ദുബായ് – കൊച്ചി കപ്പൽ സർവീസ് നടത്താൻ താല്പര്യം അറിയിച്ചവർക്ക് സർക്കാർ പിന്തുണ – എൻ.എസ്. പിള്ള.
കപ്പൽ സർവീസ് ആരംഭിക്കാൻ നടപടികൾ ത്വരിതപ്പെടുത്താൻ തുറമുഖ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി.
കോഴിക്കോട് : കേരള മുഖ്യമന്ത്രി, തുറമുഖ, ടൂറിസം വകുപ്പ് മന്ത്രിമാരുടെ നിർദ്ദേശപ്രകാരം കേരള മാരിടൈം ബോർഡും, മലബാർ ഡെവലപ്മെന്റ് കൗൺസിലും സംയുക്തമായി കപ്പൽ സർവീസ് ആരംഭിക്കാൻ സന്നദ്ധത അറിയിച്ചവരെ പങ്കെടുപ്പിച്ച് യോഗം നടത്തി. എം ഡി സി ഓഫീസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് ഷെവലിയർ സി. ഇ. ചാക്കുണ്ണി അധ്യക്ഷത വഹിച്ചു.
അമിത വിമാന നിരക്കും, കോഴിക്കോട് വലിയ വിമാന സർവീസ് ആരംഭിക്കാത്തതും, കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോളിംഗ് പദവി ലഭിക്കാത്തതും മലബാറിലെ വിമാന യാത്രക്കാർക്കും, കാർഗോ കയറ്റുമതിക്കാർക്കും കപ്പൽ സർവീസിന്റെ അനിവാര്യത അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.
കൊച്ചി – ദുബായ് യാത്ര – ചരക്കു കപ്പൽ ആരംഭിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയതായും, അനുയോജ്യമായ കപ്പൽ കണ്ടെത്തി ഇന്ത്യയിൽ ഓപ്പറേറ്റ് ചെയ്യുന്നതിന് വേണ്ടിയുള്ള നടപടികൾ കേന്ദ്ര ഷിപ്പിംഗ് ഡയറക്ടർ ജനറലുമായും, ഷിപ്പിംഗ് മന്ത്രാലയുമായും ബന്ധപ്പെട്ട് എല്ലാ അനുമതികളും എത്രയും പെട്ടെന്ന് പൂർത്തീകരിച്ചു കൊടുക്കുമെന്ന് മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള യോഗത്തിൽ അറിയിച്ചു. യോഗത്തിൽ പങ്കെടുത്തവരുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
സർവീസ് നടത്താൻ മലബാർ ഡെവലപ്മെന്റ് കൗൺസിൽ വഴി ലഭിച്ച അപേക്ഷകൾ എം ഡി സി പ്രസിഡന്റ് ഷെവലിയർ സി.ഇ ചാക്കുണ്ണി കെ.എം.ബി ചെയർമാൻ എൻ എസ് പിള്ളയ്ക്ക് തദവസരത്തിൽ കൈമാറി. ഗൾഫിലെ പ്രവാസികളും, ടൂറിസ്റ്റുകളും, ചികിത്സയ്ക്ക് വന്നു പോകുന്നവരും കപ്പൽ യാത്ര പദ്ധതി എത്രയും വേഗം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണെന്നും വലിയ സ്വീകാര്യതയാണ് സമൂഹത്തിൽ നിന്നും, ദൃശ്യമാധ്യമങ്ങളിൽ നിന്നും ഈ പദ്ധതിക്ക് ലഭിക്കുന്നതെന്നും യോഗത്തിൽ പങ്കെടുക്കാൻ ദുബായിൽ നിന്ന് എത്തി മുഖ്യപ്രഭാഷണം നടത്തിയ സിഎ ബ്യൂട്ടി പ്രസാദ് അറിയിച്ചു.
ഈ പദ്ധതി എത്രയും വേഗം ആരംഭിക്കുന്നതിന് വിശ്രമമില്ലാതെ പരിശ്രമിക്കുന്ന കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ളയെയും, യുഎഇ കോഡിനേറ്റർ സി എ ബ്യൂട്ടി പ്രസാദിനെയും മുഖ്യാതിഥി പി വി ചന്ദ്രൻ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു. കാലിക്കറ്റ് ചേമ്പർ മുൻ പ്രസിഡന്റുമാരായ ഡോക്ടർ കെ മൊയ്തു, സുബൈർ കൊളക്കാടൻ, റാഫി പി ദേവസി, എം ഡി സി സെക്രട്ടറി കുന്നോത്ത് അബൂബക്കർ, മധുജിത് കേലാട്ട്, ഫൈസൽ മുഹമ്മദ്, സിസി മനോജ്, ഹെഡ് ഓഫ് പി.എം.വി ശരത്.വി എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് കപ്പൽ സർവീസ് നടത്താൻ അപേക്ഷിച്ച എമറാൾഡ് ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് അബ്ദുൽ കരീം ഫൈസലുമായി മലബാർ പാലസിൽ വച്ച് കേരള മാരിടൈം ബോർഡ് ചെയർമാൻ എൻ എസ് പിള്ള, തുറമുഖ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വനി പ്രതാപ്, എം ഡി സി പ്രസിഡണ്ട് ഷെവലിയാർ സിഇ ചാക്കുണ്ണി, ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, മധുജിത് കേലാട്ട് എന്നിവർ സമ്മതപത്രം കൈമാറി ചർച്ച ചെയ്തു. യോഗ ശേഷം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ തുറമുഖ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകിയ അറിയിപ്പ് ലഭിച്ചു.
എം ഡി സി ഖജാൻജി എംവി കുഞ്ഞാമു സ്വാഗതവും, തുറമുഖ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ക്യാപ്റ്റൻ അശ്വിനി പ്രതാപ് നന്ദിയും രേഖപ്പെടുത്തി.
ഷെവലിയർ സി. ഇ ചാക്കുണ്ണി
പ്രസിഡന്റ് എം ഡി സി
9847412000
16-01-2025