വേൾഡ് ഗ്ലോക്കോമ അസോസിയേഷനും. ഗ്ലോക്കോമ പേഷ്യന്റ് അസോസിയേഷനും 10 വർഷങ്ങൾക്ക് മുമ്പാണ് ഗ്ലോക്കോമ വാരാചരണവും ഗ്ലോക്കോമ ദിനവും ആചരിക്കാൻ തുടങ്ങിയത്. ഗ്ലോക്കോമയെ കുറിച്ച് പൊതുജനങ്ങളിൽ അവബോധം ഉണ്ടാക്കി രോഗസാധ്യത കുറക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു ഇത്. മാർച്ച് 12 ഗ്ലോക്കോമ ദിനമായി ആചരിച്ചു വരുന്നു
*ഗ്ലോക്കോമ*
കണ്ണിൽ നിന്ന് തലച്ചോറിലേയ്ക്ക് കാഴ്ച്ചാസിഗ്നലുകൾ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് ഒരു പ്രത്യേക തരത്തിൽ കേടുപാടുണ്ടാക്കുന്ന അസുഖമാണ് ഗ്ലോക്കോമ (Glaucoma). തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ ഇത് ബാധിക്കുന്ന കണ്ണിന് സ്ഥായിയായ അന്ധതയുണ്ടാകും. കണ്ണിന്റെ ലെൻസിനും കോർണിയയ്ക്കും ഇടയിലുള്ള മുൻ ചേമ്പറിലും പിൻ ചേമ്പറിലുമുള്ള അക്വസ് ഹ്യൂമറിന്റെ മർദ്ദം വർദ്ധിക്കുന്നതുകൊണ്ടാണ് അസുഖമുണ്ടാകുന്നത്. “നേത്രാതിമർദ്ദം (ഓക്യുലാർ ഹൈപ്പർടെൻഷൻ)” എന്ന പ്രയോഗം ഗ്ലോക്കോമ ബാധിച്ചിട്ടുണ്ടെങ്കിലും ഒപ്റ്റിക് നാഡിക്ക് കേടുകളൊന്നുമില്ലാത്ത അവസ്ഥയെ വിളിക്കാറുണ്ട്. ആന്റീരിയർ ചേമ്പറിലെ മർദ്ദം കൂടിയിട്ടില്ലെങ്കിലും ഒപ്റ്റിക് നാഡിക്ക് കേടുള്ള അവസ്ഥയെ ‘നോർമൽ ടെൻഷൻ” ഗ്ലോക്കോമ എന്ന് വിളിക്കാറുണ്ട്.
മർദ്ദം വർദ്ധിക്കുന്നത് റെറ്റിനയിലെ ഗാംഗ്ലിയോൺ കോശങ്ങളെ ബാധിക്കും. കണ്ണിലെ മർദ്ദം 21 mmHg or 2.8 കി.Pa-നു മുകളിലാകുന്നത് ഗ്ലോക്കോമയുണ്ടാക്കാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കും. ഇത് ആദ്യമേകണ്ടുപിടിച്ചാൽ ഗ്ലോക്കോമ മൂലമുള്ള അന്ധത ഒഴിവാക്കാനും സാധിക്കും.
ഗ്ലോക്കോമ, കുട്ടികളിലെ ഗ്ലോക്കോമ, ഓപ്പൺ ആംഗിൾ ഗ്ലോക്കോമ, ക്ലോസ്ഡ് ആങ്കിൾ ഗ്ലോക്കോമ, നോർമൽ ടെൻഷൻ ഗ്ലോക്കോമ, ഉപോൽപ്പന്നപരമായ ഗ്ലോക്കോമ എന്നിങ്ങനെ പല വിഭാഗങ്ങളായി തിരിക്കാവുന്നതാണ്.
കണ്ണിലെ അക്വസ് അറയുടെ ആംഗിളിന് ജൻമനാ ഉണ്ടാകുന്ന തകരാറാണ് കുട്ടികളിലെ ഗ്ലോക്കോമയ്ക്ക് പ്രധാന കാരണം.
ഐറിസും കോർണിയയും തമ്മിലുള്ള കോണാണ് ആംഗിൾ എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്. ഇവിടെയുള്ള ട്രബിക്കുലാർ മെഷ്വർക്കിലൂടെയാണ് അക്വസ് ഹ്യൂമർ നീക്കം ചെയ്യപ്പെടുന്നത്. ക്ലോസ്ഡ് ആങ്കിൾ ഗ്ലോക്കോമ വേദന എന്ന ലക്ഷണത്തോടുകൂടി പെട്ടെന്നു കണ്ടുപിടിക്കപ്പെടും. അതിനാൽ ഇത് ചികിത്സിക്കപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. ഓപ്പൺ ആങ്കിൾ ഗ്ലോക്കോമയിൽ മർദ്ദം സാവധാനമാണ് വർദ്ധിക്കുന്നതെന്നതിനാൽ അന്ധത ബാധിച്ചതിനുശേഷമേ ഇത് ശ്രദ്ധയിൽ പെടുകയുള്ളൂ.
