മജീഷ്യന്‍ മുതുകാടിന്‍റെ ഡിഫറെന്‍റ് ആര്‍ട്ട് സെന്‍റര്‍ മാതൃക പരീക്ഷിക്കാന്‍ സിക്കിം സര്‍ക്കാര്‍

0

തിരുവനന്തപുരം: മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്‍റെ തിരുവനന്തപുരത്തെ ഡിഫറെന്‍റ്  ആര്‍ട്ട് സെന്‍റര്‍ സിക്കിമിലും സ്ഥാപിക്കാന്‍ താല്‍പര്യമുണ്ടെന്ന് സിക്കിം ആരോഗ്യമന്ത്രി ജി ടി ധുങ്കേല്‍ പറഞ്ഞു. രണ്ടുമാസം നീണ്ടുനില്‍ക്കുന്ന മജീഷ്യന്‍ മുതുകാടിന്‍റെ ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ പര്യടനം സിക്കിമില്‍ എത്തിയപ്പോഴാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഔദ്യോഗിക സന്ദര്‍ശനത്തിന്‍റെ ഭാഗമായി അടുത്തുതന്നെ തിരുവനന്തപുരത്ത് വരുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. ഈ വേളയില്‍ മജീഷ്യന്‍ മുതുകാടിന്‍റെ ഡിഎസി സന്ദര്‍ശിച്ച് കാര്യങ്ങള്‍ നേരിട്ട് മനസ്സിലാക്കും. സമാന മാതൃകയില്‍ സിക്കിമിലും ഇത്തരം സ്ഥാപനം തുടങ്ങാന്‍ ആഗ്രഹമുണ്ട്. സാമൂഹ്യ നവോത്ഥാനത്തിന് മാജിക്കിനെ ഉപകരണമാക്കി മാറ്റിയതിന് മന്ത്രി മുതുകാടിനെ അഭിനന്ദിച്ചു. ഭിന്നശേഷിക്കാര്‍ക്കായി മുതുകാട് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിക്കാരെ മാജിക്കിലൂടെയും മറ്റ് കലാരൂപങ്ങളിലൂടെയും മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന പ്രവര്‍ത്തനമാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഡിഎസി നടത്തിവരുന്നത്. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്‍റെ സാമ്പത്തികേതര സഹായങ്ങളോടെയാണ് ഡിഎസി പ്രവര്‍ത്തിക്കുന്നത്.

ഒക്ടോബര്‍ ആറിന് കന്യാകുമാരിയില്‍ നിന്നാണ് മജീഷ്യന്‍ മുതുകാടിന്‍റെ ‘ഇന്‍ക്ലൂസീവ് ഇന്ത്യ’ യാത്ര ആരംഭിച്ചത് കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെയും രാജ്യത്തിന്‍റെ പടിഞ്ഞാറും വടക്കുമുള്ള സംസ്ഥാനങ്ങളിലൂടെയും ഇത് കടന്നുപോകും. അന്താരാഷ്ട്ര ഭിന്നശേഷി ദിനമായ ഡിസംബര്‍ ആറിന് ഡല്‍ഹിയിലാണ് പരിപാടി സമാപിക്കുക.

You might also like

Leave A Reply

Your email address will not be published.