളുന്ന വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പര വായന സംസ്‌കാരം പുനര്‍ജീവിപ്പിക്കുവാന്‍ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, ക്‌ളിക്കോണ്‍ ഖത്തര്‍ മാനേജര്‍ അബ്ദുല്‍ അസീസ്, ഡോം ഖത്തര്‍ പ്രസിഡണ്ട് ഉസ്മാന്‍ കല്ലന്‍, ഡോ.സിമി പോള്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ സിസി മാനേജിംഗ് കമ്മറ്റി അംഗം അഡ്വ. ജാഫര്‍ ഖാന്‍ കേച്ചേരി, അബ്ദുല്ല പൊയില്‍, വെസ്റ്റ് പാക് മാനേജര്‍ മശ്ഹൂദ് തങ്ങള്‍, ശൈനി കബീര്‍, മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഏയ്ഞ്ചല്‍ റോഷന്‍ എന്നിവര്‍ സംസാരിച്ചു.എന്‍.വി.ബി.എസ് കോ ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. എന്‍.വി.ബി.എസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ.അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.7 വാല്യങ്ങളായുള്ള വിജയമന്ത്രം യുവാക്കള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രചോദനമുണ്ടാക്കുന്ന ഗ്രന്ഥമാണെന്ന് പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.കോവിഡ് കാലത്ത് ചലചിത്ര നടനും അധ്യാപകനുമായ ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ പോഡ്കാസ്റ്റാണ് വിജയമന്ത്രങ്ങള്‍ എന്ന പേരില്‍ പുസ്തക പരമ്പരയായത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ളിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്‍.

You might also like

Leave A Reply

Your email address will not be published.