പരിസ്ഥിതി സൗഹൃദ കമ്പോസ്റ്റിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ച് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി

0
തിരുവനന്തപുരം: ശാസ്ത്രീയവും സുസ്ഥിരവുമായ വേസ്റ്റ് മാനേജ്മെന്‍റിന്‍റെ ഭാഗമായ കമ്പോസ്റ്റിങ് പ്രക്രിയയ്ക്ക് പരിസ്ഥിതി സൗഹാര്‍ദ പരിഹാരവുമായി സിഎസ്ഐആര്‍-നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്‍റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്നോളജി. ‘ജൈവം’ എന്ന പേരിലാണ് ഉത്പന്നം വികസിപ്പിച്ചിരിക്കുന്നത്.

ഇതിന്‍റെ നിര്‍മ്മാണത്തിനും ഉപയോഗത്തിനുമായി എന്‍ഐഐഎസ്ടി ആഗ്സോ അഗ്രോസോള്‍ജിയര്‍ പ്രൈവറ്റ് ലിമിറ്റഡുമായി നോണ്‍ എക്സ്ക്ലുസീവ് ലൈസന്‍സ് വ്യവസ്ഥയില്‍ ധാരണാപത്രം ഒപ്പിട്ടു.
വീടുകളില്‍ ഉപയോഗിക്കുന്ന കമ്പോസ്റ്റിംഗ് ബിന്നുകളിലും നഗരങ്ങളില്‍ ഉപയോഗിക്കുന്ന ഓര്‍ഗാനിക് വേസ്റ്റ് കണ്‍വെര്‍ട്ടര്‍ യൂണിറ്റുകളിലും വിന്‍ഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റുകളിലും ഇത് ഉപയോഗിക്കാന്‍ കഴിയും. മാലിന്യം വളരെ വേഗത്തില്‍ കമ്പോസ്റ്റായി മാറ്റി കാര്‍ഷികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നതാണ് മറ്റൊരു പ്രയോജനം.വലിയ തോതിലുള്ള കമ്പോസ്റ്റിംഗ് പ്രക്രിയയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മീഥേന്‍, നൈട്രസ് ഓക്സൈഡ് പോലുള്ള പരിസ്ഥിതി സൗഹൃദമല്ലാത്ത വാതകങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണി കുറയ്ക്കുന്നതിനും കമ്പോസ്റ്റിന്‍റെ  ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും ഈ പ്രക്രിയയിലൂടെ സാധിക്കുമെന്ന് എന്‍ഐഐഎസ്ടി ഡയറക്ടര്‍ ഡോ. സി അനന്തരാമകൃഷ്ണന്‍ പറഞ്ഞു. നഗരത്തിലെ മാലിന്യ സംസ്കരണത്തില്‍ നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് ഇത് കരുത്തുപകരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഐഐഎസ്ടിയിലെ എന്‍വയോണ്‍മെന്‍റല്‍ ടെക്നോളജി വിഭാഗത്തിലെ ഡോ. കൃഷ്ണകുമാര്‍ ബി യുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ‘ജൈവം’ വികസിപ്പിച്ചത്.
2018-ലെ ഖരമാലിന്യ സംസ്കരണ നിയമ പ്രകാരം ജൈവമാലിന്യങ്ങള്‍ സംസ്കരിക്കുന്നതിന് പ്രധാനമായും കമ്പോസ്റ്റിംഗും അനേറോബിക് ഡൈജഷനും (വായുരഹിത ദഹനം) വഴിയാണ്. കോര്‍പ്പറേഷനുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും പൊതുവായ ജൈവ മാലിന്യ സംസ്കരണ സംവിധാനങ്ങള്‍ പല സ്ഥലങ്ങളിലും ഇല്ലാത്തതിനാല്‍ ഗാര്‍ഹികമായി ഉപയോഗിക്കുന്ന എയ്റോബിക് കമ്പോസ്റ്റിംഗ് പോലുള്ള വികേന്ദ്രീകൃത സമീപനങ്ങളാണ് പലപ്പോഴും സ്വീകരിക്കുന്നത്.എയ്റോബിക് കമ്പോസ്റ്റിംഗ് പ്രക്രിയയില്‍ ബാക്ടീരിയ, ഫംഗസ് അല്ലെങ്കില്‍ ഇതു രണ്ടും കൂടിച്ചേര്‍ന്ന ഇനോകുലം എന്ന് വിളിക്കുന്ന മൈക്രോബയല്‍ പ്രയോഗം നടത്താറുണ്ട്. ഇനോക്കുലയുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പാക്കുക എന്നത് ഈ പ്രക്രിയയിലെ വെല്ലുവിളിയാണ്.ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ഇനോകുലവുമായി താരതമ്യം ചെയ്യുമ്പോള്‍ ‘ജൈവ’ത്തിന് ഗുണങ്ങള്‍ ഏറെയാണ്. ഇതില്‍ ഉപയോഗിക്കുന്ന എല്ലാ ബാക്ടീരിയകളും സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ‘ജൈവം’ ഉപയോഗിച്ച് ഉത്പാദിപ്പിക്കുന്ന കമ്പോസ്റ്റ് എഫ് സിഒ മാനദണ്ഡം പാലിക്കുന്നതും സസ്യങ്ങളുടെ വളര്‍ച്ചയ്ക്ക് ഫലപ്രദവുമാണ്. മാത്രവുമല്ല സസ്യങ്ങള്‍ക്കുണ്ടാകുന്ന കീടബാധകള്‍ പ്രതിരോധിക്കുന്നതിനും ഇത് ഏറെ ഗുണകരമാണ്.
‘ജൈവ’ത്തിന്‍റെ പരീക്ഷണങ്ങള്‍ വിജയകരമായിരുന്നു. മുനിസിപ്പല്‍ ജൈവമാലിന്യങ്ങള്‍, ഇറച്ചി യൂണിറ്റുകള്‍, ഹോട്ടല്‍, റെസ്റ്റോറന്‍റുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വന്‍തോതിലുള്ള മാലിന്യങ്ങളുടെ കമ്പോസ്റ്റിംഗ് സമയം 15 മുതല്‍ 20 ദിവസങ്ങള്‍ വരെ കുറയ്ക്കുന്നതിന് ഇതിലൂടെ സാധിച്ചു.കമ്പോസ്റ്റിംഗ് ദൈര്‍ഘ്യം കുറയ്ക്കുന്നതിനും വന്‍തോതിലുള്ള മാലിന്യങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനും ‘ജൈവം’ വഴിവയ്ക്കും. തുമ്പൂര്‍മൂഴി അടക്കമുള്ള വന്‍കിട മാലിന്യ സംസ്കരണ യൂണിറ്റുകള്‍ക്ക് എന്‍ഐഐഎസ്ടി സാങ്കേതിക സഹായം നല്‍കും.
You might also like
Leave A Reply

Your email address will not be published.