ഉപോൽപ്പന്നപരമായ ഗ്ലോക്കോമ തിമിരം, കണ്ണിലെ മുറിവുകൾ, അമിതമായ സ്റ്റീറോയ്ഡ് ഉപയോഗം എന്നിങ്ങനെ പല കാരണങ്ങൾ കൊണ്ട് ഉണ്ടാവാം
അന്ധത ബാധിച്ചതിനുശേഷം കൂടുതൽ രൂക്ഷമാകാതെ തടയാനേ സാധിക്കൂ. നഷ്ടപ്പെട്ട കാഴ്ച്ച (ഭാഗികമായത്) തിരിച്ചു നേടാൻ സാധിക്കില്ല. ലോകമാസകലമുള്ള കണക്കു നോക്കിയാൽ തിമിരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അന്ധതയ്ക്ക് കാരണമാകുന്നത് ഗ്ലോക്കോമയാണ്. 50 വയസ്സിൽ കൂടുതൽ പ്രായമുള്ള 200 പേരിൽ ഒരാൾക്കുവീതം ഗ്ലോക്കോമ ബാധയുണ്ട്. 80 വയസ്സിനു മേൽ പ്രായമുള്ളവരിൽ പത്തിലൊന്നു പേർക്കും ഈ അസുഖം കാണപ്പെടുന്നു.
ഗ്രീക്ക് ഭാഷയിലെ γλαύκωμα, എന്ന വാക്കിൽ നിന്നാണ് ഗ്ലോക്കോമ എന്ന പദത്തിന്റെ ഉത്ഭവം. “ലെൻസിന്റെ അതാര്യത” എന്നാണത്രേ ഗ്രീക്ക് വാക്കിന്റെ അർത്ഥം. (ഗ്ലോക്കോമയും തിമിരവും തമ്മിലുള്ള വ്യത്യാസം 1705 വരെ കണ്ടുപിടിക്കപ്പെട്ടിരുന്നില്ല).
*രോഗലക്ഷണങ്ങൾ*
ഓപ്പൺ ആംഗിൾ, ക്ലോസ്ഡ് ആങ്കിൾ എന്ന രണ്ടു പ്രധാന തരം ഗ്ലോക്കോമയാണുള്ളത്. അമേരിക്കയിലെ 90% ഗ്ലോക്കോമയും ഓപ്പൺ ആംഗിൾ തരമാണ്. ഇത് വേദനാരഹിതവും സാവധാനം പ്രശ്നമുണ്ടാക്കുന്നതുമായ ഇനമാണ്. സാവധാനത്തിൽ ദൃഷ്ടി മണ്ഡലം ചുരുങ്ങുന്നതാണ് രോഗലക്ഷണം. ഒഫ്താൽമോസ്കോപ്പ് ഉപയോഗിച്ചു പരിശോധിക്കുമ്പോൾ വ്യത്യാസങ്ങൾ കാണാനും സാധിക്കും. ലക്ഷണങ്ങൾ:
മങ്ങിയ പ്രകാശത്തിലെ കാഴ്ചക്കുറവ്
ഏതെങ്കിലും ഒരു ഭാഗം മാത്രം കാണാൻ സാധിക്കാതെ വരുക
നടക്കാൻ പ്രയാസം.
ഏഷ്യൻ രാജ്യങ്ങളിൽ പകുതിയോളം കേസുകളും ക്ലോസ്ഡ് ആങ്കിൾ ഗ്ലോക്കോമ എന്ന ഇനത്തിൽ പെടുന്നു. കണ്ണിന് പെട്ടെന്നുണ്ടാകുന്ന വേദന, പ്രകാശസ്രോതസ്സുകൾക്ക് ചുറ്റും പ്രകാശവലയം കാണുന്നതായി തോന്നുക, കണ്ണിലെ മർദ്ദം വളരെ ഉയർന്ന നിലയിലാവുക (>30 mmHg), മനംപിരട്ടലും ഛർദ്ദിയും, പെട്ടെന്ന് കാഴ്ച്ച കുറയുക, പ്യൂപ്പിൾ പകുതി വികസിച്ച് അനങ്ങാതെ കാണുക എന്നിവയൊക്കെയാണ് രോഗലക്ഷണങ്ങൾ. ക്ലോസ്ഡ് ആങ്കിൾ ഗ്ലോക്കോമ അടിയന്തര വൈദ്യസഹായം വേണ്ട ഒരു രോഗമാണ്.
*കാരണം*
കണ്ണിലെ മുന്നറയായ അക്വസ് അറയിൽ നിന്നും അക്വസ് ദ്രവത്തിന്റെ രക്തത്തിലേയ്ക്കുള്ള പുനരാഗിരണം തടസ്സപ്പെടുന്നത് മൂലം കണ്ണിൽ മർദ്ദം വർധിക്കുന്നതാണ് ഇതിന് കാരണം. ഗ്ലോക്കോമ മൂലം ദൃഷ്ടിപടലത്തിലെ (റെറ്റിന) പ്രകാശഗ്രാഹികൾക്കും നേത്രനാഡിക്കും ക്ഷതം സംഭവിക്കാനുള്ള സാധ്യതയുണ്ട്.