ഫെബ്രുവരി 10 നാണ് ഭാരതത്തിൽ ദേശീയ വിരവിമുക്ത ദിനം ആചരിക്കുന്നത്. വിരവിമുക്ത ദിനത്തിന്റെ ഭാഗമായി ഒന്നു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് ആരോഗ്യ വകുപ്പ് അധികൃതരുടെ നേതൃത്വത്തിൽ ആൽബൻഡസോൾ ഗുളികകൾ നൽകും. ഒന്നുമുതൽ രണ്ടു വയസ്സുവരെയുള്ള കുട്ടികൾക്ക് പകുതി ഗുളിക ഒരു ടേബിൾ സ്പൂൺ തിളപ്പിച്ചാറിയ വെള്ളത്തിൽ ലയിപ്പിച്ചാണ് കൊടുക്കുന്നത്. സ്‌കൂളുകളിലും അങ്കണവാടികളിലും രജിസ്റ്റർ ചെയ്യാത്ത ഒന്നുമുതൽ 19 വയസ്സുവരെ ഒരു ഗുളിക ഉച്ചഭക്ഷണത്തിനു ശേഷം ഒരു ഗ്ലാസ് തിളപ്പിച്ചാറിയ വെള്ളത്തോടൊപ്പം ചവച്ചരച്ച് കഴിക്കാൻ നൽകും.
*കേരളത്തിൽ*
കേരളത്തിൽ ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, സാമൂഹിക നീതി വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേതൃത്വത്തിലാണ് ഈ ദിനാചരണ പരിപാടി.
________________________________
ദേശീയ വിരവിമുക്ത ദിനം ( National Deworming Day ) –
——————————————————–
ഫെബ്രുവരി 10th ദേശീയ വിര നിവാരണ ദിനമായി ആചരിക്കുകയാണ്, ഇതിന്റെ ഭാഗമായി 1 വയസ്സു മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്ക് ആൽബന്റ സോൾ(Albendazole ) ഇന്ത്യയിലൊട്ടാകെ ഒരേ ദിവസം നൽകുകയാണ്
*എന്താണ് വിരശല്യം?
നമ്മുടെ കുടലുകളിൽ കാണുന്ന ചെറു ജീവികൾ ആണ് വിരകൾ. കൃമി ( enterobius vermicularis), ഉരുളൻ വിര( ascaris lumbricoids), നാട വിര( tape worm ) എന്നിവയാണ് സാധാരണ കാണുന്ന വിരകൾ. എന്നാൽ ഇവയുടെ ആധിക്യം മൂലം കുട്ടികളിൽ പലതരത്തിലുള്ള അസുഖങ്ങളും കാണപ്പെടുന്നു.
*എങ്ങനെയാണ് നമ്മുടെ ശരീരത്തിൽ വിരകൾ എത്തിപ്പെടുന്നത്?
മണ്ണിൽ നിന്നുമാണ് പ്രധാനമായും വിരകളുടെ മുട്ടകൾ കുഞ്ഞുങ്ങളുടെ ശരീരത്തിൽ എത്തിപ്പെടുന്നത്. നഖങ്ങൾക്കിടയിലെ ചളിയിലൂടെയും, ഭക്ഷണത്തിന് മുമ്പ് കൈ കഴുകാതിരിക്കുന്നതിലൂടെയും, നല്ലവണ്ണം വൃത്തിയാക്കാത്തതും പാചകം ചെയ്യാത്തതുമായ പച്ചക്കറികൾ, പഴങ്ങളിലൂടെയുമാണ് ഈ വിരമുട്ടകൾ കുട്ടികളുടെ കുടലുകളിൽ എത്തി ചേരുന്നത്.
*വിരശല്യം കൊണ്ടുള്ള ദോഷങ്ങൾ എന്തെല്ലാം ?
കുട്ടികൾക്ക് വിശപ്പില്ല, ശരീരം നന്നാവുന്നില്ല എന്നിവയൊക്കെ ഭൂരിഭാഗം അമ്മമാരുടേയും പരാതിയാണല്ലോ? ഒരു പരിധി വരെ ഇതിനെല്ലാം കാരണം വിരശല്യമാണ്. കുട്ടികളുടെ കുടലിൽ കിടന്ന് ഭക്ഷണത്തിലെ പോഷകങ്ങൾ വലിച്ചെടുക്കുകയും, രക്തം ഊറ്റി കുടിക്കുകയും വഴി പോഷകാഹാര കുറവ് ,വിളർച്ച, രക്തക്കുറവ്, വയറുവേദന, നിരവധി വിരകൾ അടിഞ്ഞുകൂടി കുടൽ സ്തംഭനം( intestinal obstruction due to worm infestation) എന്നിവയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
*എന്താണ് പ്രതിവിധി?
വ്യക്തി ശുചിത്വത്തിന് ഊന്നൽ നൽകുന്നതിനോടൊപ്പം തന്നെ വിരശല്യത്തിന് ഏറ്റവും സൗകര്യപ്രധവും ഉചിതവുമായ ചികിത്സയാണ് ആൽബന്റസോൾ ഗുളികകൾ.ഗർഭിണികളും, മുലയൂട്ടുന്ന അമ്മമാരും 1 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളും ഈ ഗുളിക കഴിക്കാൻ പാടില്ല.
*ദേശീയ വിര വിമുക്ത ദിനം ആചരിക്കുന്നതെന്തിന്?
കുട്ടികളിലെ വിരകളുടെ ഉപദ്രവം തടയുന്നതിലൂടെ ആരോഗ്യമുള്ള യുവതയെ വാർത്തെടുക്കുന്നതിനായാണ് ഈ ദിനം ആചരിക്കുന്നത്. ഈ ദിനത്തിൽ 1 മുതൽ19 വയസ്സുവരെയുള്ള കുട്ടികൾക്ക് വിര നശീകരണത്തിനായി ആൽബന്റസോൾ ഗുളികകൾ നൽകുന്നു. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും, അംഗൻവാടിയിലേയും ഡേ കെയർ സെന്ററുകളിലേയും കുട്ടികൾക്കാണ് ഗുളിക നൽക്കുന്നത്. ഡോക്ടർമാരുടേയും ആരോഗ്യ പ്രവർത്തകരുടേയും മേൽനോട്ടത്തിൽ അധ്യാപകർ, അംഗൻവാടി വർക്കേഴ്സ്, ആശ പ്രവർത്തകർ എന്നിവരാണ് ഗുളിക നൽകുന്നത്.
*എങ്ങനെയാണ് ഗുളിക കഴിക്കേണ്ടത്?
1 മുതൽ 2 വയസ്സുവരെയുള്ള കുട്ടികൾക്ക് പകുതി ഗുളിക (200mg) ഒരു ടേബിൾ സ്പൂൺ തിളപ്പിച്ചാറിയ വെള്ളത്തിൽ അലിയിച്ചാണ് നൽകേണ്ടത്. 2 വയസ്സു മുതൽ 19 വയസ്സുവരെ ഒരു ഗുളിക ( 400mg) ഉച്ച ഭക്ഷണത്തിന് ശേഷം ഒരു ഗ്ലാസ്സ് തിളപ്പിച്ചാറിയ വെളളത്തോടൊപ്പം ചവച്ചരച്ച് കഴിക്കേണ്ടതാണ്.
NB: ഫെബ്രുവരി 10 th ഗുളിക കഴിക്കാൻ സാധിക്കാത്തവർ സമ്പൂർണ്ണ വിര വിമുക്ത ദിനമായ ഫെബ്രുവരി 15 ന് തീർച്ചയായും കഴിക്കേണ്ടതാണ്