12-ാമത് യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനലിന് ഗോയ്ഥെ-സെന്‍ട്രം ആതിഥേയത്വം വഹിക്കും

0
തിരുവനന്തപുരം: ജര്‍മ്മന്‍ സാംസ്കാരിക കേന്ദ്രമായ ഗോയ്ഥെ-സെന്‍ട്രം 12-ാമത് യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യയുടെ ഫൈനല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കും. ഗോയ്ഥെ-സെന്‍ട്രത്തിന്‍റെ തിരുവനന്തപുരം കാമ്പസില്‍ ഡിസംബര്‍ 5 ന് ഉച്ചകഴിഞ്ഞ് 3 മുതല്‍ രാത്രി 9 വരെയാണ് മത്സരം.

ഗവേഷകര്‍, സംരംഭകര്‍, സര്‍വ്വകലാശാലകള്‍, വ്യവസായങ്ങള്‍ എന്നിവയ്ക്കായി വിവരങ്ങള്‍ നല്‍കുകയും സേവനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്ന യൂറോപ്യന്‍ യൂണിയന്‍ സംരംഭമാണ് യൂറാക്സസ്.

യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യ-2024 ന്‍റെ ഫൈനലില്‍ വിവിധ ഗവേഷണ മേഖലകളില്‍ നിന്നുള്ള നാല് പേര്‍ മത്സരിക്കും. യൂറോപ്പിലേക്കുള്ള റൗണ്ട് ട്രിപ്പ് ടിക്കറ്റ് ആണ് വിജയിക്ക് ലഭിക്കുക.

തിരുവനന്തപുരം ഗോയ്ഥെ-സെന്‍ട്രത്തിലെ ഭാഷാ വിഭാഗം മേധാവി സുധ സന്ദീപ്, ഇന്ത്യയിലെ യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി പിയറിക് ഫിലോണ്‍-ആഷിദ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കും. തുടര്‍ന്ന് ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്സ്, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ യൂറോപ്പിലെ പഠന-ഗവേഷണ സാധ്യതകളെക്കുറിച്ചുള്ള അവതരണങ്ങള്‍ നടത്തും.

കേരള കാര്‍ഷിക സര്‍വകലാശാല അസി. പ്രൊഫസര്‍ ജിജിന്‍ ടി, ഐഐടി പാലക്കാട് പിഎച്ച്ഡി സ്കോളര്‍ ഷബാന കെ എം, ഐഐടി ഖൊരഗ്പൂര്‍ പിഎച്ച്ഡി സ്കോളര്‍ ശ്രേഷ്ഠ ഗാംഗുലി, ടിഐഎഫ്ആര്‍ മുംബൈ പിഎച്ച്ഡി സ്കോളര്‍ സുമന്‍ തിവാരി എന്നിവരാണ് ഈ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍. ഫൈനലിസ്റ്റുകള്‍ അവരുടെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ സദസ്സിനു മുന്നില്‍ അവതരിപ്പിക്കും.

യൂറോപ്പിലെ പഠന, ഗവേഷണ സാധ്യതകള്‍, യൂറോപ്യന്‍ യൂണിയന്‍ ഗവേഷണ കരിയര്‍ വികസന പരിപാടികള്‍, സയന്‍സ് കമ്മ്യൂണിക്കേഷന്‍ എന്നിവയെക്കുറിച്ച് അറിയാന്‍ സന്ദര്‍ശകര്‍ക്ക് അവസരം ലഭിക്കും. പരിപാടിയില്‍ പങ്കെടുക്കാന്‍ https://bit.ly/EURAXESS24 എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം.

പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന നെറ്റ് വര്‍ക്കിംഗ് ഡിന്നറില്‍ പങ്കെടുക്കുന്നവര്‍ക്ക് യൂറാക്സസ് ഇന്ത്യ, ഗോയ്ഥെ-സെന്‍ട്രം, ജര്‍മ്മന്‍ കോണ്‍സുലേറ്റ്, ഇന്ത്യയിലേക്കുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍, യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ പ്രതിനിധികള്‍, അക്കാദമിക്-ഇതര പ്രതിനിധികള്‍, സയന്‍സ് സ്ലാം ജൂറിയിലെ അംഗങ്ങള്‍ എന്നിവരുമായി സംവദിക്കാം.

സിഎന്‍ആര്‍എസ് ഇന്ത്യ, യൂറോപ്യന്‍ യൂണിയന്‍റെ ഇന്ത്യയിലെ പ്രതിനിധി, ചെക്ക് റിപ്പബ്ലിക് എംബസി, ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മ്മനി എംബസി, ന്യൂഡല്‍ഹിയിലെ ഇറ്റലി എംബസി, ന്യൂ ഡല്‍ഹിയിലെ സ്ലോവേനിയ എംബസി, ന്യൂഡല്‍ഹിയിലെ സ്വീഡന്‍റെ എംബസി, ഗോയ്ഥെ-സെന്‍ട്രം തിരുവനന്തപുരം, ദി നെതര്‍ലാന്‍ഡ്സ് ഇന്നൊവേഷന്‍ നെറ്റ് വര്‍ക്ക് എന്നിവയാണ് യൂറാക്സസ് സയന്‍സ് സ്ലാം ഇന്ത്യ-2024 സംഘടിപ്പിക്കുന്നത്.
You might also like
Leave A Reply

Your email address will not be published.