കലോത്സവ സ്വാഗതഗാനത്തിന് സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം

0

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതഗാനത്തിന് കേരളത്തിന്റെ സാംസ്‌കാരിക തനിമയോടെ നൃത്താവിഷ്‌ക്കാരം ഒരുങ്ങി. ശ്രീനിവാസൻ തൂണേരി രചിച്ച് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയ അവതരണ ഗാനം കലാമണ്ഡലത്തിലെ കുട്ടികളും പൊതുവിദ്യാലയത്തിലെ വിദ്യാർത്ഥികളും ചേർന്ന് നാളെ (ജനുവരി 4) കലോത്സവ ഉദ്ഘാടന വേദിയിൽ അവതരിപ്പിക്കും. ടാഗോർ തിയേറ്ററിൽ നൃത്തപരിശീലനം നടത്തിയ കലാമണ്ഡലം ടീമിനെ സന്ദർശിച്ച് പൊവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അനുമോദനം അറിയിച്ചു.കേരളത്തിൻറെ നവോത്ഥാനം, സാമൂഹിക കലാ മേഖലകളെക്കുറിച്ചാണ് ഗാനത്തിൽ വ്യക്തമാക്കുന്നത്. അതിനാൽ നൃത്താവിഷ്‌ക്കാരത്തിലും ആ സമ്പൂർണ്ണതയുണ്ട്. വേഗത്തിലുള്ള അവതരണഗാനമാണ് കാവാലം ശ്രീകുമാർ ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതനുസരിച്ച് ചടുലമായ ചുവടുകളാണ് നൃത്തത്തിലുമുള്ളത്. കലാരൂപങ്ങളുടെ നൃത്താവിഷ്‌ക്കാരം പുതുമയോടെയും സമ്പൂർണ്ണതയോടെയും അവതരിപ്പിക്കാനാണ് ശ്രമിച്ചിരിക്കുന്നതെന്ന് നൃത്താധ്യാപകൻ കലാമണ്ഡലം തുളസികുമാർ പറഞ്ഞു.

കേരളത്തിന്റെ തനത് കലകൾ ഉൾപ്പെടെ നിരവധി കലാരൂപങ്ങളുടെ പരിശ്ഛേദമാണ് നൃത്താവിഷ്‌ക്കാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ശാസ്ത്രീയ നൃത്തങ്ങളായ കഥകളി, മോഹിനിയാട്ടം, എന്നിവ കൂടാതെ ഭരതനാട്യം കുച്ചുപ്പുടി, ഗോത്ര കലകൾ, മാർഗംകളി, ഒപ്പന, കളരിപ്പയറ്റ്, ദഫ് മുട്ട് തുടങ്ങിയ നിരവധി കലാരൂപങ്ങൾ ഗാനത്തിനനുസരിച്ച് നൃത്തത്തിൽ കോർത്തിണക്കിയിട്ടുണ്ട്.

ചടുലമായ ചുവടുകളോടെ പത്ത് മിനിറ്റ് ദൈർഘ്യമുള്ള നൃത്താവിഷ്‌ക്കാരമാണ് കലാമണ്ഡലത്തിലെ അധ്യാപകർ ഒരുക്കിയിട്ടുള്ളത്. 44 വിദ്യാർത്ഥികളാണ് നൃത്തത്തിന് ചുവടുവയ്ക്കുന്നത്. ഇതിൽ 28 പേർ കലാമണ്ഡലം വിദ്യാർത്ഥികളാണ്. ബാക്കി പതിനാറു പേർ തൃശൂർ, ഇടുക്കി ജില്ലകളിലെ വിവിധ സർക്കാർ സ്‌കൂളുകളിലെ വിദ്യാർത്ഥികളാണ്. കലാമണ്ഡലം രജിത രവി, കലാമണ്ഡലം തുളസികുമാർ, കലാമണ്ഡലം അരുൺ വാര്യർ, കലാമണ്ഡലം ലതിക എന്നിവരാണ് നൃത്തം ചിട്ടപ്പെടുത്തിയത്.

You might also like
Leave A Reply

Your email address will not be published.